
അബുദാബി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ആറ് പ്രവാസികള്‍ക്ക് അബുദാബി ക്രിമിനല്‍ കോടതി 10 വര്‍ഷം വീതം തടവും ഒരു കോടി ദിര്‍ഹം വീതം പിഴയും ശിക്ഷ വിധിച്ചു. മൂന്ന് പാകിസ്ഥാനികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്കാണ് ശിക്ഷ ലഭിച്ചത്. മയക്കുമരുന്ന് കള്ളക്കടത്തില്‍ നിന്ന് ലഭിച്ച ഫണ്ടുകളുടെ ഉറവിടം മറച്ചുവെക്കാന്‍ സംശയാസ്പദമായ ബാങ്കിങ് ഇടപാടുകള്‍ നടത്തിയതിനാണ് ഇവര്‍ക്കെതിരെ ശിക്ഷ വിധിച്ചത്.
പ്രതികളില്‍ ഒരാളുടെ ഉടമസ്ഥതയിലുള്ള രണ്ട് കമ്പനികള്‍ക്കെതിരെയും നടപടിയെടുക്കും. പരസ്യ കമ്പനിക്കും ഇ കൊമേഴ്‌സ് കമ്പനിക്കുമെതിരെയാണ് നടപടി. ഇവ 5 കോടി ദിര്‍ഹം വീതം പിഴ അടയ്ക്കണം. ഇവരുടെ സ്വത്തുക്കളും കണ്ടുകെട്ടും. വിദേശത്ത് താമസിക്കുന്ന സംഘത്തിലെ അംഗങ്ങള്‍ യുഎഇയിലുള്ളയാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചായിരുന്നു മയക്കുമരുന്ന് ഇടപാട് നടത്തിയത്. ഈ തുക കമ്പനികളുടെ അക്കൗണ്ടിലേക്ക് മാറ്റി ഫോറിന്‍ എക്‌സ്‌ചേഞ്ചുകള്‍ വഴി പാകിസ്ഥാനിലേക്ക് അയച്ചിരുന്നു. അന്വേഷണത്തിനായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ കേസ് അബുദാബി ഫിനാന്‍ഷ്യല്‍ പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഇവരുടെ താമസസ്ഥലത്ത് നിന്ന് 20 ലക്ഷം ദിര്‍ഹം കണ്ടെടുത്തു. രണ്ടുപേര്‍ക്ക് കൂടി കള്ളപ്പണ ഇടപാടില്‍ ബന്ധം ഉണ്ടെങ്കിലും ഇവര്‍ക്ക് മയക്കുമരുന്ന് കേസില്‍ പങ്കില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ഒന്നാം പ്രതിയുടെ അക്കൗണ്ട് വഴി മാത്രം അമ്പതിലേറെ ഇടപാടുകള്‍ നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam