യുഎഇയില്‍ സമയത്ത് ശമ്പളം നല്‍കണം; തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍, ഇല്ലെങ്കില്‍ കര്‍ശന നടപടി

By Afsal EFirst Published Jul 28, 2022, 11:35 AM IST
Highlights

യുഎഇ മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രി ഡോ അബ്‍ദുല്‍ റഹ്‍മാന്‍ ബിന്‍ അബ്‍ദുല്‍ റഹ്മാന്‍ അല്‍ അവാര്‍ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി. മന്ത്രാലയത്തിന്റെ ഡേറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍, അവയുടെ വലിപ്പം പരിഗണിക്കാതെ തന്നെ, കൃത്യസമയത്ത് ശമ്പളം നല്‍കുന്നുണ്ടോയെന്ന്  ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കും.

അബുദാബി: തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി യുഎഇ അധികൃതര്‍. രാജ്യത്തെ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ കൊണ്ടുവന്ന പുതിയ ഭേദഗതികളില്‍, ശമ്പളം നല്‍കാത്ത തൊഴിലുടമകള്‍ക്കെതിരായ നിരവധി നടപടികളാണ് വിശദീകരിച്ചിട്ടുള്ളത്. ശമ്പളം നല്‍കുന്നതില്‍ വരുന്ന കാലതാമസം, സ്ഥാപനത്തിന്റെ വലിപ്പം, ശമ്പളം നല്‍കാത്ത തൊഴിലാളികളുടെ എണ്ണം എന്നിവ കണക്കാക്കിയാണ് ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നത്.

യുഎഇ മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രി ഡോ അബ്‍ദുല്‍ റഹ്‍മാന്‍ ബിന്‍ അബ്‍ദുല്‍ റഹ്മാന്‍ അല്‍ അവാര്‍ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി. മന്ത്രാലയത്തിന്റെ ഡേറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍, അവയുടെ വലിപ്പം പരിഗണിക്കാതെ തന്നെ, കൃത്യസമയത്ത് ശമ്പളം നല്‍കുന്നുണ്ടോയെന്ന്  ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കും. ഫീല്‍ഡ് പരിശോധനകള്‍ക്ക് പുറമെ ഇലക്ട്രോണിക് രേഖകളിലൂടെയും ഇത് സംബന്ധിച്ച പരിശോധനകള്‍ നടക്കും.

Read more: യുഎഇയിലെ കനത്ത മഴ; വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി അധികൃതര്‍

കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുകളും നോട്ടീസുകളും നല്‍കും. അതിന്മേല്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് പുതിയ  തൊഴില്‍ പെര്‍മിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവെയ്‍ക്കും. അന്‍പതിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് യഥാസമയം ശമ്പളം നല്‍കാതെ വന്നാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും പുതിയ ഭേദഗതിയില്‍ വിശദീകരിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ വിവരങ്ങള്‍ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷനും മറ്റ് പ്രാദേശിക, ഫെഡറല്‍ വകുപ്പുകള്‍ക്കും കൈമാറുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

നാല് മാസത്തിലധികം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്ത എല്ലാ സ്ഥാപനങ്ങള്‍ക്കും അവയുടെ വലിപ്പം പരിഗണിക്കാതെ തന്നെ പുതിയ തൊഴില്‍ പെര്‍മിറ്റുകള്‍ നല്‍കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തും. ഇത്തരം സ്ഥാപനങ്ങളുടെ ഉടമയുടെ പേരില്‍ മറ്റ് സ്ഥാപനങ്ങള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ടെങ്കില്‍ സമാനമായ നടപടികള്‍ എല്ലാ സ്ഥാപനങ്ങള്‍ക്കെതിരെയും സ്വീകരിക്കും. ഇത് ബാധിക്കുന്ന സ്ഥാപനങ്ങള്‍ക്കെല്ലാം അറിയിപ്പ് നല്‍കിയ ശേഷമായിരിക്കും നടപടി സ്വീകരിക്കുകയെന്നും മന്ത്രാലയം അറിയിച്ചു.

ആറ് മാസത്തിനകം വീണ്ടും ശമ്പളം നല്‍കുന്നതില്‍ വീഴ്‍ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തും. ഒപ്പം ഇത്തരം സ്ഥാപനങ്ങളെ യുഎഇ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ ക്ലാസിഫിക്കേഷന്‍ സംവിധാനത്തില്‍ തരംതാഴ്‍ത്തുകയും ചെയ്യും.

Read also: കനത്ത മഴയില്‍ ഫുജൈറയില്‍ വെള്ളപ്പൊക്കം; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്ത്

click me!