Asianet News MalayalamAsianet News Malayalam

യുഎഇയിലെ കനത്ത മഴ; വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി അധികൃതര്‍

വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് സംബന്ധിച്ച ക്രമീകരണങ്ങള്‍ വരുത്താന്‍ യുഎഇ ക്യാബിനറ്റ് എല്ലാ ഫെഡറല്‍ വകുപ്പുകളോടും ആവശ്യപ്പെട്ടു. ഒപ്പം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം ഇത് സംബന്ധിച്ച നോട്ടീസ് നല്‍കി. 

Remote work announced for public, private sector employees after heavy rain and flood reported in UAE
Author
Abu Dhabi - United Arab Emirates, First Published Jul 28, 2022, 10:19 AM IST

അബുദാബി: യുഎഇയില്‍ പെയ്‍ത കനത്ത മഴയുടെയും ചില പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തില്‍ അവശ്യ വിഭാഗങ്ങളില്‍ പെടാത്ത ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന ജോലി ചെയ്യാന്‍ അനുമതി. മഴക്കെടുതി നേരിടുന്ന പ്രദേശങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഇത്തരത്തില്‍ പ്രത്യേക ഇളവ് അനുവദിക്കുന്നതെന്ന് ബുധനാഴ്‍ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സ്വകാര്യ മേഖലയ്‍ക്കും ഇത് ബാധകമാണ്.

വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് സംബന്ധിച്ച ക്രമീകരണങ്ങള്‍ വരുത്താന്‍ യുഎഇ ക്യാബിനറ്റ് എല്ലാ ഫെഡറല്‍ വകുപ്പുകളോടും ആവശ്യപ്പെട്ടു. ഒപ്പം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം ഇത് സംബന്ധിച്ച നോട്ടീസ് നല്‍കി. അവശ്യ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ താമസ സ്ഥലത്തു നിന്ന് ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യുന്ന സമയം കൂടി ജോലി സമയമാക്കി കണക്കാക്കും. അസാധാരണമായ അടിയന്തര സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ എല്ലാ വിഭാഗങ്ങളുടെ താത്പര്യം പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെന്നും അറിയിപ്പില്‍ പറയുന്നു.

സിവില്‍ ഡിഫന്‍സ്, പൊലീസ്, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് സുരക്ഷാ വിഭാഗങ്ങള്‍, ജനങ്ങളുടെ വസ്‍തുകവകകള്‍ക്കും ഫാമുകള്‍ക്കുമുണ്ടാകുന്ന നഷ്‍ടങ്ങള്‍ സംബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി സപ്പോര്‍ട്ട് വിഭാഗങ്ങള്‍ തുടങ്ങിയവയെയാണ് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.  ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ ബുധനാഴ്‍ച ശക്തമായ മഴയാണ് ലഭിച്ചത്. ഫുജൈറയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. രക്ഷാപ്രവര്‍ത്തനത്തിന് യുഎഇ സൈന്യം രംഗത്തിറങ്ങിയിരുന്നു.

Read also: ഒമാനില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ യുവാവിനെ സിവില്‍ ഡിഫന്‍സ് രക്ഷിച്ചു

കനത്ത മഴയില്‍ ഫുജൈറയില്‍ വെള്ളപ്പൊക്കം; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്ത്
ഫുജൈറ: ബുധനാഴ്‍ച പെയ്‍ത കനത്ത മഴയില്‍ യുഎഇയിലെ ഫുജൈറയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും അടിയന്തര സഹായം എത്തിക്കാനും യുഎഇ സൈന്യം രംഗത്തിറങ്ങി. എമിറേറ്റിലെ പല സ്ഥലങ്ങളിലും റോഡുകളും വാദികളും നിറഞ്ഞുകവിഞ്ഞു. ചിലയിടങ്ങളില്‍ ജനങ്ങളുടെ താമസ സ്ഥലങ്ങളില്‍ വെള്ളം കയറി.

ഫുജൈറയില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടിരുന്നു. മറ്റ് എമിറേറ്റുകളിലെ ദുരന്ത നിവാരണ, രക്ഷാ പ്രവര്‍ത്തക സേനകളെ ഫുജൈറയിലും രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലും എത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കി. 

ഫുജൈറ അധികൃതരുമായി ചേര്‍ന്ന രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്‍ച ട്വീറ്റ് ചെയ്‍തു. കനത്ത മഴയില്‍ രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ കനത്ത വെള്ളപ്പൊക്കമാണ് ഉണ്ടായത്. ചില വീടുകള്‍ തകര്‍ന്നതായും വാഹനങ്ങള്‍ ഒലിച്ചുപോയതായും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

താമസ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടുപോയ ആളുകളെ സൈനികര്‍ എത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്‍ത കനത്ത മഴ കാരണമായി ഉണ്ടാകുന്ന അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ്, സിവില്‍ ഡിഫന്‍സ്, ദേശീയ ദുരന്ത നിവാരണ വിഭാഗം എന്നിവയുമായി സഹകരിച്ച് നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയവും അറിയിച്ചു.

Read also: ഒമാനിൽ മൂന്ന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി; നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

Follow Us:
Download App:
  • android
  • ios