കേരളത്തിന് 700 കോടി സഹായവുമായി യുഎഇ

Published : Aug 21, 2018, 12:28 PM ISTUpdated : Sep 10, 2018, 03:38 AM IST
കേരളത്തിന് 700 കോടി സഹായവുമായി യുഎഇ

Synopsis

സഹായം  സംബന്ധിച്ച് യുഎഇ ഭരണാധികാരികളില്‍ നിന്നും ഉറപ്പ് കിട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭ യോഗത്തിന് ശേഷം വ്യക്തമാക്കി.   

തിരുവനന്തപുരം: കേരളത്തിലെ പ്രളയദുരന്തത്തിന് സഹായമായി യുഎഇയുടെ 700 കോടി രൂപയുടെ സഹായ വാഗ്ദാനം. ഇത് സംബന്ധിച്ച് യുഎഇ ഭരണാധികാരികളില്‍ നിന്നും ഉറപ്പ് കിട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭ യോഗത്തിന് ശേഷം വ്യക്തമാക്കി. 

യുഎഇ ഗവണ്‍മെന്‍റ് നമ്മുടെ വിഷമത്തിലും സഹായത്തിലും സഹായിക്കാന്‍ തയ്യാറായിട്ടുണ്ട്. ഇത് പ്രധാനമന്ത്രിയുടെ അടുത്ത് അബുദാബി ക്രൗണ്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യന്‍ രാജകുമാരന്‍ സംസാരിച്ചിട്ടുണ്ട്. ഇന്നലെയാണ് ഇദ്ദേഹം പ്രധാനമന്ത്രിയുമായി സംസാരിച്ചത്. യുഎഇയുടെ സഹായമായി അവര്‍ നിശ്ചയിച്ചിരിക്കുന്നത് 700 കോടി രൂപയാണ്.

നമ്മുടെ വിഷമം മനസിലാക്കിയുള്ള ഒരു സഹായമാണിത്. ഇത്തരം ഒരു തീരുമാനം എടുക്കാന്‍ തയ്യാറായ യുഎഇ പ്രസിഡന്‍റ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ റാഷീദ് അല്‍ മക്തും, മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യന്‍ എന്നിവര്‍ക്ക് സംസ്ഥാനത്തിന്‍റെ നന്ദി അറിയിക്കുന്നു മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

നേരത്തെ തന്നെ കേരളത്തിലെ ജനങ്ങളെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് യുഎഇ ഭരണകൂടം അഭ്യര്‍ത്ഥിച്ചിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരിതമാണ് കേരളം അനുഭവിക്കുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു.

കേരളത്തിലെ ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കാന്‍ യുഎഇ പ്രത്യേക സമിതിക്കും രൂപം നല്‍കിയിരുന്നു. എമിറേറ്റ്സ് റെഡ് ക്രെസന്റിന്‍റെ നേതൃത്വത്തിലുള്ള സമിതിയില്‍ രാജ്യത്തെ പ്രമുഖ സന്നദ്ധസംഘനകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യു.എ.ഇയുടെ വിജയത്തിന് കേരള ജനതയുടെ പിന്തുണ എക്കാലവും ഉണ്ടായിരുന്നുവെന്നും പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് കഴിഞ്ഞ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടിരുന്നു. 

ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിന് 4കോടി രൂപ നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രളയ ദുരിതത്തില്‍ ദുഖം പങ്കുവെച്ച് യുഎഇ പ്രസിഡന്റും അബുദാബി അമീറുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് സന്ദേശം അയച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഡെപ്യൂട്ടി സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ എന്നിവരും കേരളത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന സന്ദേശം രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ട്.

അതേ സമയം മഹാപ്രളയത്തെ തോല്‍പ്പിച്ച് മുന്നേറാനുള്ള അതിജീവനത്തിന്‍റെ പോരാട്ടം നടത്തുകയാണ് കേരളം. ദുരിതം നല്‍കാനെത്തിയ പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട മലയാളി സമൂഹത്തെ രാജ്യമൊട്ടാകെ അഭിനന്ദിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളെ കൂടാതെ മത്സ്യത്തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിങ്ങനെ ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമാണ് കേരളത്തില്‍ നടന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ടപ്പോള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ കേരളത്തെ സഹായിക്കാനായി മുന്നോട്ട് വന്നു. ഇപ്പോള്‍ വേദനയില്‍ ഒപ്പം നിന്ന മറ്റു സംസ്ഥാനങ്ങള്‍ക്ക് നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് ധനമന്ത്രി ഡോ. തോമസ് ഐസക്. ആകെ 153 കോടി രൂപയാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

25 കോടി നല്‍കിയ തെലുങ്കാനയാണ് സാമ്പത്തികമായി കേരളത്തെ ഏറ്റവും വലിയ തുക നല്‍കി സഹായിച്ചത്. മഹാരാഷ്‍ട്ര 20 കോടി, ഉത്തര്‍പ്രദേശ് 15 കോടി, മധ്യപ്രദേശ്, ദില്ലി, പഞ്ചാബ്, കര്‍ണാടക, ബീഹാര്‍,ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ചത്തീസ്ഗഡ് എന്നിവര്‍ 10 കോടി, തമിഴ്നാട്, ഒഡീഷ അഞ്ച് കോടി, ആസാം മൂന്ന് കോടി എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ച സഹായം. ഇത് കൂടാതെ, തമിഴ്നാട്ടില്‍ നിന്ന് ഭക്ഷ്യസാധനങ്ങള്‍, മഹാരാഷ്‍ട്രയില്‍ നിന്ന് മെഡിക്കല്‍ ടീം തുടങ്ങി അനേകം മറ്റ് സഹായങ്ങളും കേരളത്തിന് ലഭിച്ചു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ എത്തി 500 കോടി രൂപയാണ് കേരളത്തിന് സഹായമായി പ്രഖ്യാപിച്ചത് കേരളം അടിയന്തര സഹായമായി ആവശ്യപ്പെട്ടത് 2000 കോടി ആയിരുന്നു. ആദ്യഘട്ടത്തില്‍ കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കേരളത്തിന് 100 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി