Gulf News : ആഗോള കൊവിഡ് മുക്തി പട്ടികയില്‍ യുഎഇ ഒന്നാമത്

By Web TeamFirst Published Dec 1, 2021, 11:34 PM IST
Highlights

വാക്‌സിനേഷന്‍ ഉള്‍പ്പെടെ കൊവിഡ് പ്രതിരോധത്തിന് രാജ്യങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങളും രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും അടിസ്ഥാനമാക്കിയാണ് ബ്ലൂംബെര്‍ഗ് കൊവിഡ് റിസൈലന്‍സ് പട്ടിക തയ്യാറാക്കിയത്.

അബുദാബി: കൊവിഡിനെ(Covid 19) പ്രതിരോധിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ രാജ്യങ്ങളുടെ ആഗോള പട്ടികയില്‍ യുഎഇ(UAE) ഒന്നാമത്. ബ്ലൂംബെര്‍ഗ് തയ്യാറാക്കിയ കൊവിഡ് മുക്തി പട്ടികയിലാണ് (Covid Resilience Ranking)യുഎഇ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്ത് ചിലിയാണ്(Chile). മൂന്നാം സ്ഥാനം ഫിന്‍ലാന്‍ഡും(Finland) നേടി.

100ല്‍ 203 ആണ് യുഎഇയുടെ കൊവിഡ് വാക്‌സിനേഷന്‍ നിരക്ക്. ജനസംഖ്യയില്‍ ഏതാണ്ട് മുഴുവന്‍ ആളുകള്‍ക്കും രണ്ട് ഡോസ് വാക്‌സിനും നല്‍കാന്‍ യുഎഇയ്ക്ക് സാധിച്ചു. വാക്‌സിനേഷന്‍ ഉള്‍പ്പെടെ കൊവിഡ് പ്രതിരോധത്തിന് രാജ്യങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങളും രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും അടിസ്ഥാനമാക്കിയാണ് ബ്ലൂംബെര്‍ഗ് കൊവിഡ് റിസൈലന്‍സ് പട്ടിക തയ്യാറാക്കിയത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഏറ്റവും കൂടുതല്‍ വിമാന റൂട്ടുകള്‍ തുറന്നു നല്‍കിയ രാജ്യങ്ങളുടെ പട്ടികയിലും യുഎഇ മുമ്പിലുണ്ട്. 406 വിമാന റൂട്ടുകളാണ് യുഎഇ തുറന്നിട്ടുള്ളത്. 

യുഎഇ ദേശീയ ദിനത്തില്‍ സൗജന്യമായി എക്‌സ്‌പോ സന്ദര്‍ശിക്കാം

യുഎഇ ദേശീയ ദിനത്തില്‍ എക്‌സ്‌പോ 2020 സൗജന്യമായി സന്ദര്‍ശിക്കാം. മെഗാ മേള സൗജന്യമായി സന്ദര്‍ശിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. രാജ്യത്തിന്റെ 50-ാം ദേശീയ ദിനത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. ഡിസംബര്‍ രണ്ടിന് യുഎഇ ദേശീയ ദിനത്തിലാണ് എക്‌സ്‌പോയിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുള്ളത്. രാവിലെ ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. നിലവില്‍ ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക് അത് ഉപയോഗിക്കുകയോ അന്നേ ദിവസം സൗജന്യ പ്രവേശനം നേടുകയോ ചെയ്യാം. കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. 18 വയസ്സിന് മുകളിലുള്ളവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിനെടുക്കാത്തവര്‍ കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. 

 രാവിലെ 10:15ന് അല്‍വസ്ല്‍ പ്ലാസയില്‍ പതാക ഉയര്‍ത്തും. ഏഴ് എമിറേറ്റുകളിലെ 60 എമിറാത്തി പൗരന്മാര്‍ പരമ്പരാഗത കലാപരിപാടികള്‍ അവതരിപ്പിക്കും. 12: 45ന് കളേഴ്‌സ് ഓഫ് വേള്‍ഡ് പരേഡ് ഉണ്ടാകും. ദുബൈ പൊലീസിന്റെ കുതിരസേനയും ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ച്ചിങ് ബാന്‍ഡും പരേഡില്‍ അണിനിരക്കും. യുഎഇ വ്യോമസേനയുടെ അഭ്യാസപ്രകനങ്ങളും ഉണ്ടാകും.  മൂന്ന് മണിക്കൂര്‍ നീളുന്ന സംഗീത പരിപാടികളും നടക്കും. രാത്രി 7.30നും 10.15നും അല്‍വസ്ല്‍ പ്ലാസയില്‍ യുഎഇയുടെ ചരിത്രം വിളിച്ചോതുന്ന 'ജേര്‍ണി ഓഫ് ദ് 50' ഷോ അരങ്ങേറും. ഇതില്‍ 200ല്‍ അധികം കലാകാരന്‍മാര്‍ അണിനിരക്കും. ദേശീയ ദിന അവധി ദിവസങ്ങളില്‍ രാത്രി എട്ടു മണിക്ക് അല്‍വസ്ല്‍ പ്ലാസയില്‍ വെടിക്കെട്ടും ഉണ്ടാകും. 

click me!