Latest Videos

UAE National Day : അമ്പതാണ്ടിന്റെ നിറവില്‍ യുഎഇ; രാജ്യമെങ്ങും വര്‍ണാഭമായ ആഘോഷങ്ങള്‍

By Web TeamFirst Published Dec 1, 2021, 9:16 PM IST
Highlights

ഔദ്യോഗിക പരിപാടികള്‍ക്ക് ഇത്തവണ വേദിയാകുന്നത് ഹത്തയാണ്. നാളെ വൈകുന്നേരം 5.30 മുതലാണ് പരിപാടികള്‍ അരങ്ങേറുക. ദുബൈയില്‍ അഞ്ച് സ്ഥലങ്ങളിലാണ് ഡിസംബര്‍ 2,3 തീയതികളില്‍ വെടിക്കെട്ട് സംഘടിപ്പിക്കുക. രാജ്യത്തെ പ്രധാന സ്ഥലങ്ങളും കെട്ടിടങ്ങളും ദേശീയ പതാകയുടെ നിറമണിയും.

അബുദാബി: അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സജ്ജമായി യുഎഇ(UAE). വെടിക്കെട്ടും(fireworks) വിവിധ കലാപരിപാടികളുമായി യുഎഇയ്ക്ക് ഇനി ആഘോഷത്തിന്റെ നാളുകള്‍. സുവര്‍ണ ജൂബിലിക്കൊപ്പം എക്‌സ്‌പോ 2020യ്ക്ക്(Expo 2020) ദുബൈ വേദിയാകുന്നതും ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നു.

ഔദ്യോഗിക പരിപാടികള്‍ക്ക് ഇത്തവണ വേദിയാകുന്നത് ഹത്തയാണ്. നാളെ വൈകുന്നേരം 5.30 മുതലാണ് പരിപാടികള്‍ അരങ്ങേറുക. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. വിവിധ ചാനലുകള്‍ വഴിയും മറ്റും തത്സമയ സംപ്രേക്ഷണം ഉണ്ടാകും. ഡിസംബര്‍ നാല് മുതല്‍ 12 വരെ പൊതുജനങ്ങള്‍ക്കായി പരിപാടികള്‍ ഉണ്ടാകും. വാക്‌സിനെടുത്തവര്‍ക്കോ 72 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം ഉള്ളവര്‍ക്കോ ആണ് പ്രവേശനം.

ദുബൈയില്‍ അഞ്ച് സ്ഥലങ്ങളിലാണ് ഡിസംബര്‍ 2,3 തീയതികളില്‍ വെടിക്കെട്ട് സംഘടിപ്പിക്കുക. രാജ്യത്തെ പ്രധാന സ്ഥലങ്ങളും കെട്ടിടങ്ങളും ദേശീയ പതാകയുടെ നിറമണിയും. ബുര്‍ജ് അല്‍ അറബ്, ബുര്‍ജ് ഖലീഫ, ഐന്‍ ദുബൈ, ദി ഫ്രെയിം ദുബൈ എന്നിവിടങ്ങള്‍ ഡിസംബര്‍ 2,3 തീയതികളില്‍ വൈകുന്നേരം ഏഴ് മണി മുതല്‍ രാത്രി 11 വരെ യുഎഇ ദേശീയ ദേശീയ പതാകയുടെ നിറം ചാര്‍ത്തും. ബുര്‍ജ് ഖലീഫ, ബുര്‍ജ് അല്‍ അറബ്, പോയിന്റെ, പാം ജുമൈറ, ദുബൈ ബ്ലൂ വാട്ടേഴ്‌സ് ഐലന്‍ഡ്, അബുദാബി യാസ് ഐലന്‍ഡ്, കോര്‍ണിഷ്, ഗ്ലോബല്‍ വില്ലേജ് എന്നിങ്ങനെ പ്രധാനപ്പെട്ട സ്ഥലങ്ങളെിലെല്ലാം വലിയ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുക.

യുഎഇ ദേശീയ ദിനത്തില്‍ സൗജന്യമായി എക്‌സ്‌പോ സന്ദര്‍ശിക്കാം

യുഎഇ ദേശീയ ദിനത്തില്‍ എക്‌സ്‌പോ 2020 സൗജന്യമായി സന്ദര്‍ശിക്കാം. മെഗാ മേള സൗജന്യമായി സന്ദര്‍ശിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. രാജ്യത്തിന്റെ 50-ാം ദേശീയ ദിനത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. ഡിസംബര്‍ രണ്ടിന് യുഎഇ ദേശീയ ദിനത്തിലാണ് എക്‌സ്‌പോയിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുള്ളത്. രാവിലെ ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. നിലവില്‍ ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക് അത് ഉപയോഗിക്കുകയോ അന്നേ ദിവസം സൗജന്യ പ്രവേശനം നേടുകയോ ചെയ്യാം. കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. 18 വയസ്സിന് മുകളിലുള്ളവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിനെടുക്കാത്തവര്‍ കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. 

 രാവിലെ 10:15ന് അല്‍വസ്ല്‍ പ്ലാസയില്‍ പതാക ഉയര്‍ത്തും. ഏഴ് എമിറേറ്റുകളിലെ 60 എമിറാത്തി പൗരന്മാര്‍ പരമ്പരാഗത കലാപരിപാടികള്‍ അവതരിപ്പിക്കും. 12: 45ന് കളേഴ്‌സ് ഓഫ് വേള്‍ഡ് പരേഡ് ഉണ്ടാകും. ദുബൈ പൊലീസിന്റെ കുതിരസേനയും ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ച്ചിങ് ബാന്‍ഡും പരേഡില്‍ അണിനിരക്കും. യുഎഇ വ്യോമസേനയുടെ അഭ്യാസപ്രകനങ്ങളും ഉണ്ടാകും.  മൂന്ന് മണിക്കൂര്‍ നീളുന്ന സംഗീത പരിപാടികളും നടക്കും. രാത്രി 7.30നും 10.15നും അല്‍വസ്ല്‍ പ്ലാസയില്‍ യുഎഇയുടെ ചരിത്രം വിളിച്ചോതുന്ന 'ജേര്‍ണി ഓഫ് ദ് 50' ഷോ അരങ്ങേറും. ഇതില്‍ 200ല്‍ അധികം കലാകാരന്‍മാര്‍ അണിനിരക്കും. ദേശീയ ദിന അവധി ദിവസങ്ങളില്‍ രാത്രി എട്ടു മണിക്ക് അല്‍വസ്ല്‍ പ്ലാസയില്‍ വെടിക്കെട്ടും ഉണ്ടാകും. 

 


 

click me!