
ദില്ലി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കുവൈത്തിന് പിന്നാലെ ഇന്ത്യയോട് മെഡിക്കല്‍ സംഘത്തെ അയയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് യുഎഇ. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന സംഘത്തെ അയയ്ക്കണമെന്ന് ഇന്ത്യയോട് യുഎഇ അഭ്യര്‍ത്ഥിച്ചതായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ഹിന്ദുസ്ഥാന്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.
യുഎഇയില്‍ നിന്നും ഇന്ത്യക്ക് രണ്ട് അഭ്യര്‍ത്ഥനകളാണ് ലഭിച്ചത്. വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് അവധിക്കെത്തി ഇന്ത്യയിലകപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെ തിരികെ കൊണ്ടുപോകുന്നതിനുള്ള അനുമതിയും കൊവിഡ് പ്രതിസന്ധിയില്‍ സഹായിക്കാന്‍ യുഎഇയിലേക്ക് ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തെ അയയ്ക്കണമെന്ന അഭ്യര്‍ത്ഥനയും യുഎഇ മുമ്പോട്ട് വെച്ചിട്ടുണ്ടെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടാഴ്ച മുമ്പാണ് ഡോക്ടര്‍മാരും പാരാമെഡിക്കല്‍ വിദഗ്ധരും ഉള്‍പ്പെടുന്ന ഇന്ത്യന്‍ മെഡിക്കല്‍ സംഘം കുവൈത്തിലെത്തിയത്. യുഎഇയില്‍ ദിവസേന ശരാശരി 500ഓളം പോര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. യുഎഇയിലെ ആശുപത്രികളില്‍ ഭൂരിപക്ഷവും ഇന്ത്യയില്‍ നിന്നടക്കമുള്ള ഡോക്ടര്‍മാരാണ്. വിമാന സര്‍വ്വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയതോടെ അവധിയില്‍ പോയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഉള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തിരികെയെത്താന്‍ കഴിയാത്ത സാഹചര്യമാണ്. ആരോഗ്യപ്രവര്‍ത്തകരെ തിരികെ കൊണ്ടുപോകുന്നതിനുള്ള വിമാനം തയ്യാറാണെന്ന് യുഎഇ അറിയിച്ചിട്ടുണ്ട്. യുഎഇയുടെ അഭ്യര്‍ത്ഥന കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്.
(ഫയല്‍ ചിത്രം- പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍)
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam