
റിയാദ് : ആഭ്യന്തര കലാപത്തെ തുടർന്ന് സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി രാജ്യത്ത് എത്തിക്കുന്നതിന് സൗദി അറേബ്യ വഹിച്ച പങ്കിനെ അഭിനന്ദിച്ചും നന്ദി പറഞ്ഞും വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ. റിയാദിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച 'കമ്മ്യുണിറ്റി ഇന്ററാക്ഷൻ വിത്ത് മിനിസ്റ്റർ വി മുരളിധരൻ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാക്കിയ ഓപ്പറേഷൻ കാവേരി ലക്ഷ്യം കാണുന്നതിന് ആവശ്യമായ സഹായം ചെയ്ത സൗദി ഭരണാധികാരികൾക്ക് പരിപാടിയില്‍വെച്ച് മന്ത്രി നന്ദി പറഞ്ഞു.
ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥർ, ജിദ്ദയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, മറ്റ് വോളണ്ടിയർമാർ തുടങ്ങി ഓപ്പറേഷന്റെ വിജയത്തിനായി കഠിനാധ്വാനം ചെയ്ത എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു. സൗദി സന്ദർശന വേളയിൽ മന്ത്രി, സൗദി അറേബ്യയുടെ വിദേശകാര്യ സഹമന്ത്രി വലീദ് അൽഖറൈജി, തൊഴിൽ സഹമന്ത്രിമാരായ ഡോ. അദ്‌നാൻ അൽ-നഈം, മന്ത്രി ഡോ. അഹമ്മദ് അൽ-സഹ്‌റാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ഊഷ്മളത പ്രകടമായ ഫലപ്രദവുമായിരുന്നു എല്ലാ കൂടിക്കാഴ്ചകളൂം എന്നദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കും ഇടയിൽ മനുഷ്യ പാലമായി പ്രവർത്തിക്കുന്ന 22 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികൾ ഇരു രാജ്യങ്ങൾക്കും നൽകിയ സംഭാവനകൾ ചെറുതല്ലല്ലെന്നും അവരെ കൂടി അഭിനന്ദിക്കാൻ ഈ അവസരം ഉപയോഗിക്കുന്നതായും മന്ത്രി പറഞ്ഞു. ഇന്ത്യൻ പ്രവാസികൾക്ക് സൗദി അറേബ്യയിൽ ലഭിക്കുന്ന എല്ലാ പരിഗണനക്കും സുരക്ഷക്കും പിന്തുണക്കും അദ്ദേഹം സൗദി ഭരണ നേതൃത്വത്തോട് നന്ദി പറഞ്ഞു. സൗദിയുടെ ചരിത്ര ടൂറിസ കേന്ദ്രമായ മസ്മക് കൊട്ടാരം, പുരാതന അറേബ്യയുടെ ചരിത്രം പറയുന്ന അൽ ദരിയ്യ എന്നിവിടങ്ങളിൽ മന്ത്രി സന്ദർശനം നടത്തി.
വ്യാഴം വെള്ളി ദിവസങ്ങളിലെ ബഹ്‌റൈൻ സന്ദർശനം പൂർത്തിയാക്കി അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും. അംബാസഡർ അധ്യക്ഷനായ ചടങ്ങിൽ സൗദിയിലെ വിവിധ പ്രവശ്യകളിൽ നിന്നുള്ള കമ്മ്യുണിറ്റി നേതാക്കൾ, പത്രപ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
Read also: പ്രവാസി സാമൂഹിക പ്രവർത്തകൻ സനു മഠത്തിലിന്റെ മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്‍കരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ