Latest Videos

മിഡില്‍ ഈസ്റ്റിലെ ആദ്യ മെറ്റാവേഴ്‍സ് മാന്‍ഷനുമായി യൂണിയന്‍ സ്‍ക്വയര്‍; ഡിജിറ്റല്‍ ആസ്‍തികളില്‍ ദുബൈ ഒന്നാമത്

By Web TeamFirst Published Apr 25, 2022, 6:51 PM IST
Highlights
  • അത്യാധുനിക വിര്‍ച്വല്‍ ആസ്‍തികളുടെ വ്യാപാരം എന്‍.എഫ്.ടി വഴി സാധ്യമാവും
  • 2022 മുതല്‍ 2028 വരെയുള്ള കാലയളവില്‍ മെറ്റാവേഴ്‍സ് റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് രംഗത്ത് 31 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
  • ദുബൈയില്‍ എന്‍.എഫ്.ടിയിലൂടെയുള്ള വെബ്‍3 ആപ്ലിക്കേഷനുകള്‍ വഴി ഏറ്റവുമധികം നേട്ടങ്ങള്‍ ലഭിക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയ്‍ക്ക് ആയിരിക്കും.

ദുബൈ: ദുബൈയിലെ മള്‍ട്ടി ബില്യന്‍ ദിര്‍ഹം റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് സ്ഥാപനമായ യൂണിയന്‍ സ്‍ക്വയര്‍ ഹൗസിന്റെ (യു.എസ്.എച്ച്) നേതൃത്വത്തില്‍, മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ആദ്യത്തെ മെറ്റാവേഴ്‍സ് മാന്‍ഷന് ഈ വര്‍ഷം തുടക്കമാവും. ദുബൈയിലെ പൊതു - സ്വകാര്യ മേഖലകള്‍ വെബ്3 ആപ്ലിക്കേഷനുകള്‍ നടപ്പാക്കുന്നതില്‍ മുന്‍നിരയിലേക്ക് കുതിക്കുന്ന സമയത്ത് കൂടിയാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമാവുന്നത്.

നോണ്‍ ഫന്‍ജിബിള്‍ ടോക്കണ്‍സ് എന്ന എന്‍.എഫ്.ടി ദുബൈയില്‍ കുടുതലായി ഉപയോഗിക്കപ്പെടുകയാണ്. പ്രാഥമികമായി ഇതിന്റെ പ്രയോജനം ലഭിക്കുന്ന മേഖലകളിലൊന്ന്  റിയല്‍ എസ്റ്റേറ്റ് രംഗമാണ്. വികേന്ദ്രീകൃത, പീര്‍ ടു പീര്‍ നെറ്റ്‍വര്‍ക്കുകളിലൂടെ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന വെബ്3 ആപ്ലിക്കേഷനുകളില്‍ നിന്ന് ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നതും റിയല്‍ എസ്റ്റേറ്റ് മേഖലയ്‍ക്കായിരിക്കും.

അടുത്തിടെയുള്ള മാര്‍ക്കറ്റ് ഡേറ്റ അനുസരിച്ച് 2021ല്‍ മെറ്റാവേഴ്‍സിലെ റിയല്‍ എസ്റ്റേറ്റ് വില്‍പന 500 മില്യന്‍ ഡോളറിലെത്തിയിട്ടുണ്ട്. 2022ല്‍ ഇത് ഇരട്ടിയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2022 മുതല്‍ 2028വരെയുള്ള കാലയളവില്‍ മെറ്റാവേഴ്‍സ് റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് 31 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കമെന്നാണ് പ്രവചനം. 

വിര്‍ച്വല്‍ ലോകവും അതിന്റെ സാധ്യതകളും ഏറെ പരിചിതമായ ദുബൈയിലെ നിക്ഷേപക സമൂഹത്തെയും യുവജനങ്ങളെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് അത്യാഡംബര ഡിജിറ്റല്‍ പ്രോപ്പര്‍ട്ടികളാണ് എന്‍.എഫ്.ടി വഴി യു.എസ്.എച്ച് ഒരുക്കുന്നത്. ഇവയ്‍ക്ക് പൂരകമായി യഥാര്‍ത്ഥ ആസ്‍തികള്‍ ഉണ്ടായിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം.

അടുത്തിടെ മിഡില്‍ ഈസ്റ്റിലെ ആദ്യ മെറ്റാവേഴ്‍സ് ഇന്‍കുബേറ്ററായ മെറ്റാഇന്‍കുബേറ്ററിന് ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ തുടക്കം കുറിച്ചിരുന്നു. ലോകത്തു തന്നെ മെറ്റാവേഴ്‍സിലെ ആദ്യ സാമ്പത്തിക ഉച്ചകോടിയായിരുന്ന ഇന്‍വെസ്റ്റോപ്പിയ ഇന്‍വെസ്റ്റ്മെന്റ് സമ്മിറ്റ് സംഘടിപ്പിച്ചത് യുഎഇ സാമ്പത്തികകാര്യ മന്ത്രാലയമാണ്. ജനങ്ങള്‍ക്ക് വിര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ ആരോഗ്യ സംബന്ധമായ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള ഒരു മെറ്റാവേഴ്‍സ് പ്ലാറ്റ്ഫോം അടുത്തിടെ യുഎഇ ആരോഗ്യ - പ്രതിരോധ മന്ത്രാലയം വികസിപ്പിച്ചെടുക്കുകയും ചെയ്‍തു. സ്വകാര്യ മേഖലയില്‍ ദുബൈ ആസ്ഥാനമായുള്ള മെറ്റാവേഴ്‍സ് സ്‍റ്റാര്‍ട്ടപ്പ് Eikonikos രണ്ട് മില്യന്‍ ഡോളറിന്റെ പ്രീ സീഡ് ഫണ്ടിങ് സമാഹരിച്ചു.

റിയല്‍ എസ്റ്റേറ്റ് അടക്കമുള്ള നിരവധി മേഖലകളില്‍ സുപ്രധാന മാറ്റം വരാനിരിക്കുന്ന വെര്‍ച്വല്‍ ലോകത്തെക്കുറിച്ച് തങ്ങള്‍ക്കുള്ള ഉറച്ച വിശ്വാസത്തോടെയാണ് മെറ്റാവേഴ്‍സ് രംഗത്തേക്ക് കാല്‍വെയ്‍ക്കുന്നതെന്ന് യൂണിയന്‍ സ്‍ക്വയര്‍ ഹൗസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമാ ഗൗരവ് ഐദസനി പറ‌ഞ്ഞു. ഭാവിയില്‍ റിയല്‍ എസ്‍റ്റേറ്റ് ഉള്‍പ്പെടെയുള്ള വിര്‍ച്വല്‍ ആസ്‍തികള്‍ സ്വന്തമാക്കുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ മെറ്റാവേഴ്‍സില്‍ പ്രയോജനം ലഭിക്കും. യുവാക്കള്‍ ഭൂരിപക്ഷമുള്ള ദുബൈ പോലുള്ള നാളെയുടെ നഗരങ്ങളില്‍ ജനങ്ങള്‍ ഡിജിറ്റല്‍ ആസ്‍തികളുടെ പ്രാധാന്യം മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ ആസ്‍തികള്‍ സ്വന്തമാക്കുന്നതിന് പുറമെ, ഡിജിറ്റര്‍ മാന്‍ഷനുകളില്‍ നിക്ഷേപിക്കുന്നതു വഴി ഓഗ്‍മെന്റ‍ഡ് റിയാലിറ്റി ഉപയോഗിച്ച് തങ്ങളുടെ പ്രോപ്പര്‍ട്ടികള്‍ കാണാനും ഡിജിറ്റല്‍ അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഉപയോക്താക്കളുമായി ആശയവിനിമയം നടത്താനും സാധിക്കും.

'ഡിജിറ്റല്‍ റിയല്‍ എസ്റ്റേറ്റ് ഇപ്പോള്‍ തന്നെ മുഖ്യധാരയിലെത്തിക്കഴിഞ്ഞുവെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. വിര്‍ച്വല്‍ ആസ്‍തികള്‍ വാങ്ങാന്‍ നിരവധി ധനകാര്യ സ്ഥാപനങ്ങള്‍ വായ്‍പ നല്‍കുന്നുണ്ട്. ഇവയെല്ലാം ഡിജിറ്റല്‍ പ്രോപ്പര്‍ട്ടികള്‍ക്ക് പുതിയ ഊര്‍ജം പകര്‍ന്നു. മെറ്റാവേഴ്‍സിലെ നിക്ഷേപകര്‍ക്ക് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ വിര്‍ച്വല്‍ ആസ്‍തികളുടെ മൂല്യം ഇരട്ടിയാക്കാന്‍ സാധിക്കും' - ഗൗരവ് പറഞ്ഞു.

ദുബൈയിലെ സാമ്പത്തിക രംഗത്തിന്റെ സുസ്ഥിര വളര്‍ച്ചയും കൊവിഡ് മഹാമാരിയെ നേരിടുന്നതില്‍ രാജ്യം കാഴ്‍ചവെച്ച കരുത്തും ആഗോള നിക്ഷേപകര്‍ക്കിടയിലും ദുബൈയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമിടയിലും ആഗോള അടിസ്ഥാനത്തില്‍ തന്നെ മതിപ്പ് വര്‍ദ്ധിപ്പിച്ചു. ശുഭാപ്‍തി വിശ്വാസവും മാര്‍ക്കറ്റിലെ മതിപ്പും ഡിജിറ്റല്‍ ലോകത്ത് മാത്രമല്ല, അല്ലാതെയും കൂടുതല്‍ നിക്ഷേപകരെ ഇവിടേക്ക് ആകര്‍ഷിക്കുകയാണ്.

സര്‍ക്കാറിന്റെ ഉദ്യമങ്ങളും ഉപഭോക്തൃ സംതൃപ്‍തി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മൂല്യാധിഷ്‍ഠിതരായ ഒരു പ്രൊഫഷണല്‍ ടീമിന്റെ പ്രവര്‍ത്തന മികവുമാണ് മെറ്റാവേഴ്‍സ് രംഗത്തേക്കുള്ള യു.എസ്.എച്ചിന്റെ ചുവടുവെപ്പിന് അടിസ്ഥാനം.

ദുബൈയിലെ ഏറ്റവും മികച്ച റിയല്‍ എസ്റ്റേറ്റ് ഏജന്‍സികളില്‍ ഒന്നാം സ്ഥാനം അടുത്തിടെ യു.എസ്.എച്ച് അവകാശപ്പെട്ടിരുന്നു. എമാര്‍ പ്രോപ്പര്‍ട്ടീസിന്റെ ടോപ്പ് റിയല്‍ എസ്റ്റേറ്റ് ഏജന്‍സി അവാര്‍ഡ് തുടര്‍ച്ചയായ പത്താം തവണയും ലഭിച്ചതിന് പുറമെ, തുടര്‍ച്ചയായി ഏഴ് തവണ ദുബൈ പ്രോപ്പര്‍ട്ടീസിന്റെ പുരസ്‍കാരവും, തുടര്‍ച്ചയായി രണ്ട് തവണ മെരാസ് പ്രോപ്പര്‍ട്ടീസ് പുരസ്‍കാരവും, RERA പുരസ്‍കാരം (2021), ദുബൈ ഹോള്‍ഡിങ് പുരസ്‍കാരം (2021), DAMAC പ്രോപ്പര്‍ട്ടീസ് പുരസ്‍കാരം (2021) എന്നിവയും സ്വന്തമാക്കി. മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പിന്റെ ഫസ്റ്റ് പെര്‍ഫോമിങ് പാര്‍ട്ണര്‍ 2021, നഖീല്‍ ടോപ്പ് പെര്‍ഫോര്‍മിങ് നമ്പര്‍ ടൂ ഏജന്‍സി 2021, ഡിസ്‍ട്രിക്സ് വണ്‍ മെയ്‍ദന്‍ നമ്പര്‍ വണ്‍ ഏജന്‍സി 2021 എന്നിവയാണ് മറ്റ് പുരസ്‍കാരങ്ങള്‍.

click me!