
വാഷിംഗ്ടൺ: ഇന്ത്യ-പാകിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചതെന്ന് താനാണെന്ന് വീണ്ടും അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തീരുവാ ഭീഷണി ഉയർത്തിയത് കൊണ്ടാണ് യുദ്ധം അവസാനിച്ചത്. സംഘർഷം നിർത്തിയില്ലെങ്കിൽ വ്യാപാര കരാര്‍ നടക്കില്ലെന്ന് മോദിയോട് പറഞ്ഞു. തുടർന്ന് അഞ്ച് മണിക്കൂറിനുള്ളിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചെന്നും ട്രംപ് അവകാശപ്പെടുന്നു. വൈറ്റ് ഹൗസിൽ കാബിനറ്റ് യോഗത്തിനിടെയാണ് ട്രംപിന്‍റെ അവകാശവാദം.
അതേസമയം, ഇന്ത്യയ്ക്ക് ഡോണൾഡ് ട്രംപ് ചുമത്തിയ അധിക തീരുവ നാളെ രാവിലെ നിലവിൽ വരാനിരിക്കെ ചർച്ച നടത്തുകയാണ് ഇന്ത്യയും അമേരിക്കയും. പ്രതിരോധ, വിദേശകാര്യ തലത്തിലെ ടു പ്ലസ് ടു ചർച്ചയാണ് ഇരു രാജ്യങ്ങളും ഇന്നലെ വെർച്ച്വലായി നടത്തിയത്. പ്രതിരോധ രംഗത്തെ സഹകരണത്തിന് അടുത്ത പത്ത് കൊല്ലത്തേക്കു കൂടി ചട്ടക്കൂട് ഉണ്ടാക്കാനുള്ള കരാർ ഒപ്പിടുന്നത് ചർച്ചയായി. വ്യാപാര വിഷയങ്ങളും ചർച്ചയായെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ, തീരുവ വിഷയത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചോ എന്ന് വ്യക്തമല്ല. തീരുവയെക്കുറിച്ച് സംസാരിക്കാൻ ഡോണൾഡ് ട്രംപ് നാല് വട്ടം നരേന്ദ്ര മോദിയെ വിളിച്ചിട്ടും ഫോണിൽ വരാൻ മോദി തയ്യാറായില്ലെന്ന റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നിരുന്നു. ജർമ്മൻ പത്രം നല്‍കിയ റിപ്പോർട്ട് വിദേശകാര്യമന്ത്രാലയം നിഷേധിച്ചിട്ടില്ല.
നരേന്ദ്ര മോദിയെ ട്രംപ് വിളിക്കാൻ നോക്കിയെന്ന റിപ്പോർട്ടിനോട് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല. അതേസമയം, ജർമ്മൻ പത്രത്തിൻ്റെ റിപ്പോർട്ട് സർക്കാർ തള്ളികളയുന്നില്ല. അതേസമയം, യുഎസ് തീരുവയുടെ പശ്ചാത്തലത്തിൽ ചില ടെക്സ്റ്റൈൽസ് യൂണിറ്റുകൾ താല്ക്കാലികമായി പ്രവർത്തനം നിറുത്തിയെന്ന് റിപ്പോർട്ടുണ്ട്. അതിനിടെ, വ്യാപാര കരാറിന് അന്തിമ രൂപം നല്‍കാനാകുമെന്ന് യുഎസിലെ മുൻ അംബാസഡറും എംപിയുമായ ഹർഷ് വർദ്ധൻ ശ്രിംഗ്ള പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ