അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് സൗദി അറേബ്യയിലെത്തും

By Web TeamFirst Published Jul 15, 2022, 2:00 PM IST
Highlights

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചതാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബൈഡന്‍ സൗദി അറേബ്യയിലെത്തുന്നത്.

റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് സൗദി അറേബ്യയിലെത്തും. ഇസ്രയേലില്‍ നിന്നാണ് അദ്ദേഹം ജിദ്ദയില്‍ എത്തുന്നത്. സൗഹൃദ രാജ്യങ്ങളായ അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ചരിത്രപരമായ  പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള ബൈഡന്റെ ആദ്യ സൗദി സന്ദര്‍ശനമാണിത്.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചതാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബൈഡന്‍ സൗദി അറേബ്യയിലെത്തുന്നത്. വെള്ളിയാഴ്ച രാത്രി ജോ ബൈഡന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും കൂടിക്കാഴ്‍ച നടത്തുമെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്‍ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞു. 

 ശനിയാഴ്ച സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന ആദ്യ അറബ് - അമേരിക്കന്‍ ഉച്ചകോടിയില്‍ ബൈഡന്‍ പങ്കെടുക്കും. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്ക് പുറമെ ജോര്‍ദാന്‍ രാജാവ് അബ്‍ദുല്ല രണ്ടാമന്‍, ഈജിപ്‍ഷ്യന്‍ പ്രസിഡന്റ് അബ്‍ദുല്‍ ഫത്താഹ് അല്‍ സീസി, ഇറാഖ് പ്രധാനമന്ത്രി മുസ്‍തഫ അല്‍ ഖാദിമി തുടങ്ങിയിവരും ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചകോടിക്ക് മുന്നോടിയായി ബൈഡന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

Read also:  ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെയുണ്ടായത് വന്‍ കതിച്ചുചാട്ടം

ഇസ്രയേല്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളുടെയും വിമാനങ്ങള്‍ക്കായി വ്യോമപാത തുറന്ന് സൗദി അറേബ്യ
റിയാദ്: ഇസ്രയേല്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലെയും വിമാനങ്ങള്‍ക്കായി വ്യോമപാത തുറന്നുകൊടുത്ത് സൗദി അറേബ്യ. നിബന്ധനകള്‍ പാലിക്കുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും സൗദി അറേബ്യയുടെ വ്യോമപാത ഉപയോഗിക്കാമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് ഇസ്രയേലില്‍ നിന്ന് സൗദി അറേബ്യയിലെത്തുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം.

വെള്ളിയാഴ്ച രാവിലെയാണ് സൗദി അറേബ്യയുടെ സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്. തീരുമാനത്തെ ജോ ബൈഡന്‍ സ്വാഗതം ചെയ്‍തതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്‍ടാവ് ജെയ്‍ക് സളിവന്‍ അറിയിച്ചു. യാത്രാ വിമാനങ്ങള്‍ക്കിടയില്‍ വിവേചനം പാടില്ലെന്ന അന്താരാഷ്‍ട്ര ചട്ടങ്ങള്‍ പാലിച്ചാണ് എല്ലാ വിമാനക്കമ്പനികള്‍ക്കുമായി വ്യോമപാത തുറന്നുകൊടുക്കുന്നതെന്ന് അറിയിച്ചിട്ടുണ്ട്. ഒപ്പം മൂന്ന് ഭൂഖണ്ഡങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന ആഗോള ഹബ്ബെന്ന നിലയിലുള്ള സൗദി അറേബ്യയുടെ സ്ഥാനം കണക്കിലെടുത്തും അന്താരാഷ്‍ട്ര വ്യോമ ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനും വേണ്ടിയാണ് തീരുമാനമെന്നും സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോരിറ്റി പറയുന്നു.

click me!