
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയയിൽ താമസസ്ഥലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന പ്രവാസിയുടെ കാറിന്റെ ചില്ല് തകർത്ത് മോഷണം. കാറിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ, ഔദ്യോഗിക രേഖകൾ അടങ്ങിയ പഴ്സ്, പണം എന്നിവയാണ് മോഷ്ടാക്കൾ കവർന്നത്. മോഷണത്തെ തുടർന്ന് പ്രവാസി പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കാർ ഉടമ ഫർവാനിയ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. രാവിലെ കെട്ടിടത്തിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് ചെന്നപ്പോഴാണ് ഒരു വശത്തെ ചില്ല് തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനകത്തുണ്ടായിരുന്ന വിലപ്പെട്ട സാധനങ്ങളും പണവും നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടത്.
ബിസിനസ്സ് പരമായോ വ്യക്തിപരമായോ തനിക്ക് ആരുമായും യാതൊരുവിധ തർക്കങ്ങളോ ശത്രുതയോ ഇല്ലെന്നും, അതിനാൽ ആരെയും സംശയിക്കുന്നില്ലെന്നും പരാതിക്കാരൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. നിർബന്ധിതമായി കാർ തുറന്ന് മോഷണം നടത്തിയതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ഫോറൻസിക് വിദഗ്ധർ കാറിൽ നിന്നും പരിസരത്തുനിന്നും വിരലടയാളങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. കേസ് കൂടുതൽ അന്വേഷണത്തിനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് കൈമാറിയിട്ടുണ്ട്. പ്രതിയെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമുള്ള ഊർജ്ജിത ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam