
ദോഹ: വന്ദേ ഭാരത് യാത്രയ്ക്ക് നല്‍കിയ ഇളവുകള്‍ പിന്‍വലിച്ച ഖത്തര്‍ കഴിഞ്ഞ ദിവസം മുടങ്ങിയ ദോഹ തിരുവനന്തപുരം വിമാനത്തിന് സര്‍വീസ് നടത്താന്‍ അനുമതി നല്‍കി. പണം വാങ്ങി ഇന്ത്യ പൗരന്മാരെ കൊണ്ടുപോകുന്ന നിലപാടാണ് സര്‍വീസിന് അനുമതി നിഷേധിക്കാന്‍ കാരണമായത്. അതേസമയം പൊതുമാപ്പിൽ മടങ്ങുന്ന പന്ത്രണ്ടായിരത്തോളം ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന കുവൈത്തിന്റെ അറിയിപ്പിനോട് പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
ഇന്നലെ മുടങ്ങിയ ദോഹ തിരുവനന്തപുരം വിമാനം നാളെ ഇന്ത്യൻ സമയം വൈകിട്ട് ഏഴിന് ഖത്തറിൽ നിന്ന് പുറപ്പെടും. അർധരാത്രി 12.40ന് തിരുവനന്തപുരത്തെത്തും. എന്നാല്‍ വിമാനത്താവളത്തിലെ ലാൻഡിങ് ചാര്‍ജ്, ഹാൻഡ്‌ലിങ്, കൗണ്ടർ ചാർജ് ഉൾപ്പെടെയുള്ള നിരക്കുകളില്‍ ഇന്ത്യയ്ക്ക് നല്‍കിയ ഇളവുകള്‍ പിന്‍വലിക്കാന്‍ ഖത്തര്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. പൗരന്മാര്‍ക്ക് വേണ്ടി സൗജന്യ രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്ന് ഇന്ത്യ ഖത്തറിനെ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ഇളവ് അനുവദിച്ചത്.
കഴിഞ്ഞ ദിവസം ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യവിമാനം പുറപ്പെട്ട ശേഷമാണ് യാത്രക്കാരോട് പണം ഈടാക്കുന്നകാര്യം ഖത്തര്‍ മനസിലാക്കിയത്. ഇത്തരത്തില്‍ സര്‍വീസ് നടത്താന്‍ ഖത്തര്‍ എയര്‍വേയ്സ് തയ്യാറാണെന്ന് ഖത്തറും നിലപാടെടുത്തു. എന്നാല്‍ ഇതിന് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം തയാറാവാത്തതിനെ തുടര്‍ന്നാണ് ഇന്നലെ വിമാനം ഇറക്കുന്നതിന് ഖത്തര്‍ അനുമതി നിഷേധിച്ചത്.
എന്നാല്‍ വാര്‍ത്ത കേന്ദ്രവിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ഖത്തറില്‍ നിന്നുള്ള ചില യാത്രകാര്‍ക്ക് നിയമപ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് അനുമതി കിട്ടാത്തതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ അത്തരം യാത്രക്കാര്‍ക്ക് മാത്രമേ എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാതിരിക്കൂ. അതിന് വിമാനത്തിന് ഇറങ്ങാന്‍ അനുമതി നിഷേധിക്കേണ്ടകാര്യമില്ലെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
പൊതുമാപ്പിൽ മടങ്ങുന്ന പന്ത്രണ്ടായിരത്തോളം ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന കുവൈത്തിന്റെ അറിയിപ്പിനോട് ഇന്ത്യ കാര്യമായി പ്രതികരിച്ചിട്ടില്ല. എമിറേറ്റ്സ്, ഇത്തിഹാദ് ഉൾപ്പെടെയുള്ള ഗൾഫ് വിമാന കമ്പനികളും ഇന്ത്യയിലേക്ക് സർവീസ് നടത്താൻ സജ്ജമാണ്. യാത്രക്കാരിൽ നിന്ന് പണം വാങ്ങിയുള്ള സർവീസ് ആണ് എയർ ഇന്ത്യ നടത്തുന്നത് എങ്കിൽ തങ്ങളുടെ വിമാനത്തിനും അനുമതി വേണമെന്നു കൂടുതൽ ഗൾഫ് നാടുകൾ നിലപാട് എടുക്കാൻ സാധ്യതയുണ്ട്.
"
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ