വന്ദേ ഭാരത് ദൗത്യം: പ്രവാസികളുമായി ഇന്ന് രണ്ട് വിമാനങ്ങൾ കേരളത്തിലെത്തും

By Web TeamFirst Published May 11, 2020, 6:27 AM IST
Highlights

ബഹ്റിനിൽ നിന്നുള്ള വിമാനം കരിപ്പൂരിലേക്കും ദുബൈയിൽ നിന്നുള്ള വിമാനം കൊച്ചിയിലേക്കുമാണ് സർവീസ് നടത്തുന്നത്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികളെ തിരിച്ചെത്തിക്കാൻ ആരംഭിച്ച വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഇന്ന് രണ്ട് വിമാനങ്ങൾ കൂടി കേരളത്തിലെത്തും. ബഹ്റിനിൽ നിന്നുള്ള വിമാനം കരിപ്പൂരിലേക്കും ദുബൈയിൽ നിന്നുള്ള വിമാനം കൊച്ചിയിലേക്കുമാണ് സർവീസ് നടത്തുന്നത്. 

രാത്രി 11.20ന് 184 യാത്രക്കാരുമായാണ് ബഹ്റിനിൽ നിന്നുള്ള വിമാനം എത്തുന്നത്. രാത്രി 8.10നാണ് ദുബെയിൽ നിന്നും കൊച്ചിയിലേക്ക് വിമാനമെത്തുന്നത്.

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി രണ്ട് കുട്ടികൾ ഉൾപ്പടെ 179 പ്രവാസികളുമായി മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വിമാനമെത്തി. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുള്ളവരും വിമാനത്തിലുണ്ടായിരുന്നു. കോയമ്പത്തൂർ, ബെംഗളൂരു, പുണെ സ്വദേശികളായി പത്ത് പേർ ഈ വിമാനത്തിൽ കൊച്ചിയിലെത്തി. ഇവരുടെ വൈദ്യ പരിശോധനകൾ വിമാനത്താവളത്തിൽ തുടരുകയാണ്.

കഴിഞ്ഞ ദിവസമെത്തിയ പ്രവാസികളിൽ കളമശ്ശേരി മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രിയിലുമായി 8 പേരെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നത്തെ പരിശോധനക്ക് ശേഷം പ്രവാസികളിൽ രോഗലക്ഷമുണ്ടെങ്കിൽ കളമശ്ശേരിയിലേക്കും ഇല്ലെങ്കിൽ അതാത് ജില്ലകളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കും അയക്കും.ഇതരസംസ്ഥാനക്കാർ കൊച്ചിയിൽ തന്നെ ക്വാറന്റൈനിൽ തുടരും.

click me!