പായ്ക്കപ്പല്‍ പ്രദര്‍ശനം മുതല്‍ ചലച്ചിത്ര മേള വരെ; ലോകകപ്പിനെത്തുന്നവര്‍ക്കായി ഖത്തര്‍ ഒരുക്കുന്നത്...

By Web TeamFirst Published Aug 19, 2022, 5:36 PM IST
Highlights

ഖത്തറിന്റെ സാംസ്‌കാരിക ഗ്രാമമായ കത്താറ കള്‍ചറല്‍ വില്ലേജില്‍ കത്താറ രാജ്യാന്തര പായ്ക്കപ്പല്‍ മേള, കത്താറ ആര്‍ട്ട് ഫെസ്റ്റിവല്‍, അല്‍ തുറായ പ്ലാനിറേറ്റിയം ഷോകള്‍, സ്ട്രീറ്റ് ചൈല്‍ഡ് ലോകകപ്പ് എന്നിവയക്കമുള്ള പ്രദര്‍ശനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

ദോഹ: ഫിഫ ലോകകപ്പിനായി ഖത്തര്‍ തയ്യാറായിരിക്കുകയാണ്. ലോകകപ്പിനായി ഖത്തറിലെത്തുമ്പോള്‍ രാജ്യം ഒരുക്കിയിരിക്കുന്ന കൗതുക കാഴ്ചകള്‍ കൂടി കാണാനുള്ള ആകാംഷയിലാണ് ഫുട്‌ബോള്‍ ആരാധകര്‍. ഫാന്‍ സോണുകളിലെ വിനോദ പരിപാടികള്‍ക്ക് പുറമെ പരമ്പരാഗത പായ്ക്കപ്പല്‍ പ്രദര്‍ശനം മുതല്‍ ചലച്ചിത്ര മേള വരെ നിരവധി കാഴ്ചകളാണ് ഖത്തര്‍ ഒരുക്കുന്നത്.

ഖത്തറിന്റെ സാംസ്‌കാരിക ഗ്രാമമായ കത്താറ കള്‍ചറല്‍ വില്ലേജില്‍ കത്താറ രാജ്യാന്തര പായ്ക്കപ്പല്‍ മേള, കത്താറ ആര്‍ട്ട് ഫെസ്റ്റിവല്‍, അല്‍ തുറായ പ്ലാനിറേറ്റിയം ഷോകള്‍, സ്ട്രീറ്റ് ചൈല്‍ഡ് ലോകകപ്പ് എന്നിവയക്കമുള്ള പ്രദര്‍ശനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 10-ാമത് അജ്യാല്‍ ചലച്ചിത്രമേളയും ആസ്വദിക്കാം.

ഉദ്ഘാടന മത്സരത്തിനൊരുങ്ങി ഖത്തറിലെ ലുസെയ്ല്‍ സ്‌റ്റേഡിയം

ഇതിന് പുറമെ സാഹസിക റൈഡുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ലുസെയ്ല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡിലെത്താം. നവംബര്‍ 10ന് ലുസെയ്ല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡ് പ്രവര്‍ത്തനം തുടങ്ങും. ഇതില്‍ 50 റൈഡുകളാണുള്ളത്. ദോഹ കോര്‍ണിഷില്‍ കാര്‍ണിവല്‍, അല്‍ ബിദ പാര്‍ക്കില്‍ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍, ലാസ്റ്റ് മൈല്‍ കള്‍ചറല്‍ ആക്ടിവേഷന്‍, സംഗീത പരിപാടികള്‍, സ്ട്രീറ്റ് പെര്‍ഫോര്‍മന്‍സുകള്‍, വാഹന പരേഡുകള്‍ എന്നിവയും ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി ഖത്തറില്‍ ഒരുക്കിയിട്ടുണ്ട്. 

അതേസമയം ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിലേക്ക് ആരാധകരെ കൊണ്ടുപോകുന്നതിനുള്ള ഷട്ടില്‍ ഫ്‌ലൈറ്റുകളുടെ ഷെഡ്യൂള്‍ ഒമാന്‍ എയര്‍ പ്രഖ്യാപിച്ചിരുന്നു. ബോയിങ് 787 ഡ്രീംലൈനര്‍ ഉള്‍പ്പെടെയുള്ള വിമാനങ്ങളാണ് സര്‍വീസുകള്‍ നടത്തുക. 

ഖത്തര്‍ ലോകകപ്പ്: യുഎഇയിലേക്ക് എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസുകള്‍ നടത്തും

നവംബര്‍ 21 മുതല്‍ ഡിസംബര്‍ മൂന്നുവരെ മസ്‌കത്തിനും ദോഹയ്ക്കും ഇടയിലുള്ള 48 മാച്ച് ഡേ ഷട്ടില്‍ സര്‍വീസുകളുടെ ഷെഡ്യൂളാണ് ഒമാന്‍ എയര്‍ പുറത്തുവിട്ടിട്ടുള്ളത്. നവംബര്‍ 21 ലെ ഷെഡ്യൂള്‍ അനുസരിച്ച് രാവിലെ ആറിനും രാത്രി 10.50നും ഇടയ്ക്ക് ദോഹയിലേക്ക് 12 സര്‍വീസുകളാണ് ഉള്ളത്. ഒമാന്‍ എയറിന്റെ വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. മാച്ച് തുടങ്ങുന്നതിന് നാലു മണിക്കൂര്‍ മുമ്പ് ദോഹയിലെത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്. യാത്രാ നിബന്ധനകള്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മനസ്സിലാക്കണമെന്ന് ഒമാന്‍ എയര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

click me!