
ദോഹ: ഖത്തറിന്‍റെ വടക്കൻ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം. ഒന്നിലധികം പ്രൊജക്റ്റൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. അപകടത്തിൽ കപ്പലിലുണ്ടായിരുന്ന നിരവധിയാളുകൾക്ക് പരിക്കേറ്റതായി യുകെ മരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.
ഖത്തറിലെ മദീനത്ത് അഷ് ഷമാലിന് 94 കിലോമീറ്റർ (58 മൈൽ) വടക്കുമാറിയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. ഹോർമൂസ് ജലപാത ലക്ഷ്യമാക്കി സഞ്ചരിക്കുന്നതിനിടെയാണ് ടാങ്കറിനുനേരെ ആക്രമണമുണ്ടായത്. ആന്റിഗ്വ ആൻഡ് ബാർബുഡയുടെ പതാകയേന്തിയ 'എസിർസ്' എന്ന കെമിക്കൽ -ഓയിൽ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് മാരിടൈം ഇന്റലിജൻസ് സ്ഥാപനമായ വാൻഗാർഡും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്ന് യുകെഎംടിഒ വ്യക്തമാക്കി. ഈ വിഷയത്തിൽ ഖത്തർ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പേർഷ്യൻ ഉൾക്കടലിന്റെ മധ്യഭാഗത്ത് കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് അപൂർവ്വമായ സംഭവമാണ്. ഹോർമൂസ് കടലിടുക്കിൽ അടുത്തിടെയായി കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്നതായി യുകെ മരിടൈം ഏജൻസി വ്യക്തമാക്കി. ഈ മാസത്തിൽ മാത്രം ഹോർമൂസ് കടലിടുക്കിൽ ഒമ്പത് ടാങ്കർ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ ഒത്തുചേർന്ന് ഇറാന് നേരെ ആരംഭിച്ച യുദ്ധത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴി സമുദ്രഗതാഗതം സങ്കീർണമായിരുന്നു. ഇത്തരം ആക്രമണങ്ങൾ തുടരുമ്പോഴും മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ കയറ്റുമതിയിൽ വൻ വർധനവ് രേഖപ്പെടുത്തുന്നുണ്ടെന്നാണ് വിവരം. സെപ്റ്റംബർ അവസാന വാരത്തിലെ കണക്കുകൾ പ്രകാരം പ്രതിദിനം 1.83 കോടി ബാരൽ ക്രൂഡ് ഓയിലാണ് മിഡിൽ ഈസ്റ്റിൽ നിന്ന് കയറ്റുമതി ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam