
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ അത്യാധുനിക സൗകര്യത്തോടെയുള്ള വാട്ടർ ടാക്സി സംവിധാനത്തിന്റെ പരിക്ഷണ ഓട്ടം നടന്നു. കഴിഞ്ഞ ദിവസം ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് ഉപ മന്ത്രി ഡോ.റുമൈയ അൽ റുമൈയയുടെ സാന്നിധ്യത്തിൽ ജിദ്ദ മേയർ സലി അൽ തുർക്കിയാണ് വാട്ടർ ടാക്സി പദ്ധതി ഉദ്ഘാടനം ചെയ്തത്.
ആദ്യ ഘട്ടത്തിൽ ജിദ്ദ യാച്ച് ക്ലബ്, അൽ ബലാദ് ഏരിയ, ഒബുർ എന്നീ മൂന്ന് പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് വാട്ടർ ടാക്സി പ്രവർത്തിക്കുന്നത്. നിലവിൽ ഷാം ഒബുർ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ ഉടൻ തന്നെ പ്രവർത്തനമാരംഭിക്കും. ജിദ്ദയിലെ മറ്റ് ഇടങ്ങളിലേക്കും വാട്ടർ ടാക്സി പദ്ധതി വികസിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായി മേയർ നടപ്പാക്കുന്ന ഒരു വലിയ പൊതുഗതാഗത ശ്യംഖലയുടെ ഭാഗമായാണ് വാട്ടർ ടാക്സി സംവിധാനം കൊണ്ടുവന്നത്. താമസക്കാർക്കും സന്ദർശകർക്കും ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി അവതരിപ്പിച്ചതെന്ന് അൽ തുർക്കി പറഞ്ഞു.
ആദ്യ ഘട്ടത്തിൽ രണ്ട് ബോട്ടുകളായിരിക്കും സർവീസ് നടത്തുന്നത്. ഒന്നിൽ 94 യാത്രക്കാർക്കും മറ്റൊരു ബോട്ടിൽ 55 യാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയും. കൂടാതെ ഭിന്നശേഷിക്കാർക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. റമദാൻ മാസത്തിൽ ദിവസേന വൈകിട്ട് 3.30 മുതൽ 1.30 വരെയായിരിക്കും വാട്ടർ ടാക്സികൾ സർവീസ് നടത്തുന്നത്. 25 മുതൽ 50 റിയാൽ വരെയായിരിക്കും ഫീസ് ഈടാക്കുന്നത്. കുട്ടികൾക്ക് യാത്ര സൗജന്യമായിരിക്കും.
പ്രതിദിനം 29,000ലധികം പേർക്ക് യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്നതാണ് പദ്ധതി. ഇതിനായി 20 വാട്ടർ ടാക്സ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ജിദ്ദ പ്രാദേശിക ഭരണകൂടം മുന്നേ അറിയിച്ചിരുന്നു. നഗരത്തിലെ വർധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്തും സന്ദർശകരുടെ ഒഴുക്ക് മൂലമുണ്ടാകുന്ന ഗതാഗത പ്രശ്നങ്ങൾ ലഘൂകരിക്കാനുമാണ് ജലഗതാഗത പദ്ധതി ആവിഷ്കരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ