അബുദാബി പോലീസിന്റെ`സീക്രട്ട് ഹൈഡ്ഔട്ട്സ്' ഓപറേഷനിലാണ് പ്രതികളെ പിടികൂടിയത്.
അബുദാബി: യുഎഇയിൽ വൻ മയക്കുമരുന്ന് വേട്ട. മാർബിൾ സിലിണ്ടറുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്നുകൾ അബുദാബി പോലീസ് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരും ഏഷ്യൻ വംശജരാണ്. ഇവരിൽ നിന്നും കടത്താൻ ശ്രമിച്ച 180 കിലോ ഹാഷിഷ് അധികൃതർ പിടികൂടിയിട്ടുണ്ട്. മയക്കുമരുന്ന് ശൃംഖലകളെ തകർക്കുന്നതിന്റെ ഭാഗമായി നടത്തിയ അബുദാബി പോലീസിന്റെ`സീക്രട്ട് ഹൈഡ്ഔട്ട്സ്' ഓപറേഷനിലാണ് പ്രതികളെ പിടികൂടിയത്.
യുഎഇക്ക് പുറത്തുള്ള ഒരു ഏഷ്യക്കാരന്റെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ഇവ രാജ്യത്ത് വിൽക്കുന്നതിനായി ഇന്റർനാഷണൽ ടെലിഫോൺ നമ്പറുകൾ ഉപയോഗിച്ച് മെസേജുകൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നതായി ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ആന്റി നാർകോട്ടിക്സ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ താഹിർ ഗരീബ് അൽ ദാഹിരി അറിയിച്ചു. മാർബിൾ സിലിണ്ടറുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് കണ്ടെടുത്തത്. പ്രതികളെയും പിടികൂടിയ മയക്കുമരുന്നും കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
read more: യുഎഇയിൽ സ്പോർട്സ് സ്റ്റേഡിയത്തിൽ ഫ്ലയർ ഉപയോഗിച്ച രണ്ട് ആരാധകരെ കയ്യോടെ പൊക്കി ദുബൈ പോലീസ്
മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ 8002626 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊതു ജനങ്ങളോട് അബുദാബി പോലീസ് അഭ്യർത്ഥിച്ചു.
