
അബുദാബി: ഗതാഗത നിയമലംഘങ്ങള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന രാജ്യമാണ് യുഎഇ. റോഡുകളിലെ വേഗ പരിധി ലംഘിക്കുന്നതിനും തെറ്റായ പാര്‍ക്കിങിനും ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്നതിനുമൊക്കെ വലിയ പിഴ ഡ്രൈവര്‍മാരെ തേടിയെത്തും. ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് വാഹനം പിടിച്ചെടുക്കുകയും ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.
യുഎഇയിലെ റോഡുകളില്‍ പാലിക്കേണ്ട വേഗപരിധി ഓരോ റോഡിലും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉള്‍പ്രദേശങ്ങളിലെ റോഡുകളിലും ഹൈവേകളിലുമൊക്കെ ഈ പരമാവധി വേഗത കര്‍ശനമായി പാലിക്കണം. അതേസമയം അബുദാബി ഒഴികെയുള്ള എമിറേറ്റുകളില്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ വരെ 'സ്‍പീഡ് ബഫര്‍' അനുവദിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്തുകൊണ്ടാണ് റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള റഡാറുകളില്‍ വേഗപരിധി രേഖപ്പെടുത്തുന്നതും നിയമലംഘനങ്ങള്‍ക്ക് പിഴ ശിക്ഷ നല്‍കുന്നതും.
അതായത് ഒരു റോഡിലെ പരമാവധി വേഗത മണിക്കൂറില്‍ 100 കിലോമീറ്ററായി നിജപ്പെടുത്തിയിരിക്കുകയാണെങ്കില്‍ 20 കിലോമീറ്റര്‍ സ്‍പീഡ് ബഫര്‍ കൂടി കണക്കിലെടുത്ത് അവിടെ മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വരെ വേഗതയില്‍ വാഹനം ഓടിക്കാം. 121 കിലോമീറ്റര്‍ മുതലായിരിക്കും അവിടെ സ്ഥാപിച്ചിരിക്കുന്ന റഡാറുകളില്‍ വേഗ പരിധി ലംഘിച്ചതിനുള്ള നിയമ ലംഘനം രേഖപ്പെടുത്തുക.
അതേസമയം അബുദാബിയില്‍ സ്‍പീഡ് ബഫര്‍ രീതി ഇപ്പോള്‍ നിലവിലില്ല. നേരത്തെ മറ്റ് എമിറേറ്റുകളെപ്പോലെ നിശ്ചിത വേഗത ബഫര്‍ സ്‍പീഡായി അംഗീകരിച്ചിരുന്നെങ്കിലും 2018ല്‍ ഇത് എടുത്തുകളഞ്ഞു. അതുകൊണ്ടുതന്നെ റോഡുകളിലെ സൂചനാ ബോര്‍ഡുകളില്‍ ദൃശ്യമാവുന്ന അതേ വേഗപരിധി തന്നെ ഡ്രൈവര്‍മാര്‍ പാലിക്കണം. 100 കിലേമീറ്റര്‍ പരമാവധി വേഗത നിജപ്പെടുത്തിയിരിക്കുന്ന റോഡില്‍, വാഹനത്തിന്റെ വേഗത 101 കിലോമീറ്ററായാലും ഫൈന്‍ ലഭിക്കും.
Read also: യുഎഇയില്‍ നിയന്ത്രണം വിട്ട വാഹനം തൂണിലിടിച്ച് രണ്ടു മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്
യുഎഇയില്‍ ഉടനീളം സ്‍പീഡ് ബഫര്‍ സംവിധാനം എടുത്തുകളയണമെന്ന് കഴിഞ്ഞ വര്‍ഷം ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഇത്തരം മാറ്റമൊന്നും ഉടനെ നടപ്പാക്കാനില്ലെന്നാണ് ട്രാഫിക് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഓരോ എമിറേറ്റിലെയും റോഡുകളിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം ഉള്‍പ്പെടെ കണക്കാക്കി ശാസ്‍ത്രീയമായാണ് ബഫര്‍ സ്‍പീഡ് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ എമിറേറ്റിലെയും റോഡുകളിലെ വേഗപരിധി ഏകീകരിക്കണമെന്ന ആവശ്യവും തള്ളിക്കളഞ്ഞിട്ടുണ്ട്. റോഡ്, ഗതാഗത രംഗത്തെ വിദഗ്ധരുടെയും എഞ്ചിനീയര്‍മാരുടെയും നിര്‍ദേശം കണക്കിലെടുത്താണ് വേഗത നിജപ്പെടുത്തുന്നത്.
ഇതിന് പുറമെ അബുദാബിയില്‍ കാലാവസ്ഥ കണക്കിലെടുത്ത് റോഡുകളിലെ പരമാവധി വേഗത കുറയ്ക്കുകയും ചെയ്യും. മഴയോ മൂടല്‍ മഞ്ഞോ പൊടിക്കാറ്റോ കാരണം ദൂരക്കാഴ്ച തടസപ്പെടുന്ന സാഹചര്യങ്ങളില്‍ പരമാവധി വേഗത 80 കിലോമീറ്ററായി കുറയ്ക്കും. ഇക്കാര്യം റോഡുകളിലെ ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ അപ്പപ്പോള്‍ പ്രദര്‍ശിപ്പിക്കും. ഒപ്പം പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും അറിയിപ്പുകളും നല്‍കും. കാലാവസ്ഥ നേരെയാവുമ്പോള്‍ വേഗപരിധിയും പഴയതുപോലെയാവും.
Read also: തണ്ണിമത്തനിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് ഏഴു ലക്ഷത്തിലേറെ ലഹരി ഗുളികകള്‍; അഞ്ചുപേര്‍ പിടിയില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam