തൊഴില്‍ തട്ടിപ്പ്; ഒമാനില്‍ കുടുങ്ങിയ ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുമെന്ന് വി മുരളീധരന്‍

By Web TeamFirst Published Oct 3, 2022, 10:45 PM IST
Highlights

ഗാര്‍ഹിക തൊഴിലാളികള്‍  നേരിടുന്ന പ്രശ്ങ്ങള്‍ എംബസ്സിയുടെ അറിവില്‍ ഉള്ള വിഷയമാണ്, ഇതില്‍ ഇന്ത്യന്‍ എംബസിയും ഒമാന്‍ ഭരണകൂടവും വളരെ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്, അത് കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ എന്തൊക്കെ ചെയ്യുവാന്‍ കഴിയുമെന്നുള്ളത് കൂടി സന്ദര്‍ശനത്തിനിടയില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി മുരളീധരന്‍ വ്യക്തമാക്കി.

മസ്കറ്റ്: തൊഴില്‍ തട്ടിപ്പിന് ഇരയായി ഒമാനില്‍ കുടുങ്ങി കിടക്കുന്ന ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്ര സഹ മന്ത്രി വി. മുരളീധരന്‍. ഇന്ത്യയില്‍ നിന്നും തൊഴില്‍ തേടി ഒമാനിലെത്തിയിട്ടുള്ള  മുഴുവന്‍ ഇന്ത്യക്കാരായ പ്രവാസികളുടെയും അവര്‍ നേരിടുന്ന  മറ്റു വിവിധ പ്രശ്‌നങ്ങളും അത് പരിഹരിക്കുവാന്‍  ഒമാന്‍ ഭരണാധികാരികള്‍ നടത്തുന്ന  ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ കഴിയും വിധമുള്ള നടപടികള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ആവശ്യമായ ചര്‍ച്ചകള്‍ നടത്തുക എന്നതാണ് ഈ ഒമാന്‍ സന്ദര്‍ശനത്തിന്റെ പ്രധാന ദൗത്യമെന്ന്  മന്ത്രി വി.മുരളീധരന്‍ മസ്‌കറ്റില്‍ പറഞ്ഞു.

ഗാര്‍ഹിക തൊഴിലാളികള്‍  നേരിടുന്ന പ്രശ്ങ്ങള്‍ എംബസ്സിയുടെ അറിവില്‍ ഉള്ള വിഷയമാണ്, ഇതില്‍ ഇന്ത്യന്‍ എംബസിയും ഒമാന്‍ ഭരണകൂടവും വളരെ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്, അത് കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ എന്തൊക്കെ ചെയ്യുവാന്‍ കഴിയുമെന്നുള്ളത് കൂടി സന്ദര്‍ശനത്തിനിടയില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി മുരളീധരന്‍ വ്യക്തമാക്കി. കൊവിഡ് കാലഘട്ടത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ  ഇത്തരത്തിലുള്ള യാത്രകള്‍ പൊതുവെ വളരെ കുറയുകയുണ്ടായി, പക്ഷെ കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചപ്പോള്‍ സ്വാഭാവികമായും ഈ ഗണത്തിലുള്ള യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയും  ചെയ്തു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ നാട്ടില്‍ നിന്നും ഇന്ത്യക്കാരായ ആള്‍ക്കാര്‍ തന്നെയാണ് ഇത്തരത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ കബിളിപ്പിച്ചു ഒമാനിലേക്ക് കൊണ്ടുവരുന്നതില്‍ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നതെന്നും മന്ത്രി മുരളീധരന്‍ പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെയും , പോലീസിന്റെയും അതുപോലെ ബന്ധപ്പെട്ട ഏജന്‍സികളുടെയും കൂടുതല്‍ സജീവമായിട്ടുള്ള ഒരു നിരീക്ഷണം ഉണ്ടാകണമെന്നാണ് കേന്ദ്ര സര്‍ക്കാരും ആഗ്രഹിക്കുന്നതെന്നും മന്ത്രി ആവശ്യപ്പെട്ടു.

Read More:  രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്രമന്ത്രി വി മുരളീധരന്‍ ഒമാനിലെത്തി

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മസ്‌കറ്റിലെത്തിയ മന്ത്രി മുരളീധരന്‍ ഇന്ത്യന്‍ എംബസ്സിയിലെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു സംസാരിക്കുകയായിരുന്നു. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദിയുമായും മറ്റ് വിശിഷ്ട വ്യക്തികളുമായും വി. മുരളീധരന്‍ ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വിഷയങ്ങള്‍ക്ക് പുറമെ പ്രാദേശികവും അന്തര്‍ദേശീയവുമായ വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും. ഒമാനിലെ ഇന്ത്യന്‍ സമൂഹത്തെയും വി. മുരളീധരന്‍ അഭിസംബോധന ചെയ്യും. ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരെ അദ്ദേഹം അഭിസംബോധന ചെയ്യുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.    

click me!