സൗദി അറേബ്യയില്‍ നിന്ന് വിസ് എയര്‍ സര്‍വീസ് ഇന്നു മുതല്‍

By Web TeamFirst Published Dec 3, 2022, 9:31 PM IST
Highlights

സെപ്തംബറില്‍ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് വിസ് എയര്‍ സൗദിയില്‍ നിന്ന് സര്‍വീസുകള്‍ തുടങ്ങിയത്.

ജിദ്ദ: യൂറോപ്യന്‍ ലോ-കോസ്റ്റ് വിമാന കമ്പനി വിസ് എയര്‍ ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ നേരിട്ടുള്ള വിമാന സര്‍വീസ് ഇന്ന് തുടങ്ങും. നോര്‍ത്തേണ്‍ ടെര്‍മിനലില്‍ നിന്ന് ലോകമെമ്പാടുമുള്ള ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് ചുരുങ്ങിയ നിരക്കില്‍ വിസ് എയര്‍ വിമാനങ്ങള്‍ ഇന്ന് മുതല്‍ സര്‍വീസ് നടത്തുമെന്ന് ജിദ്ദ വിമാനത്താവള അധികൃതര്‍ അറിയിച്ചു.

സെപ്തംബറില്‍ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് വിസ് എയര്‍ സൗദിയില്‍ നിന്ന് സര്‍വീസുകള്‍ തുടങ്ങിയത്. സൗദിയില്‍ നിന്നും ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റുമായി നിരവധി പേരാണ് ദിവസേന യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. കുറഞ്ഞ നിരക്കില്‍ ആരംഭിക്കുന്ന വിസ് എയര്‍ സര്‍വീസുകള്‍ ഇത്തരം യാത്രക്കാര്‍ക്ക് പ്രയോജനകരമാകും. 

Read More -  ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തിയ മലയാളി യുവാവ് മരണപ്പെട്ടു

അതേസമയം സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നാളെ മുതല്‍ ടെര്‍മിനല്‍ മാറ്റം പ്രാബല്യത്തില്‍ വരുമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചിട്ടുണ്ട്. നിലവില്‍ രണ്ടാം ടെര്‍മിനലില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന സര്‍വീസുകള്‍ മൂന്ന്, നാല് ടെര്‍മിനലുകളിലേക്കാണ് മാറ്റുന്നത്. ഡിസംബര്‍ നാലിന് ഉച്ച മുതല്‍ ടെര്‍മിനല്‍ മാറ്റം തുടങ്ങും. ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ ആറാം തീയ്യതി മുതലാണ് മാറുന്നത്.

Read More -  സൗദി അറേബ്യയില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു

അബുദാബി, ബഹ്റൈന്‍, ബെയ്‍റൂത്ത്, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സൗദി എയര്‍ലൈന്‍സിന്റെ സര്‍വീസുകള്‍ ഞായറാഴ്ച ഉച്ചയോടെ നാലാം ടെര്‍മിനലിലേക്ക് മാറും. ദുബൈ, കെയ്‍റോ, ശറം അല്‍ഖൈശ്, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ തിങ്കളാഴ്ച മുതലായിരിക്കും നാലാം ടെര്‍മിനലിലേക്ക് മാറ്റുക.

ഇന്ത്യയിലേക്ക് ഉള്‍പ്പെടെയുള്ള മറ്റ് അന്താരാഷ്‍ട്ര സര്‍വീസുകള്‍ ഡിസംബര്‍ ആറ്  ചൊവ്വാഴ്ച മുതല്‍ നാലാം ടെര്‍മിനലിലേക്ക് മാറ്റുമെന്നാണ് അറിയിപ്പ്. നിലവില്‍ ഒന്നാം ടെര്‍മിനല്‍ വഴിയാണ് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നടക്കുന്നത്. ഫ്ലൈ അദീല്‍ സര്‍വീസുകള്‍ ഡിസംബര്‍ ഏഴ് ബുധനാഴ്‍ച മുതലും ഫ്ലൈ നാസ് എയര്‍, സ്‍കൈ ടീം സര്‍വീസുകള്‍ ഡിസംബര്‍ എട്ട് വ്യാഴാഴ്ച മുതലും മൂന്നാം ടെര്‍മിനലിലേക്ക് മാറ്റുംമെന്നും അറിയിച്ചിട്ടുണ്ട്. ടെര്‍മിനല്‍ മാറ്റം പ്രാബല്യത്തില്‍ വരുന്നതിനാല്‍ യാത്രക്കാര്‍ ഇക്കാര്യം നേരത്തെ തന്നെ പരിശോധിച്ച് ഉറപ്പുവരുത്തണം.


 

click me!