സൂഖ് സവാരിഖിലെ തീപിടുത്തം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ ജിദ്ദ സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നതായി മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ ഉസ്‍മാന്‍ അല്‍ ഖര്‍നി പറഞ്ഞു.

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. ജിദ്ദയിലെ സൂഖ് സവാരിഖില്‍ ഒരു കടയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. പിന്നീട് പരിസരത്തെ നിരവധി കടകളിലേക്ക് തീ പടര്‍ന്നു. തീ നിയന്ത്രണ വിധേയമാക്കാനെത്തിയ സിവില്‍ ഡിഫന്‍സ് സംഘത്തിലുണ്ടായിരുന്ന ക്യാപ്റ്റന്‍ മുഹമ്മദ് അബ്‍ദുല്ല അല്‍ സഖഫിയാണ് മരിച്ചത്. 

സൂഖ് സവാരിഖിലെ തീപിടുത്തം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ ജിദ്ദ സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നതായി മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ ഉസ്‍മാന്‍ അല്‍ ഖര്‍നി പറഞ്ഞു. നിരവധി കടകളിലേക്ക് അതിവേഗം തീ പടര്‍ന്നുപിടിച്ചതിനാല്‍ പ്രദേശത്തെ റോഡുകള്‍ അടച്ച് തീ നിയന്ത്രണ വിധേയമാക്കാന്‍ പരിശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഉദ്യോഗസ്ഥരിലൊരാള്‍ക്ക് ജീവന്‍ നഷ്ടമായത്. തീ പൂര്‍ണമായും കെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Read also: മുനിസിപ്പാലിറ്റി കൺസൾട്ടന്റുമാരുടെ സ്വദേശിവത്കരണം 100 ശതമാനത്തിലേക്ക്

അതേസമയം കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ തീപിടിച്ചിരുന്നു. ഉത്തര ജിദ്ദയിലെ മുഹമ്മദിയ ഡിസ്‍ട്രിക്ടിലാണ് അപകടമുണ്ടായത്. ഇവിടെ മദീന റോഡില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ ടാങ്കറില്‍ നിന്ന് ഇന്ധനം ചോരുകയും തൊട്ടുപിന്നാലെ തീപിടിക്കുകയുമായിരുന്നു.

അപകടം സംബന്ധിച്ച വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കി. ടാങ്കറിലെ ചോര്‍ച്ച തടയാനും ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ അപകടം നടന്ന സ്ഥലത്തുണ്ടായിരുന്ന ആറ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അപകടമുണ്ടായ ഉടന്‍ ടാങ്കറില്‍ നിന്ന് നീ ആളിപ്പടരുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

Read more: പ്രവാസികള്‍ക്കായി താമസ സ്ഥലത്ത് അനധികൃത റസ്റ്റോറന്റ്; മദ്യവും വിറ്റിരുന്നെന്ന് പരിശോധനയില്‍ കണ്ടെത്തി