പ്രസവിച്ചയുടന്‍ നവജാത ശിശുവിനെ കുത്തിക്കൊന്നു; അമ്മ അറസ്റ്റില്‍

By Web TeamFirst Published May 10, 2019, 11:24 AM IST
Highlights

അബുദാബിയിലെ സ്വദേശി കുടുംബത്തില്‍ വീട്ടുജോലിക്കാരിയായിരുന്ന പ്രതി അവിഹിത ബന്ധത്തെ തുടര്‍ന്നാണ് ഗര്‍ഭിണിയായത്. എന്നാല്‍ കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്നാണ് ചോദ്യം ചെയ്യലിനിടെ ഇവര്‍ പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതരോട് പറഞ്ഞത്. 

അബുദാബി: പ്രസവിച്ചയുടന്‍ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കെതിരെ അബുദാബി കോടതി കുറ്റം ചുമത്തി. വീട്ടുജോലിക്കാരിയിരുന്ന എത്യോപ്യന്‍ പൗര കുട്ടിയെ കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് കോടതി രേഖകള്‍. കുട്ടിയുടെ അച്ഛന്‍ ആരാണെന്ന് തനിക്ക് അറിയാത്തത് കൊണ്ടാണ് കൊന്നതെന്നാണ് ഇവര്‍ പറഞ്ഞത്.

അബുദാബിയിലെ സ്വദേശി കുടുംബത്തില്‍ വീട്ടുജോലിക്കാരിയായിരുന്ന പ്രതി അവിഹിത ബന്ധത്തെ തുടര്‍ന്നാണ് ഗര്‍ഭിണിയായത്. എന്നാല്‍ കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്നാണ് ചോദ്യം ചെയ്യലിനിടെ ഇവര്‍ പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതരോട് പറഞ്ഞത്. ഗര്‍ഭിണിയായ വിവരം താന്‍ ജോലി ചെയ്തിരുന്ന വീട്ടിലെ ആരെയും ഇവര്‍ അറിയിച്ചതുമില്ല. പകരം പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു.

പ്രസവ വേദനയുണ്ടായപ്പോള്‍ അയല്‍പക്കത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് പോവുകയും അവിടെവെച്ച് കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നുവെന്ന് കോടതി രേഖകള്‍ പറയുന്നു. ശേഷം അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുഞ്ഞിനെ കുത്തിക്കൊന്നു. അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്തു. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പുറമെ അവിഹിത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനും ഇവര്‍ക്കെതിരെ കേസെടുത്തു.

കുട്ടിയെ ബോധപൂര്‍വം കൊന്നുവെന്ന ആരോപണം കഴിഞ്ഞ ദിവസം കോടതിയില്‍ പ്രതി നിഷേധിച്ചു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതിനാല്‍ എന്താണ് ചെയ്തതെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. ഗര്‍ഭകാലത്തെ ആശങ്കകള്‍ കാരണം ഇവരുടെ മാനസികനില താളം തെറ്റിയെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇവര്‍ മാനസിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രവൃത്തികളൊക്കെ ബോധത്തോടെ തന്നെയായിരുന്നുവെന്നുമാണ് കോടതിയില്‍ ഹാജരാക്കിയ സൈക്യാട്രിക് റിപ്പോര്‍ട്ടിലുള്ളത്. 

click me!