യുഎഇയില്‍ വാട്സ്ആപ് വഴി തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു; സ്ത്രീക്ക് 50,000 ദിര്‍ഹം നഷ്ടമായി

By Web TeamFirst Published May 10, 2019, 12:17 PM IST
Highlights

യുഎഇയിലെ ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തിന്റെ പേരിലായിരുന്നു അറസ്റ്റിലായ പ്രതി സ്ത്രീയെ ബന്ധപ്പെട്ടത്. തങ്ങള്‍ നടത്തിയ നറുക്കെടുപ്പില്‍ രണ്ട് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ഇയാള്‍ വാട്സ്ആപ് വഴി അറിയിച്ചു. 

അബുദാബി: വാട്സ്ആപ് വഴിയുള്ള തട്ടിപ്പില്‍ സ്ത്രീക്ക് 50,000 ദിര്‍ഹം നഷ്ടമായി. സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യക്കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാട്സ്ആപ് വഴി പണം തട്ടാനും വിവരങ്ങള്‍ ചോര്‍ത്താനും ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ നേരത്തെ തന്നെ പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

യുഎഇയിലെ ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തിന്റെ പേരിലായിരുന്നു അറസ്റ്റിലായ പ്രതി സ്ത്രീയെ ബന്ധപ്പെട്ടത്. തങ്ങള്‍ നടത്തിയ നറുക്കെടുപ്പില്‍ രണ്ട് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ഇയാള്‍ വാട്സ്ആപ് വഴി അറിയിച്ചു. പണം ലഭിക്കുന്നതിന് മുന്‍പ് വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ ഇയാള്‍ ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ ആവശ്യപ്പെട്ടു. കാര്‍ഡ് വിവരങ്ങള്‍ അയച്ചുകൊടുത്തതിന് പിന്നാലെ അക്കൗണ്ടില്‍ നിന്ന് 50,000 ദിര്‍ഹം മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുകയായിരുന്നു. ഇതോടെ സ്ത്രീ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനൊടുവില്‍ പിടിയിലായ ഏഷ്യക്കാരനെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി. പ്രാഥമിക വാദത്തിന് ശേഷം കേസ് മേയ് 14ന് പരിഗണിക്കാനായി മാറ്റിവെച്ചു.

click me!