ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം ആറ് കിലോഗ്രാം മയക്കുമരുന്ന്; യുവതി വിമാനത്താവളത്തില്‍ പിടിയില്‍

By Web TeamFirst Published Nov 10, 2021, 3:07 PM IST
Highlights

ആറ് കിലോഗ്രാം മയക്കുമരുന്ന് ചെടികളുമായി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ ആഫ്രിക്കന്‍ സ്വദേശിയായ യുവതിക്ക് ശിക്ഷ വിധിച്ചു

ദുബൈ: ആറ് കിലോഗ്രാം മയക്കുമരുന്നുമായി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ ( Dubai International Airport) യുവതിക്ക് ശിക്ഷ വിധിച്ചു. പഴങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നും (narcotic substances_ കൊണ്ടുവന്നത്. കേസ് പരിഗണിച്ച ദുബൈ ക്രിമിനല്‍ കോടതി (Dubai criminal court) ഇവര്‍ക്ക് പത്ത് വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ആഫ്രിക്കന്‍ സ്വദേശിയായ യുവതി ആറ് കിലോഗ്രാം മയക്കുമരുന്നാണ് ദുബൈ വിമാനത്താവളത്തിലൂടെ കൊണ്ടുവന്നത്. മയക്കുമരുന്നായി ഉപയോഗിക്കുന്ന ഖാത്ത് ചെടിയുടെ ഇലകളാണ് ലഗേജിലുണ്ടായിരുന്നത്. വലിയ പെട്ടി കണ്ട് സംശയം തോന്നിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ലഗേജ് എക്സ്റേ മെഷീനിലൂടെ കടത്തി വിട്ടപ്പോള്‍ അസാധാരണ ഘനം കാരണം സംശയം തോന്നിയിരുന്നതായി കസ്റ്റംസ് ഇന്‍പെക്ടര്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞു.

യുവതി ലഗേജ് എടുത്ത ഉടന്‍ അവരെ ഉദ്യോഗസ്ഥര്‍ തടയുകയും വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ലഗേജ് തുറന്ന് സാധനങ്ങള്‍ പരിശോധിച്ചു. പഴങ്ങള്‍ക്കും ഭക്ഷണ വസ്‍തുക്കള്‍ക്കും ഒപ്പമാണ് ആറ് കിലോഗ്രാം മയക്കുമരുന്ന് ഇതില്‍ ഒളിപ്പിച്ചിരുന്നത്. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് കോടതിയിലേക്ക് കൈമാറുകയായിരുന്നു.

click me!