‘ദി കംബാക്ക്’ ആഗോള ബോക്സിങ് പോരാട്ടം ജിദ്ദയിൽ; ഇന്ത്യൻ കരുത്തായ നിഷാന്ത് ദേവും റിങ്ങിലിറങ്ങും

Published : Jul 25, 2026, 04:46 PM IST
heavy weight championship

Synopsis

ജിദ്ദയിൽ നടക്കുന്ന 'ദി കംബാക്ക്' ഹെവിവെയ്റ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ആൻറണി ജോഷ്വയും ക്രിസ്റ്റ്യൻ പ്രെൻഗയും മുഖ്യ പോരാട്ടത്തിനിറങ്ങുന്നു. ഈ കായിക മാമാങ്കത്തിൽ സൗദി താരങ്ങൾക്കൊപ്പം ഇന്ത്യൻ താരം നിഷാന്ത് ദേവും മത്സരിക്കുന്നുണ്ട്. ലോകമെമ്പാടും DAZN വഴി മത്സരം തത്സമയം കാണാനാകും.

റിയാദ്: കായിക ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ ഏറ്റവും വലിയ ഹെവിവെയ്റ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പായ ‘ദി കംബാക്ക്’ ശനിയാഴ്ച ജിദ്ദ സൂപ്പർഡോമിൽ. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ ലോകോത്തര താരങ്ങൾക്കൊപ്പം സൗദി അറേബ്യയിൽ നിന്നുള്ള മൂന്ന് പ്രഫഷനൽ ബോക്സിങ് താരങ്ങളും ഇന്ത്യൻ താരം നിഷാന്ത് ദേവും റിങ്ങിലിറങ്ങുന്നു എന്നതാണ് ഈ കായിക മാമാങ്കത്തിെൻറ പ്രധാന സവിശേഷത. സൗദി സമയം വൈകുന്നേരം നാലിന് ആരംഭിക്കുന്ന മത്സരങ്ങൾ പ്രമുഖ സ്പോർട്സ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ DAZN വഴി ലോകമെമ്പാടും തത്സമയം കാണാം.

ബ്രിട്ടന്‍റെ മുൻ ലോക ചാമ്പ്യൻ ആൻറണി ജോഷ്വയും അൽബേനിയൻ നോക്കൗട്ട് വീരനായ ക്രിസ്റ്റ്യൻ പ്രെൻഗയും തമ്മിലുള്ള വൻപോരാട്ടമാണ് ടൂർണമെൻറിലെ പ്രധാന ആകർഷണം. സൗദി സമയം അർദ്ധരാത്രിയോടെ നടക്കുന്ന ഈ മുഖ്യ മത്സരം ജോഷ്വയുടെ കരിയറിലെ തന്നെ ഏറ്റവും വൈകാരികവും നിർണായകവുമായ പോരാട്ടമാണ്. കഴിഞ്ഞ വർഷം നൈജീരിയയിലുണ്ടായ ദരുണമായ വാഹനാപകടത്തിൽ അടുത്ത സുഹൃത്തുക്കളെയും പരിശീലകരെയും നഷ്ടപ്പെട്ട ശേഷമുള്ള ജോഷ്വയുടെ ആദ്യ മത്സരമാണിത്. ഭാവിയിൽ ടൈസൺ ഫ്യൂരിയുമായി നടക്കാനിരിക്കുന്ന പോരാട്ടത്തിന് യോഗ്യത നേടാൻ ജോഷ്വയ്ക്ക് ഈ വിജയം അത്യാവശ്യമാണ്.

അതേസമയം ശക്തമായ പോരാട്ടത്തിലൂടെ അട്ടിമറി വിജയം നേടുമെന്നാണ് അൽബേനിയൻ താരമായ പ്രെൻഗയുടെ പ്രഖ്യാപനം. രാജ്യത്ത് കായിക മേഖലക്ക് ലഭിക്കുന്ന പിന്തുണയുടെ പ്രതിഫലനമായി മൂന്ന് സൗദി പ്രഫഷനൽ താരങ്ങളാണ് വിവിധ വിഭാഗങ്ങളിലായി റിങ്ങിലിറങ്ങുന്നത്. സൂപ്പർ ഫെദർവെയ്റ്റ് വിഭാഗത്തിലെ ആറ് റൗണ്ട് പോരാട്ടത്തിൽ സൗദി താരം മുഹമ്മദ് അൽ അഖൽ മാൾട്ടീസ് താരം ലെയ്ഡൻ ചിർകോപ്പുമായി ഏറ്റുമുട്ടും. മറ്റൊരു സൗദി താരം സിയാദ് അൽ മയൂഫ് വെൽട്ടർവെയ്റ്റ് വിഭാഗത്തിലെ എട്ട് റൗണ്ട് മത്സരത്തിൽ മെക്സിക്കൻ താരം ഫ്രാങ്ക് മാംഗോയെ നേരിടും. മൂന്നാമനായ സുൽത്താൻ അൽ മുഹമ്മദ് ഫെദർവെയ്റ്റ് വിഭാഗത്തിലെ നാല് റൗണ്ട് പോരാട്ടത്തിൽ സ്പാനിഷ് താരം എഫ്രെയിൻ ബെസാൽദുഷെയെ നേരിടും.

ഈ പോരാട്ടവേദിയിലെ മറ്റൊരു പ്രധാന ആകർഷണം ഇന്ത്യയുടെ അഭിമാന താരമായ നിഷാന്ത് ദേവിെൻറ സാന്നിധ്യമാണ്. 2023-ലെ ഐബിഎ വേൾഡ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ വിജയിയും 2024 പാരീസ് ഒളിമ്പ്യനുമായ 25കാരനായ ഈ ഹരിയാനക്കാരൻ, 2025-ലാണ് പ്രഫഷനൽ രംഗത്തേക്ക് കടന്നത്. പ്രഫഷനൽ കരിയറിലെ കളിച്ച ആറ് മത്സരങ്ങളിലും പരാജയമറിയാതെ മുന്നേറുന്ന നിഷാന്ത് ദേവിെൻറ എതിരാളി പെറുവിെൻറ പരിചയസമ്പന്നനായ താരം സിസാർ ഡയസ് ആണ്.

മഹാപോരാട്ടത്തിന് മാറ്റുകൂട്ടാൻ രണ്ട് ലോക ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ കൂടി കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡബ്ല്യു.ബി.ഒ സൂപ്പർ മിഡിൽവെയ്റ്റ് കിരീടം നിലനിർത്താൻ ബ്രിട്ടെൻറ ഹംസ ഷീറാസ് ജർമ്മനിയുടെ സൈമൺ സാച്ചൻഹൂബർക്കെതിരെ പോരാടും. ഐ.ബി.എഫ് സൂപ്പർ വെൽറ്റർവെയ്റ്റ് കിരീടത്തിനായി ജോഷ് കെല്ലി ഐറിഷ് താരം കയോംഹിൻ അഗ്യാർക്കോയെ നേരിടും. മത്സരങ്ങൾക്ക് മുന്നോടിയായുള്ള ‘ഫൈറ്റ് വീക്ക്’ ചടങ്ങുകൾ കഴിഞ്ഞ ദിവസം ജിദ്ദ യാച്ച് ക്ലബ്ബിലെ താരങ്ങളുടെ ഔദ്യോഗിക വരവോടെ ആരംഭിച്ചു. തുടർന്ന് വ്യാഴാഴ്ച വാർത്താസമ്മേളനവും വെള്ളിയാഴ്ച ജിദ്ദ പ്രൊമെനേഡിൽ താരങ്ങളുടെ ഔദ്യോഗിക ഭാരപരിശോധനയും നടക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

22 വർഷമായി പ്രവാസി, താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം; മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി
കടലിൽ പോര് മുറുകുന്നോ? ഇറാൻ സമുദ്രാതിർത്തിയിൽ എൽപിജി ടാങ്കറിന് നേരെയുണ്ടായ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി