ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഡിപ്പോ ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങി

Published : Oct 18, 2022, 07:49 PM IST
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഡിപ്പോ ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങി

Synopsis

മൂന്ന് സോണുകളായാണ് ഡിപ്പോയെ തിരിച്ചിരിക്കുന്നത്. ആദ്യത്തെ സോണില്‍ ഇലക്ട്രിക് ബസുകള്‍ക്കായി 478 പാര്‍ക്കിങ് ബേകളാണുള്ളത്. ഇവിടെ 248 ചാര്‍ജിങ് ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും പരിശോധനകള്‍ക്കും വാഹനങ്ങള്‍ കഴുകാനും വാക്വം ചെയ്യാനും പ്രത്യേക കെട്ടിടങ്ങളുമുണ്ട്.

ദോഹ: 478 ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങി. ഗതാഗത മന്ത്രി ജാസിം സൈഫ് അഹ്‍മദ് അല്‍ സുലൈതിയാണ് പുതിയ ബസ് ഡിപ്പോ ഉദ്ഘാടനം ചെയ്‍തത്.  

ലുസൈല്‍ സിറ്റിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ അത്യാധുനിക ഇലക്ട്രിക് ബസ് ഡിപ്പോയുടെ വിസ്‍തീര്‍ണം നാല് ലക്ഷം ചതുരശ്ര മീറ്ററിലധികമാണ്. ബസ് ബേകള്‍ക്ക് പുറമെ 24 മള്‍ട്ടി പര്‍പസ് കെട്ടിടങ്ങള്‍, റിക്രിയേഷണല്‍ സംവിധാനങ്ങള്‍, ഗ്രീസ് സ്‍പേസുകള്‍ എന്നിവയ്ക്ക് പുറമെ സബ് സ്റ്റേഷനുകളുമുണ്ട്. 25,000 ചതുരശ്ര മീറ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന പതിനൊന്നായിരത്തോളം സോളാര്‍ പാനലുകളില്‍ നിന്ന് നാല് മെഗാവാട്ട് വൈദ്യുതിയും ഇവിടെ ഉദ്പാദിപ്പിക്കും. ഡിപ്പോയിലെ കെട്ടിടങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി പൂര്‍ണമായും ഇവിടെ നിന്നു തന്നെ കണ്ടെത്താനാവുമെന്ന് അധികൃതര്‍ അറിയിച്ചു.

മൂന്ന് സോണുകളായാണ് ഡിപ്പോയെ തിരിച്ചിരിക്കുന്നത്. ആദ്യത്തെ സോണില്‍ ഇലക്ട്രിക് ബസുകള്‍ക്കായി 478 പാര്‍ക്കിങ് ബേകളാണുള്ളത്. ഇവിടെ 248 ചാര്‍ജിങ് ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും പരിശോധനകള്‍ക്കും വാഹനങ്ങള്‍ കഴുകാനും വാക്വം ചെയ്യാനും പ്രത്യേക കെട്ടിടങ്ങളുമുണ്ട്.

രണ്ടാമത്തെ സോണില്‍ ഡിപ്പോയിലെ ജീവനക്കാര്‍ക്കുള്ള താമസ സൗകര്യമാണ്. അന്താരാഷ്‍ട്ര മാനദണ്ഡങ്ങള്‍ പ്രകാരം സജ്ജീകരിച്ചിരിക്കുന്ന താമസ സ്ഥലത്ത് 1400 പേര്‍ക്കുള്ള സൗകര്യങ്ങളുണ്ട്. ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കാനും മറ്റ് വിനോദങ്ങളില്‍ ഏര്‍പ്പെടാനുമുള്ള സ്ഥലങ്ങള്‍, പള്ളി, അഡ്‍മിനിസ്ട്രേഷന്‍ ബില്‍ഡിങ്, സര്‍വീസസ് ബില്‍ഡിങ്, ഗാര്‍ഡ് ഹൗസുകള്‍, മറ്റ് സംവിധാനങ്ങള്‍ എന്നിവയാണ് അവിടെയുള്ളത്. 

മൂന്നാമത്തെ സോണില്‍ ബസ് റാപ്പിഡ് ട്രാന്‍സിറ്റ് പദ്ധതിക്ക് കീഴിലുള്ള ഇലക്ട്രിക് ബസുകള്‍ക്കുള്ള സംവിധാനങ്ങളാണുള്ളത്. 24 ബസ് ബേകളും അത്രയും തന്നെ ചാര്‍ജറുകളുമാണ് ഇവടെ സജ്ജീകരിച്ചിട്ടുള്ളത്. ബസുകളുടെ അറ്റകുറ്റപ്പണികള്‍ക്കും ക്ലീനിങിനും വാക്വം ചെയ്യാനും പരിശോധനകള്‍ക്കുമൊക്കെയുള്ള സംവിധാനങ്ങളും ഇവിടെയുണ്ടാവും.

ഇതിന് പുറമെ പ്രത്യേക ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററും (ഒ.സി.സി) പുതിയ ബസ് ഡിപ്പോയില്‍ ഉണ്ട്. 39,000 ചതുരശ്ര മീറ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നായിരിക്കും എല്ലാ ബസ് ഓപ്പറേഷനുകളും നിരീക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും. അടുത്ത വര്‍ഷത്തോടെ ഈ ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Read also: ദുബൈയില്‍ കള്ള ടാക്സി ഓടിയ ആറ് വാഹനങ്ങള്‍ പിടിച്ചെടുത്തു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരള പ്രളയ ദുരിതാശ്വാസ ഫണ്ട് വകമാറ്റി, വിദ്യാർഥികൾ വഴി പിരിച്ചത് 50 ലക്ഷം രൂപ, സാമ്പത്തിക അച്ചടക്ക തകർച്ചയിൽ ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ്
സുരക്ഷയുടെ അബുദാബി മോഡൽ, തുടർച്ചയായ പത്താം വർഷവും ഒന്നാമതെത്തി യുഎഇ തലസ്ഥാനം