
റിയാദ്: എ.ടി.എമ്മിൽ പണം നിറയ്ക്കാൻ പണവുമായി പോയവർക്ക് നേരെ വെടിയുതിർത്ത് 30 ലക്ഷം റിയാൽ തട്ടിയെടുത്ത യമനി പൗരെൻറ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. ശനിയാഴ്ച മക്കയിലായിരുന്നു ശിക്ഷാ നടപടി. തുർക്കി അബ്ദുല്ല ഹസൻ അൽ സഹ്‌റാൻ എന്ന യമനി പൗരനാണ് ശിക്ഷിക്കപ്പെട്ടത്. ഒരു ക്രിമിനൽ സംഘം രൂപീകരിച്ച ഇയാൾ, എ.ടി.എമ്മുകളിൽ പണം നിറയ്ക്കാൻ പോയ രണ്ട് വാഹനങ്ങൾ തടഞ്ഞുനിർത്തി സായുധ കവർച്ച നടത്തുകയായിരുന്നു. കൃത്യത്തിനിടെ ഇയാൾ തോക്ക് ചൂണ്ടി രണ്ട് ജീവനക്കാർക്ക് നേരെ വെടിയുതിർത്ത് പരിക്കേൽപ്പിച്ചു. ഇത്തരത്തിൽ രണ്ട് കവർച്ചകളിലായി ആകെ 30 ലക്ഷം റിയാലാണ് ഇയാൾ തട്ടിയെടുത്തത്.
സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയും കുറ്റം തെളിയുകയും ചെയ്തു. കേസ് കോടതിയിലെത്തിയപ്പോൾ, ഇയാൾ ചെയ്ത കുറ്റം സമൂഹത്തിൽ ഭീതിയുണ്ടാക്കുന്നതാണെന്നും പണം തട്ടിയെടുക്കാൻ ആയുധം ഉപയോഗിച്ചതിനാൽ ഇസ്ലാമിക നിയമപ്രകാരമുള്ള സായുധ കുറ്റകൃത്യത്തിനുള്ള കഠിന ശിക്ഷ നൽകണമെന്നും കോടതി വിധിച്ചു. ഈ വിധിക്ക് പിന്നീട് രാജകീയ അംഗീകാരവും ലഭിച്ചു. സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, രാജ്യത്തെ സുരക്ഷയും നീതിയും ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam