സൗദിയിലെ ഇന്ത്യന്‍ എംബസിയിൽ യോഗ, സംസ്കൃതം ക്ലാസുകൾ തുടങ്ങുന്നു

By Web TeamFirst Published Jan 2, 2020, 5:29 PM IST
Highlights

ക്ലാസുകളിൽ പ്രവേശനം പൂർണമായും സൗജന്യമാണ്. പ്രവാസി ഇന്ത്യാക്കാർക്ക് മാത്രമല്ല, ഇന്ത്യൻ നയതന്ത്ര മിഷനിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാർക്കും സൗദി പൗരന്മാർക്കും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും പരിശീലനങ്ങളിൽ പങ്കെടുക്കാം. 

റിയാദ്: ഇന്ത്യൻ എംബസിയിൽ യോഗാ പരിശീലന, സംസ്കൃതം ഭാഷാപഠന ക്ലാസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കും. യോഗാപരിശീലനത്തിന്റെ നാലാം ഘട്ടമാണ് തുടങ്ങുന്നത്. വിവിധ ആസനങ്ങൾ, പ്രാണായാമം, ധ്യാനം, ശാരീരികോല്ലാസത്തിന് വേണ്ടിയുള്ള വിവിധ വിദ്യകൾ എന്നിവ ഇന്ത്യയിൽ നിന്നെത്തിയ പരിചയസമ്പന്നരായ യോഗ പരിശീലകർ പരിശീലിപ്പിക്കും. സംസ്കൃത ഭാഷാപഠന ക്ലാസുകളും ഇന്ത്യയിൽ നിന്നുള്ള അധ്യാപകരാണ് നയിക്കുന്നത്. 

ക്ലാസുകളിൽ പ്രവേശനം പൂർണമായും സൗജന്യമാണ്. പ്രവാസി ഇന്ത്യാക്കാർക്ക് മാത്രമല്ല, ഇന്ത്യൻ നയതന്ത്ര മിഷനിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാർക്കും സൗദി പൗരന്മാർക്കും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും പരിശീലനങ്ങളിൽ പങ്കെടുക്കാം. ജനുവരി അഞ്ചിന് ആരംഭിക്കുന്ന ക്ലാസുകൾ ജൂണിൽ അവസാനിക്കും. റിയാദിലെ ഇന്ത്യൻ എംബസി ആസ്ഥാനത്തെ മൾട്ടിപർപ്പസ് ഹാളിലാണ് ഇരു ക്ലാസുകളും നടക്കുക. ആഴ്ചയിൽ എല്ലാദിവസവും ക്ലാസുണ്ട്. ഓരോ വിഭാഗത്തിന്റെയും സൗകര്യം പരിഗണിച്ചാണ് ക്ലാസുകളുടെ സമയം ക്രമീകരിച്ചിട്ടുള്ളത്. എംബസി വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് cul.riyadh@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ അയച്ച് പ്രവേശനം നേടാം. 

click me!