അബുദാബിയില്‍ ഗാന്ധി-സായിദ് മ്യൂസിയം ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും

By Web TeamFirst Published Dec 2, 2018, 7:31 PM IST
Highlights

യുഎഇ ദേശീയ പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാന്റെ നൂറാം ജന്മ വര്‍ഷികാഘോഷങ്ങള്‍ക്കായി ഈ വര്‍ഷം ശൈഖ് സായിദിന്റെ വര്‍ഷമായാണ് യുഎഇ ആചരിക്കുന്നത്. ഇന്ത്യയ്ക്കാകട്ടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മവാര്‍ഷികമാണ് ഈ വര്‍ഷം. 

അബുദാബി: ഇന്ത്യയും യുഎഇയും തമ്മില്‍ നിലനില്‍ക്കുന്ന ഊഷ്മളമായ സൗഹൃദത്തിന്റെ പ്രതീകമായി സായിദ്-ഗാന്ധി മ്യൂസിയം ചെവ്വാഴ്ച ഉദ്ഘാടനം ചെയ്യപ്പെടും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയില്‍ എത്തുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജും യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാനും യുഎഇ സാംസ്കാരിക വകുപ്പ് മന്ത്രി നൂറ അല്‍ കാബിയും ചേര്‍ന്നാണ് മ്യൂസിയം ഉദ്ഘാടനം ചെയ്യുന്നത്.

യുഎഇ ദേശീയ പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാന്റെ നൂറാം ജന്മ വര്‍ഷികാഘോഷങ്ങള്‍ക്കായി ഈ വര്‍ഷം ശൈഖ് സായിദിന്റെ വര്‍ഷമായാണ് യുഎഇ ആചരിക്കുന്നത്. ഇന്ത്യയ്ക്കാകട്ടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മവാര്‍ഷികമാണ് ഈ വര്‍ഷം. രണ്ട് രാഷ്ട്രനേതാക്കളോടുമുള്ള ആദര സൂചകമായാണ് അബുദാബിയില്‍ മനാറത്ത് അല്‍ സആദിയത്തില്‍ സായിദ്-ഗാന്ധി മ്യൂസിയം തുറക്കാനൊരുങ്ങുന്നത്.

പന്ത്രണ്ടാമത് ഇന്ത്യ-യുഎഇ സാമ്പത്തിക, സാങ്കേതിക സഹകരണ കമ്മീഷനില്‍ പങ്കെടുക്കുന്നതിനായി സുഷമ സ്വരാജിനൊപ്പം ഉന്നതതല സംഘവും യുഎഇയിലെത്തും. ചൊവ്വാഴ്ച വൈകുന്നേരം അബുദാബി ഇന്ത്യ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് വിദേശകാര്യ മന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.

click me!