
മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രയകള്‍ ജനുവരി 12ന് ആരംഭിക്കും പ്രാസാദ ശുദ്ധിക്രിയ ജനുവരി 12നും ബിംബശുദ്ധിക്രിയ ജനുവരി 13നും ശബരിമല സന്നിധാനത്ത് നടക്കും. ജനുവരി 14നാണ് മകരവിളക്കും മകരസംക്രമപൂജയും നടക്കുക. സൂര്യന്‍ ധനുരാശിയില്‍ നിന്നും മകര രാശിയിലേക്ക് മാറുന്ന സംക്രമ സമയത്താണ് മകര സംക്രമ പൂജ നടക്കുന്നത്. സംക്രമ പൂജക്ക് ഒടുവില്‍ സംക്രമാഭിഷേകം നടക്കും. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ചായിരിക്കും സംക്രമാഭിഷേകം നടത്തുക.
പ്രസിദ്ധമായ ഏരുമേലിപേട്ടതുള്ളല്‍ ജനുവരി 11നാണ്. പേട്ടതുള്ളുന്ന സംഘങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ഏരുമേലിയിലേക്ക് പുറപ്പെടും. മകരവിളക്ക് ദിവസം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര ജനുവരി 12ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും സന്നിധാനത്തേക്ക് പുറപ്പെടും. മകരവിളക്ക് ദിവസം ആറ് മണിടോയെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിചേരും. തിരുവാഭരണങ്ങള്‍ ചാര്‍ത്തിയുള്ള ദിപാരാധനക്ക് ശേഷം പൊന്നമ്പലമേട്ടില്‍ മകരവിളക്ക്. മകരവിളക്ക് കഴിഞ്ഞ് ജനുവരി 19വരെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ഉണ്ടാകും. നടയടക്കുന്ന ദിവസമായ ജനുവരി 20ന് പന്തളം രാജപ്രതിനിധിമാത്രമായിരിക്കും ദര്‍ശനം നടത്തുക .രാജപ്രതിനിധി ആചാരപ്രകാരം ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതോടെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം കഴിഞ്ഞ് നടയടയ്ക്കും.