ശബരിമലയില്‍ പൊലീസുകാരോട് ദേവസ്വം ബോര്‍ഡ് മാനുഷിക പരിഗണന കാണിക്കുന്നില്ലെന്ന് എസ്.പി

By Web DeskFirst Published Jan 5, 2017, 9:13 AM IST
Highlights

തീര്‍ത്ഥാടന സമയത്ത് പമ്പയില്‍  ജോലിക്കെത്തിയ പൊലീസുകാരുടെ പരാതിയെ തുടര്‍ന്ന് ബാരക്കുകളില്‍ പരിശോധന നടത്തിയ  സ്‌പെഷ്യല്‍ ഓഫീസര്‍ എസ്‌.പി യതീഷ് ബി.ചന്ദ്രയാണ് ദേവസ്വം ബോര്‍ഡിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ദേവസ്വം ബോ‍ര്‍ഡ് പ്രസിഡന്റിനും കത്തു നല്‍കിയത്. 12 പൊലീസ് ബാരക്കുകള്‍ വൃത്തിയാക്കാന്‍  നാല് കരാര്‍ ജീവനക്കാരെയാണ് അനുവദിച്ചിരിക്കുന്നത്. ശുചീകരണ പ്രവര്‍‍ത്തനങ്ങള്‍ വേണ്ടവിധം നടക്കാത്തത് പൊലീസുകാര്‍ക്ക് രോഗം പിടിപെടാന്‍ കാരണമാകുന്നു. ഫാനും ട്യൂബ് ലൈറ്റും സ്ഥാപിച്ചിരിക്കുന്നതുപോലും അപകാടവസ്ഥയിലാണ്. എവിടെ തൊട്ടാലും വൈദ്യുഘാതമേല്‍ക്കമെന്ന അവസ്ഥയാണ്, വസ്‌ത്രം അലക്കാനുള്ള കല്ലുകള്‍ പൊലും നല്‍കുന്നില്ല. 

സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള മാലിന്യം ചില ബാരക്കുകളില്‍ പൊട്ടി ഒലിക്കുകയാണ്. ദുര്‍ഗന്ധവും ആസ്‌ബസ്ടോസ് ഷീറ്റി മേഞ്ഞ മേല്‍ക്കുരയില്‍ നിന്നുള്ള ചൂടുമേറ്റ് പൊലീസുകാരുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. മെസ്സിലും പൊലീസ് കണ്‍ട്രോള്‍ റൂമിലും നിന്നുതിരിയാന്‍ സ്ഥലമില്ല. ആവശ്യത്തിന് ഫര്‍ണിച്ചറുമില്ലെന്ന് കത്തില്‍ പറയുന്നു. പമ്പയിലെ പൊലീസ് ബാരക്കിന്‍റെയും കണ്‍ട്രോള്‍ റൂമിന്റെ ശോച്യാവസ്ഥ പൊലീസ് പലതവണ ദേവസ്വം ബോര്‍‍ഡിന്റെ  ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുണ്ടായില്ല. തിക്കിലും തിരിക്കലും പെട്ട് ഭക്തര്‍ക്ക് പരിക്കേറ്റപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് അനുസരിച്ച് ബാരിക്കേഡുകള്‍ മാറ്റി സ്ഥാപിക്കാത്തതിന് ബോ‍ര്‍ഡിനെ ഡി.ജി.പി തന്നെ പരസ്യമായി വിമര്‍ശിച്ചിരുന്നു.

click me!