
2026ലെ രസതന്ത്ര നൊബേൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഹെൻറി ബി കാഗനും കെൻസോ സോയിക്കും പുരസ്കാരം പങ്കിടും. ഓർഗാനിക് കെമിസ്ട്രിയിലെ സുപ്രധാന ചോദ്യങ്ങളിലൊന്നായ കൈറാലിറ്റിക്ക് ഉത്തരം കണ്ടെത്തിയതിനാണ് പുരസ്കാരം. രണ്ട് തന്മാത്രകള്‍ക്ക് പരസ്പര പ്രതിബിംബ സമാന ഘടനയുണ്ടാകുന്നത് എന്ത് കൊണ്ടെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത് ഇവരുടെ ഗവേഷണമാണ്. മരുന്ന് ഗവേഷണത്തിലടക്കം ഈ ഗവേഷണം നിർണായകമായി.
1986ലാണ് ഹെൻറി കാഗൻ രാസപ്രവർത്തനങ്ങളെ നിയന്ത്രിച്ച് പ്രതിബിംബങ്ങളിൽ ഒന്നിനെ മാത്രം നിർമ്മിച്ചെടുക്കാൻ വഴി കണ്ടെത്തിയത്. കെൻസോ സോയി വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെ ഇത് മെച്ചപ്പെടുത്തി. 2023ൽ പ്രതിബിംബ തന്മാത്രകളിൽ ഒന്നിനെ മാത്രമായി ഒരു രാസപ്രവർത്തനത്തിലൂടെ നിർമ്മിച്ചെടുക്കുന്നതിൽ കെൻസോ സോയി വിജയിച്ചു. പിന്നീട് മരുന്ന് നിർമ്മാണത്തിലടക്കം ഈ രീതി ഉപയോഗിക്കപ്പെട്ടു. 96ാം വയസിലാണ് ഹെൻറി ബി കാഗനെ തേടി പുരസ്കാരമെത്തുന്നത്. ഫ്രാൻസിലെ പാരീസ് - സുഡ് സർവകലാശാലയിലെ എമിരറ്റസ് പ്രൊഫസറാണ് ഹെൻറി ബി കാഗൻ. ടോക്യോ സർവകലാശാലയിലെ എമിരിറ്റസ് പ്രൊഫസറാണ് 76 കാരനായ കെൻസോ സോയി ഇപ്പോൾ.