
ദില്ലി: ഇന്ത്യൻ ബഹിരാകാശ രംഗത്തേക്ക് കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിൽ ഐഎസ്ആർഒ ജീവനക്കാർ കടുത്ത ആശങ്കയിൽ. കേന്ദ്ര സർക്കാർ നയത്തിൽ ആശങ്ക അറിയിച്ച് ജീവനക്കാരുടെ ഒൻപത് സംഘടനകൾ ഐഎസ്ആർഒ ചെയർമാന് കത്തെഴുതി. ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കാൻ തുടങ്ങിയതിന് ശേഷം ആദ്യമായാണ് ജീവനക്കാർ ഇത്ര ശക്തമായി സംഘടിച്ച് രംഗത്ത് വരുന്നത്. വാണിജ്യ ആവശ്യങ്ങൾക്ക് സ്വകാര്യ പങ്കാളിത്തമാകാമെങ്കിലും ഐഎസ്ആർഒ പൊതുമേഖലാ സ്ഥാപനമായി നിലനിൽക്കണമെന്ന വികാരമാണ് കത്തിലെ ഉള്ളടക്കം.
ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകൾ ദേശീയ സ്വത്താണ്. വിക്ഷേപണ വാഹന നിർമ്മാണവും പ്രവർത്തനങ്ങളും സ്വകാര്യ മേഖലയ്ക്ക് കൈമാറി ഐഎസ്ആർഒയെ കേവലം ഗവേഷണ സ്ഥാപനമായി ചുരുക്കുന്ന നയം അംഗീകരിക്കാനാവില്ല. ഐഎസ്ആർഒ ഇനി വിക്ഷേപണ വാഹനങ്ങൾ നിർമ്മിക്കില്ലെന്ന ഇൻ-സ്പേസ് ചെയർമാൻ പവൻ ഗോയങ്കെയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സംഘടനകൾ രേഖാമൂലമുള്ള വ്യക്തത തേടിയത്. ഇത് കേന്ദ്ര സർക്കാരിന്റെയോ ബഹിരാകാശ കമ്മീഷന്റെയോ അംഗീകൃത തീരുമാനമാണോ എന്നും, പിഎസ്എൽവി, എൽവിഎം-3, എസ്എസ്എൽവി തുടങ്ങിയ മുൻനിര റോക്കറ്റുകളുടെ രൂപകൽപ്പന, നിർമ്മാണം, വിക്ഷേപണം എന്നിവ ഇനി ഐഎസ്ആർഒയുടെ ചുമതലയിൽ ഉണ്ടാകുമോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.
പുതിയ റോക്കറ്റ്/ഉപഗ്രഹ നിർമ്മാണങ്ങളിൽ നിന്നും ഐഎസ്ആർഒ പിന്മാറിയാൽ സ്ഥാപനത്തിലെ ജോലികൾ കുറയും. സാങ്കേതിക-ശാസ്ത്രജ്ഞ-ഭരണ വിഭാഗങ്ങളിലെ തസ്തികകൾ വെട്ടിക്കുറയ്ക്കപ്പെടും. ഇത് ഇപ്പോഴുള്ള ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെയും പുതിയ സ്ഥിരം നിയമനങ്ങളെയും ദോഷകരമായി ബാധിക്കും. ഇതിനെല്ലാം പുറമെ പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിർമ്മിച്ച സാങ്കേതിക വിദ്യകൾ സ്വകാര്യ കമ്പനികൾക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ മാനദണ്ഡങ്ങൾ വ്യക്തമാക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു. ഐഎസ്ആർഒ സ്റ്റാഫ് അസോസിയേഷൻ, എസ്.എ.സി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ ഉൾപ്പെടെയുള്ള 9 പ്രധാന സംഘടനകൾ ഒപ്പിട്ട നിവേദനത്തിന് രേഖാമൂലം മറുപടി ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.