
വർഷങ്ങളായി ശാസ്ത്രലോകത്തെ അതിശയിപ്പിക്കുന്ന ഏറ്റവും വലിയ പ്രപഞ്ച രഹസ്യങ്ങളിൽ ഒന്നാണ് ‘ഡാർക്ക് മാറ്റർ’ അഥവാ തമോദ്രവ്യം. നേരിട്ട് കാണാനോ അളക്കാനോ കഴിയാത്ത ഈ അദൃശ്യ വസ്‍തു പ്രപഞ്ചത്തിലെ ആകെ ദ്രവ്യത്തിന്‍റെ ഏകദേശം 85 ശതമാനവും ഉൾക്കൊള്ളുന്നതാണെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ഇതിന്‍റെ സാന്നിധ്യം തിരിച്ചറിയാൻ കഴിയുന്നത് അതിന്‍റെ ഗുരുത്വാകർഷണ സ്വാധീനങ്ങളിലൂടെയാണ്.
ഇതുവരെ നിലനിന്നിരുന്ന പ്രധാന സിദ്ധാന്തം പ്രകാരം ഡാർക്ക് മാറ്റർ തണുത്തതും പരസ്‍പരം ഇടപെടാത്തതുമായ കണികകളാൽ രൂപപ്പെട്ടതാണ് എന്നായിരുന്നു. അതായത് ഈ കണങ്ങൾ തമ്മിൽ കൂട്ടിയിടികൾ ഉണ്ടാകാതെ പ്രപഞ്ചത്തിൽ ഒഴുകിക്കൊണ്ടിരിക്കുന്നു. എന്നാൽ പുതിയ ഗവേഷണങ്ങൾ ഈ കാഴ്ചപ്പാടിനെ ചോദ്യം ചെയ്യുകയാണ്.
അമേരിക്കൻ ശാസ്ത്രജ്ഞർ ഫിസിക്കൽ റിവ്യൂ ലെറ്റേഴ്‌സ് ജേർണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ 'സ്വയം സംവദിക്കുന്ന ഇരുണ്ട ദ്രവ്യം' അഥവാ സെൽഫ് ഇന്‍ററാക്റ്റിംഗ് ഡാർക്ക് മാറ്റർ (SIDM) എന്ന ആശയം മുന്നോട്ടുവയ്ക്കുന്നു. ഈ സിദ്ധാന്തം അനുസരിച്ച് ഡാർക്ക് മാറ്റർ കണങ്ങൾ തമ്മിൽ ഇടപെടലുകളും കൂട്ടിയിടികളും നടക്കാം. അത്തരം ഇടപെടലുകൾ 'ഗ്രാവോതെർമൽ കൊളാപ്‍സ്' എന്ന പ്രതിഭാസത്തിന് വഴിയൊരുക്കുന്നു. ഇതിലൂടെ ഡാർക്ക് മാറ്റർ സാന്ദ്രമായ കോർ മേഖലകളായി രൂപപ്പെടുന്നു. ഗ്രാവോതെർമൽ കൊളാപ്‍സ് എന്നത് ഒരു ഹാലോയിലെ ഊർജം പുറത്തേക്ക് ചിതറുമ്പോൾ അതിന്‍റെ ഉള്ളിലെ കേന്ദ്രഭാഗം കൂടുതൽ ചൂടുപിടിക്കുകയും സാന്ദ്രമാവുകയും ചെയ്യുന്ന പ്രതിഭാസമാണ്. പരമ്പരാഗത കോൾഡ് ഡാർക്ക് മാറ്റർ മോഡലിൽ ഇത്തരം സാന്ദ്ര കോറുകൾ രൂപപ്പെടില്ലെന്നാണ് കരുതിയിരുന്നത്.
പുതിയ പഠനം മൂന്ന് വലിയ പ്രപഞ്ച രഹസ്യങ്ങൾക്ക് ഒരൊറ്റ വിശദീകരണം നൽകുന്നു. ഏകദേശം പത്ത് ലക്ഷം സൂര്യന്മാരുടെ ഭാരം തുല്യമായ സെൽഫ് ഇന്‍ററാക്റ്റിംഗ് ഡാർക്ക് മാറ്റർ കൂട്ടങ്ങൾ ഗുരുത്വ ലെൻസിംഗ് സംവിധാനമായ JVAS B1938+666, GD-1 എന്ന നക്ഷത്രധാരയിൽ കണ്ടെത്തിയ രഹസ്യമായ വിടവ്, കൂടാതെ ബഹിരാകാശത്തിലെ ചെറുഗാലക്‌സിയായ ഫോർനാക്‌സ് ഗാലക്‌സിയിലെ ഫോർനാക്സ് 6 നക്ഷത്രക്കൂട്ടം എന്നിവയിലെ അസാധാരണ ഗുരുത്വ സ്വാധീനങ്ങളെ വിശദീകരിക്കാൻ സഹായിക്കുന്നതായി ശാസ്ത്രജ്ഞർ പറയുന്നു.
വ്യത്യസ്‍ത കോസ്‍മിക് അളവുകളിൽ ഒരേ സ്വഭാവം പ്രകടമാകുന്നത് സെൽഫ് ഇന്‍ററാക്റ്റിംഗ് ഡാർക്ക് മാറ്റർ ഒരു സിദ്ധാന്തപരമായ ആശയം മാത്രമല്ല എന്ന സൂചനയാണ് നൽകുന്നത്. ഡാർക്ക് മാറ്ററിന്‍റെ യഥാർഥ സ്വഭാവം കണ്ടെത്താനുള്ള മനുഷ്യരുടെ ശ്രമത്തിൽ ഈ പഠനം നിർണായകമായ വഴിത്തിരിവാകാമെന്ന് ഗവേഷകർ വിലയിരുത്തുന്നു.