അതിസമ്പന്നരെ ബഹിരാകാശം കാണിക്കുന്ന ടൂറിസം പദ്ധതി പൊടുന്നനെ നിർത്തലാക്കി ബ്ലൂ ഒറിജിൻ; കാരണം ഇതാണ്

Published : Feb 02, 2026, 03:50 PM IST
Blue-Origin

Synopsis

2021 മുതൽ, സമ്പന്നരായ വിനോദസഞ്ചാരികൾക്കും പ്രശസ്‍ത വ്യക്തികൾക്കും പ്രത്യേക അതിഥികൾക്കും ബഹിരാകാശ അതിരിലെത്താനുള്ള പത്ത് മിനിറ്റ് ദൈർഘ്യമുള്ള യാത്രകൾ ബ്ലൂ ഒറിജിൻ നടത്തിവന്നിരുന്നു.

കാലിഫോര്‍ണിയ: അമേരിക്കൻ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിൻ തങ്ങളുടെ സബ്‌ഓർബിറ്റൽ ബഹിരാകാശ വിനോദ റോക്കറ്റായ ന്യൂ ഷെപ്പേർഡിന്‍റെ യാത്രകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. 2021 മുതൽ, സമ്പന്നരായ വിനോദസഞ്ചാരികൾക്കും പ്രശസ്‍ത വ്യക്തികൾക്കും പ്രത്യേക അതിഥികൾക്കും ബഹിരാകാശ അതിരിലെത്താനുള്ള പത്ത് മിനിറ്റ് ദൈർഘ്യമുള്ള യാത്രകൾ ബ്ലൂ ഒറിജിൻ നടത്തിവന്നിരുന്നു. എന്നാല്‍ ഈ ബഹിരാകാശ വിനോദയാത്രകള്‍ രണ്ട് വര്‍ഷക്കാലത്തേക്ക് ഇനി ബ്ലൂ ഒറിജിൻ നടത്തില്ല.

ബഹിരാകാശ ടൂറിസവും ബ്ലൂ ഒറിജിനും 

ആമസോൺ സ്ഥാപകനായ ജെഫ് ബെസോസിന്‍റെ നേതൃത്വത്തിലുള്ള ബ്ലൂ ഒറിജിൻ കമ്പനി, കുറഞ്ഞത് രണ്ട് വർഷത്തേക്കെങ്കിലും ഈ ബഹിരാകാശ ടൂറിസം യാത്രകൾ നിർത്തിവയ്ക്കുമെന്ന് വ്യക്തമാക്കി. മനുഷ്യരെ ചന്ദ്രനിലേക്ക് എത്തിക്കുന്നതിനുള്ള ദൗത്യങ്ങൾ വേഗത്തിലാക്കുന്നതിനായി കമ്പനിയുടെ വിഭവങ്ങൾ പുനഃക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ബ്ലൂ ഒറിജിൻ അറിയിച്ചു. നാസയുടെ ആർട്ടിമിസ് III ദൗത്യത്തിനായി മനുഷ്യരെ ചന്ദ്രന്‍റെ ഉപരിതലത്തിലേക്ക് കൊണ്ടുപോകുന്ന ലാൻഡർ വികസിപ്പിക്കാൻ സ്പേസ്‌എക്‌സിനും (SpaceX) ബ്ലൂ ഒറിജിനും നാസ കരാർ നൽകിയിട്ടുണ്ട്. നിലവിൽ ഈ ദൗത്യത്തിനായുള്ള ലാൻഡർ സ്പേസ് എക്സാണ് നൽകുന്നത്. എന്നാൽ, സാങ്കേതികമായ വൈകലുകള്‍ കാരണം ദൗത്യം 2028ന് ശേഷമാകാനുള്ള സാധ്യതയും നിലനിൽക്കുന്നു.

സ്പേസ്‌എക്‌സ് ലാൻഡർ വികസിപ്പിക്കുന്നത് വൈകിയാല്‍ ബ്ലൂ ഒറിജിന്‍റെ ലാൻഡർ ഉപയോഗിക്കാൻ നാസ തയ്യാറാകാമെന്ന് ഗതാഗത വകുപ്പ് സെക്രട്ടറി ഷോൺ ഡഫി നേരത്തെ പറഞ്ഞിരുന്നു. ചൈനയ്‌ക്കെതിരെ ബഹിരാകാശ മത്സരത്തിൽ വിജയിക്കണമെന്ന നിലപാടിലാണ് അമേരിക്കൻ ഭരണകൂടവും കോൺഗ്രസിലെ ചില ശക്തമായ അംഗങ്ങളും. 2030-ഓടെ ചന്ദ്രനിലെത്താൻ ചൈന പദ്ധതിയിടുന്നതിനാൽ, അതിന് മുമ്പ് അമേരിക്ക വീണ്ടും മനുഷ്യരെ ചന്ദ്രനിലെത്തിക്കണമെന്നതാണ് നാസയുടെ ലക്ഷ്യം. നാല് സഞ്ചാരികളെ ചന്ദ്രനെ ചുറ്റി ഭൂമിയില്‍ തിരിച്ചെത്തിക്കുന്ന ആര്‍ട്ടിമിസ് II ദൗത്യം നാസ ഈ മാസം വിക്ഷേപിക്കും.

PREV
Read more Articles on
click me!

Recommended Stories

ജെയിംസ് വെബ് ദൂരദർശിനിയുടെ അത്ഭുത കണ്ടെത്തൽ; പരസ്‍പരം ലയിക്കുന്ന ആറു ഗാലക്സികൾ
ഐഎസ്ആർഓ കേന്ദ്രങ്ങൾക്ക് പുതിയ നേതൃത്വം; ഡോ. യു പി രാജീവ് പുതിയ വിഎസ്എസ്‍സി ഡയറക്ടർ, എൻ ജയൻ എൽപിഎസ്‍സ‍ി മേധാവി