ആർട്ടിക് സമുദ്രത്തിന്‍റെ വലിപ്പം! ചൊവ്വയിൽ ഒരു പുരാതന സമുദ്രമുണ്ടായിരുന്നെന്ന് പുതിയ തെളിവുകൾ

Published : Jan 22, 2026, 02:10 PM IST
Valles Marineris

Synopsis

ചൊവ്വ ഒരിക്കല്‍ ഭൂമി പോലെ നീലഗോളമായിരുന്നോ? ചൊവ്വയിൽ ഭൂമിയിലെ ആർട്ടിക് സമുദ്രത്തിന് സമാനമായ വലിപ്പമുള്ള ഒരു വിശാലമായ പുരാതന കടലിന്‍റെ തെളിവുകൾ തിരിച്ചറിഞ്ഞ് ഗവേഷകര്‍

ബേണ്‍: ഭൂമിയിലെ ആർട്ടിക് സമുദ്രത്തോളം വലിപ്പമുള്ള ഒരു സമുദ്രം ചൊവ്വയിൽ ഒരിക്കൽ ഉണ്ടായിരുന്നിരിക്കാമെന്ന് പുതിയ പഠനം. സ്വിസ് ശാസ്ത്രജ്ഞർ നടത്തിയ ഈ ഗവേഷണം ചൊവ്വ ഒരുകാലത്ത് ഭൂമിയെപ്പോലെ ഒരു നീല ഗ്രഹം ആയിരുന്നുവെന്ന സൂചനകളിലേക്കാണ് നയിക്കുന്നത്. ഏറ്റവും പുതിയ പഠനത്തിൽ ഗവേഷകർ ചൊവ്വയിൽ ഭൂമിയിലെ ആർട്ടിക് സമുദ്രത്തിന് സമാനമായ വലിപ്പമുള്ള ഒരു വിശാലമായ സമുദ്രത്തിന്‍റെ തെളിവുകൾ തിരിച്ചറിഞ്ഞു. ചുവന്ന ഗ്രഹത്തിൽ ഒരിക്കൽ വലിയ നദികളും ഒരുപക്ഷേ സമുദ്രങ്ങളും ഉണ്ടായിരുന്നുവെന്ന് മുൻ നിരീക്ഷണങ്ങളുമുണ്ട്.

ചൊവ്വയിലെ സമുദ്രം, ആ വിശ്വാസം കൂടുതല്‍ ഊട്ടിയുറപ്പിക്കപ്പെടുന്നു

സ്വിറ്റ്സർലൻഡിലെ ബേൺ സർവകലാശാലയിലെ ഗവേഷകരായ ഇഗ്നേഷ്യസ് ഇൻഡി, ഫ്രിറ്റ്സ് ഷ്ലുനെഗർ എന്നിവരടങ്ങുന്ന ഗവേഷണ സംഘമാണ് ചൊവ്വയെ കുറിച്ച് പുതിയ സൂചനകള്‍ കണ്ടെത്തിയിരിക്കുന്നത്. നാസയുടെ മാർസ് റെക്കണിസൻസ്, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മാർസ് എക്‌സ്‌പ്രസ്, എക്സോമാർസ് ട്രേസ് ഗ്യാസ് ഓർബിറ്റർ തുടങ്ങിയവ ഉൾപ്പെടെ ചൊവ്വയെ ചുറ്റുന്ന വിവിധ ബഹിരാകാശ പേടകങ്ങളിൽ നിന്ന് ശേഖരിച്ച ഡാറ്റ വിശകലനം ചെയ്‌തുകൊണ്ടാണ് ഗവേഷകർ ഈ പുതിയ നിഗമനത്തിലെത്തിയത്. എക്സോമാർസ് ട്രേസ് ഗ്യാസ് ഓർബിറ്ററിൽ ഉയർന്ന റെസല്യൂഷനുള്ള വർണ്ണ ചിത്രങ്ങൾ എടുക്കാൻ കഴിയുന്ന ബെർണീസ് മാർസ് എന്ന പ്രത്യേക ക്യാമറയും സജ്ജീകരിച്ചിരുന്നു. ബേൺ സർവകലാശാലയിലെ ശാസ്‌ത്രജ്ഞരുടെ പുതിയ ഗവേഷണത്തില്‍ ഈ ക്യാമറകളില്‍ നിന്നുള്ള ചിത്രങ്ങള്‍ നിർണായക പങ്കുവഹിച്ചു. ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ചൊവ്വ ഗ്രഹത്തിന്‍റെ ഭൂതകാലത്തെ തിരിച്ചറിയാന്‍ നമ്മെ സഹായിക്കുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ ബേൺ സർവകലാശാലയിലെ ഗവേഷകനായ ഇഗ്നേഷ്യസ് അർഗഡെസ്റ്റ്യ സ്പേസ് ഡോട്ട് കോമിനോട് പറഞ്ഞു.

കോപ്രേറ്റ്സ് കാസ്‍മ ചൊവ്വയുടെ ചരിത്രം തിരുത്തുമോ? 

ചൊവ്വ ഗ്രഹത്തിലെ കോപ്രേറ്റ്സ് കാസ്‍മ എന്നറിയപ്പെടുന്ന 620 മൈൽ (1,000 കിലോമീറ്റർ) നീളമുള്ള ഒരു മലയിടുക്കിന്‍റെ തെക്കുകിഴക്കൻ ഭാഗത്ത് നിന്ന് പകര്‍ത്തിയ ഉപഗ്രഹ ചിത്രങ്ങളിലാണ് ഗവേഷകര്‍ കൂടുതല്‍ പഠനം നടത്തിയത്. ചൊവ്വയിലെ ഏറ്റവും വലിയ മലയിടുക്ക് ശൃംഖലയായ വാലെസ് മറൈനറിസിന്‍റെ ഭാഗമാണ് ഈ ഭാഗം. ചുവന്ന ഗ്രഹത്തിന്‍റെ ഭൂമധ്യരേഖയിൽ 2,485 മൈലിലധികം (4,000 കിലോമീറ്റർ) നീളത്തിൽ വാലെസ് മറൈനറിസ് വ്യാപിച്ചുകിടക്കുന്നു. കോപ്രേറ്റ്സ് കാസ്‍മയില്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങളില്‍ ഫാൻ ആകൃതിയിലുള്ള നിക്ഷേപങ്ങൾ തെളിഞ്ഞ് കാണാം. അവ നമ്മുടെ ഗ്രഹത്തിൽ ഒഴുകുന്ന വെള്ളം ഒരു നിശ്ചല വസ്തുവുമായി ചേരുമ്പോൾ രൂപം കൊള്ളുന്ന തരത്തിലുള്ള നദി ഡെൽറ്റകളെപ്പോലെ കാണപ്പെടുന്നുവെന്നാണ് ഗവേഷകരുടെ അനുമാനം. ഈ നിക്ഷേപങ്ങൾ ഒരു പുരാതന തീരത്തിന്‍റെ തെളിവാണെന്നും ബേൺ സർവകലാശാലയിലെ ഗവേഷകർ അഭിപ്രായപ്പെട്ടു. ചൊവ്വയുടെ വടക്കൻ അർദ്ധഗോളത്തിൽ ഒരിക്കൽ ഭൂമിയിലെ ആർട്ടിക് സമുദ്രത്തിന്‍റെ വലിപ്പമുള്ള ഒരു സമുദ്രം ഉണ്ടായിരുന്നുവെന്നും ഗവേഷകർ വാദിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

യുഗാന്ത്യം; സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു, 608 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച വനിത
ഒരു ദിവസം അഗ്നിഗോളമായത് രണ്ട് റോക്കറ്റുകള്‍, ബഹിരാകാശ പദ്ധതികളില്‍ വന്‍ തിരിച്ചടിയേറ്റ് ചൈന