
ഫ്ലോറിഡ: ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ശുഭാംശു ശുക്ല പോകുമ്പോൾ കൂടെ കേരളത്തിൽ നിന്നും ഒരു പരീക്ഷണം കൂടിയുണ്ട്. വെറും പരീക്ഷണമല്ല, കേരളത്തിന്‍റെ സ്വന്തം വിത്തുകൾ ശുഭാംശുവിനൊപ്പം ബഹിരാകാശത്തേക്ക് പോവുകയാണ്. വെള്ളായണി കാർഷിക സർവകലാശാലയും തിരുവനന്തപുരം ഐഐഎസ്‍ടിയും ചേർന്നാണ് ബഹിരാകാശത്തേക്ക് വിത്തിനങ്ങളെ അയക്കുന്നത്. എന്തിനാണ് ഇങ്ങനെയൊരു പരീക്ഷണം, എന്താണ് അതിന്‍റെ ഉദ്ദേശം എന്ന് ഈ പരീക്ഷണത്തിന് പിന്നിലെ ഗവേഷകർ തന്നെ വിശദീകരിക്കുന്നു.
കേരളത്തില്‍ നിന്ന് ആറ് വിത്തിനങ്ങള്‍
'ക്രോപ്‌സ് സീഡ്‌സ് ഇന്‍ ഐഎസ്എസ്' എന്നാണ് ഈ പരീക്ഷണത്തിന്‍റെ പേര്. വെള്ളായണി കാർഷിക സർവകലാശാലയില്‍ നിന്നുള്ള ആറിനം വിത്തിനങ്ങളാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. നെല്‍ വിത്തുകള്‍, പയര്‍ വിത്തുകള്‍, തക്കാളി വിത്തുകള്‍, വഴുതന വിത്തുകള്‍ എന്നിവ ഇതില്‍ അടങ്ങുന്നു. ബഹിരാകാശ നിലയത്തിലെ മൈക്രോഗ്രാവിറ്റി സാഹചര്യത്തില്‍ ഈ വിത്തുകള്‍ക്ക് എന്തെങ്കിലും മാറ്റം വരുമോ എന്നറിയാനാണ് ഇവ അയക്കുന്നത്. ശുഭാംശു ശുക്ല ഈ പരീക്ഷണത്തിന് മേല്‍നോട്ടം വഹിക്കും. നാളിതുവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയിട്ടില്ലാത്ത കേരളത്തിന്‍റെ തനത് വിത്തുകളാണ് അയക്കുന്നത് എന്നതാണ് പരീക്ഷണത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. വെള്ളായണി കാർഷിക സർവകലാശാലയും തിരുവനന്തപുരം ഐഐഎസ്‍ടിയും ചേർന്നുള്ള പരീക്ഷണം സ്പേസ് ബയോളജി രംഗത്ത് രാജ്യത്തിന് മുതല്‍ക്കൂട്ടാകും എന്നാണ് പ്രതീക്ഷ.
ഇന്ന് ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 12.01നാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിൽ ആക്സിയം 4 ദൗത്യം വിക്ഷേപിക്കുക. ഇന്ത്യന്‍ വ്യോമസേന ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് പുറമേ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരടങ്ങുന്നതാണ് ദൗത്യസംഘം. സ്പേസ് എക്‌സിന്‍റെ തന്നെ ഡ്രാഗൺ പേടകത്തിലാണ് ഈ നാല്‍വര്‍ സംഘത്തിന്‍റെ യാത്ര. ജൂൺ 26ന് വൈകുന്നേരം നാലരയോടെ നാലംഗ ദൗത്യ സംഘവുമായി ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും. പതിനാല് ദിവസത്തെ ദൗത്യമാണ് ആക്സിയം ലക്ഷ്യമിടുന്നത്.
ചരിത്രമെഴുതാന്‍ ശുഭാംശു ശുക്ല
നീണ്ട 41 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഭാരതീയൻ ബഹിരാകാശത്തേക്ക് പോകുന്നത്. ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയാണ് ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരി. 1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ യാത്രയ്ക്ക് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്. ആക്സിയം ദൗത്യം വിജയമാകുന്നതോടെ ഐഎസ്എസിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം ശുഭാംശുവിന് സ്വന്തമാകും. ഇതിനൊപ്പം കേരളത്തില്‍ നിന്നുള്ള വിത്തിനങ്ങളും ദൗത്യത്തില്‍ ചരിത്രമെഴുതും.