പ്ലാസ്റ്റിക്കിന് മറുമരുന്ന് വാഴ; അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍

By Web TeamFirst Published Dec 3, 2019, 6:11 PM IST
Highlights

ഒരുതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം ഭൂമി, ജലം, വായു എന്നിവയെ മലിനമാക്കുന്നത് വിവിധതലങ്ങളിലാണ്. ഇവയ്ക്കെല്ലാം പരിഹാരമാകുന്നതാണ് പുതിയ കണ്ടെത്തല്‍. ലോകമെമ്പാടുമുളള പ്ലാസ്റ്റിക് ഉപയോഗത്തില്‍ വ്യാപകമായ രീതിയില്‍ കുറവ് വരുത്താന്‍ ഇത് ഉതകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

ഓസ്ട്രേലിയ: ഭൂമിക്ക് ദോഷമാകുന്ന പ്ലാസ്റ്റിക്കിനെ മാറ്റി നിര്‍ത്താന്‍ വാഴയ്ക്ക് സാധിക്കുമോ? കഴിയുമെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ഭൂമിക്ക് ഒരുതരത്തിലുമുള്ള ദോഷമുണ്ടാക്കാത്ത രീതിയില്‍ വാഴത്തടയില്‍ നിന്ന് പ്ലാസ്റ്റിക് നിര്‍മ്മിക്കാമെന്നാണ് കണ്ടെത്തല്‍. വാഴക്കുല വെട്ടിക്കഴിഞ്ഞാല്‍ പലപ്പോഴും വെറുതെ കളയുന്ന വാഴത്തടയില്‍ നിന്ന് പരിസ്ഥിതിക്ക് ഒരുതരത്തിലും ദോഷമാകാത്ത രീതിയിലുള്ള ബയോ ഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് നിര്‍മിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഒരുതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം ഭൂമി, ജലം, വായു എന്നിവയെ മലിനമാക്കുന്നത് വിവിധതലങ്ങളിലാണ്. ഇവയ്ക്കെല്ലാം പരിഹാരമാകുന്നതാണ് പുതിയ കണ്ടെത്തല്‍.

ലോകമെമ്പാടുമുളള പ്ലാസ്റ്റിക് ഉപയോഗത്തില്‍ വ്യാപകമായ രീതിയില്‍ കുറവ് വരുത്താന്‍ ഇത് ഉതകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. വാഴനാരുകൊണ്ട് പല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിലെ സാധ്യതകള്‍ തേടി ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്സിറ്റിയില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് വാഴത്തടയുടെ പുതിയ സാധ്യതകള്‍ തെളിഞ്ഞത്. 

നിലവില്‍ വാഴയുടെ 12 ശതമാനം ഭാഗമാണ് ഉപയോഗിക്കുന്നത്. വാഴയുടെ ഭൂരിഭാഗമായ വാഴത്തട ഉപയോഗിക്കാതെ പോവുകയാണ് പതിവ്. തുണി നിര്‍മാണത്തിനും വാഴത്തട ഉപയോഗിക്കാമെന്നിരിക്കെയാണ് ഇത് ആളുകള്‍ ഉപേക്ഷിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

വാഴത്തട റീസൈക്കിള്‍ ചെയ്യാനുള്ള സാധ്യതകളുടെ ദീര്‍ഘമായ നടപടികള്‍ ചുരുക്കാനുള്ള മാര്‍ഗവും ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്‍റ് പൊഫസറായ ജയശ്രീആര്‍കോട്ട്, പ്രൊഫസര്‍ മാര്‍ട്ടിന സ്റ്റെന്‍സെല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റേതാണ് കണ്ടെത്തല്‍. 

വാഴത്തട ചെറുതായി കഷ്ണങ്ങള്‍ ആക്കുന്നതോടെയാണ് ഈ റീസൈക്കിള്‍ പ്രക്രിയ തുടങ്ങുന്നത്. ഇവയെ പിന്നീട് ചെറിയ ചൂടില്‍ ഉണക്കിയെടുക്കിയ ശേഷം പൊടിയാക്കി എടുക്കുന്നു. ഈ പൊടിയെ ചെറിയൊരു കെമിക്കല്‍ ട്രീറ്റ്മെന്‍റിന് വിധേയമാക്കുന്നു. ഇതിലൂടെ നാനോസെല്ലുലോസായി വേര്‍തിരിക്കുന്നു. ഇതില്‍ നിന്നാണ് സെല്ലുലോസ് ഫൈബര്‍ നിര്‍മ്മിക്കുന്നത്. ശേഷിക്കുന്ന പൗഡറുപയോഗിച്ച് പ്ലാസ്റ്റിക് ഷീറ്റും നിര്‍മ്മിക്കാമെന്നുമാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. 

ഷോപ്പിങിന് ഉപയോഗിക്കുന്ന ബാഗ് മുതല്‍ ബേക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന ടിന്നുകള്‍ വരെ ഇവ ഉപയോഗിച്ച് നിര്‍മ്മിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ പ്ലാസ്റ്റിക്കിനെ മൂന്നു തവണ വരെ റീസൈക്കിള്‍ ചെയ്യാനാുമെന്നും ഗവേഷകര്‍ പറയുന്നു. മണ്ണിലേക്ക് എറിഞ്ഞ് കളഞ്ഞാല്‍ സാധാരണ പ്ലാസ്റ്റിക് പോലെ നശിക്കാതെ കിടക്കുകയില്ല. മണ്ണില്‍ ഇവ അലിഞ്ഞ് ചേരുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇവയുടെ ഉപയോഗം ഒരുതരത്തിലുമുള്ള ഉപദ്രവം ഉണ്ടാക്കുന്നുമില്ലെന്നാണ് ലാബ് ടെസ്റ്റുകള്‍ വിശദമാക്കുന്നത്. കുറഞ്ഞ ചെലവില്‍ ഇത്തരം പ്ലാസ്റ്റിക് നിര്‍മ്മിക്കാന്‍ വിവിധ കമ്പനികളുടെ സഹായം തേടിയിരിക്കുകയാണ് ഗവേഷകര്‍ ഇപ്പോള്‍.  

click me!