വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ; ചിത്രങ്ങള്‍ പുറത്തുവിട്ടു

Published : Dec 03, 2019, 07:04 AM ISTUpdated : Dec 03, 2019, 09:00 AM IST
വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ; ചിത്രങ്ങള്‍ പുറത്തുവിട്ടു

Synopsis

ഇന്ത്യൻ സ്വദേശിയായ മെക്കാനിക്കൽ എഞ്ചിനിയീർ ഷൺമുഖമാണ് കണ്ടെത്തലിന് പിന്നിൽ. പ്രദേശത്തിന്‍റെ പഴയ ചിത്രങ്ങളും ക്രാഷ് ലാൻഡിംഗിന് ശേഷമുള്ള ചിത്രങ്ങളും പഠിച്ച ശേഷമാണ് ഷൺമുഖ സുബ്രഹ്മണ്യൻ വിക്രമിന്‍റെ അവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞത്....

ബെംഗളൂരു: അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമം, ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ശ്രമത്തിനിടെ 'കാണാതായ' വിക്രം ലാൻഡറിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ അറിയിച്ചു. ലൂണാർ റിക്കണിസൻസ് ഓർബിറ്റർ എന്ന നാസയുടെ ചാന്ദ്ര ഉപഗ്രഹമാണ് വിക്രമിന്‍റെ അവശിഷ്ടങ്ങളും ക്രാഷ് ചെയ്ത സ്ഥലവും കണ്ടെത്തിയത്. ഇന്ത്യൻ സ്വദേശിയായ മെക്കാനിക്കൽ എഞ്ചിനിയർ ഷൺമുഖമാണ് കണ്ടെത്തലിന് പിന്നിൽ. 

21 കഷ്ണങ്ങളായി ചിന്നിചിതറിയ നിലയിലാണ് വിക്രമുള്ളത്. ക്രാഷ് ലാൻഡിംഗിൽ ലാൻഡർ പൂർണ്ണമായി നശിച്ചുവെന്ന കാര്യത്തിൽ ഇതോടെ സ്ഥിരീകരണമായി. 

നാസ പുറത്ത് വിട്ട ചിത്രം ചുവടെ:

സെപ്റ്റംബർ ഏഴിന് പുലർച്ചെയാണ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ശ്രമിച്ചത്.  ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ നിന്ന് 600  കിലോമീറ്റർ മാറി, മാൻസിനസ് സി, സിംപ്ലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ പദ്ധതിയിട്ടിരുന്നത്. ഈ പ്രദേശത്തിന്‍റെ, വിക്രം ക്രാഷ് ലാൻഡ് ചെയ്തതിന് മുമ്പും അതിന് ശേഷവും എടുത്ത ചിത്രങ്ങൾ താരതമ്യം ചെയ്താണ് വിക്രമിന്‍റെ അവശിഷ്ടങ്ങളുടെ സ്ഥാനം നാസ കണ്ടെത്തിയത്. 

സെപ്റ്റംബർ 17ന് ലൂണാർ റെക്കോണിസൻസ് ഓർബിറ്റർ പകർത്തിയ ചിത്രങ്ങൾ നാസ തങ്ങളുടെ വെബ്സൈറ്റിലൂടെ പൊതുജനത്തിന് ലഭ്യമാക്കിയിരുന്നു, ഈ ചിത്രത്തിൽ നിന്നാണ് ചെന്നൈ സ്വദേശിയായ ഷണ്‍മുഖ സുബ്രഹ്മണ്യൻ വിക്രമിനെ തിരിച്ചറിഞ്ഞത് പ്രദേശത്തിന്‍റെ പഴയ ചിത്രങ്ങളും ക്രാഷ് ലാൻഡിംഗിന് ശേഷമുള്ള ചിത്രങ്ങളും പഠിച്ച ശേഷമാണ് ഷൺമുഖ സുബ്രഹ്മണ്യൻ വിക്രമിന്‍റെ അവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞത്. 

വിവരങ്ങൾ ഷൺമുഖ നാസയ്ക്ക് കൈമാറിയെങ്കിലും കൂടുതൽ വ്യക്തത ആവശ്യമായതിനാൽ നാസ വിവരം പുറത്ത് വിട്ടിരുന്നില്ല. പിന്നീട് ഒക്ടോബർ 14നും 15നും നവംബർ 11നും പ്രദേശത്തിന്‍റെ കൂടുതൽ വ്യക്തമായ ചിത്രങ്ങൾ എൽആർഒ പകർത്തി. ഈ ചിത്രങ്ങൾ കൂടി പഠന വിധേയമാക്കിയ ശേഷമാണ് ഷൺമുഖയുടെ കണ്ടെത്തൽ നാസ ശരിവച്ചത്. 

നാസയുടെ ട്വീറ്റ്:
 

നിർണ്ണായക കണ്ടെത്തൽ നടത്തിയ ഷൺമുഖ സുബ്രഹ്മണ്യനെ അഭിനന്ദിച്ച് നാസ ഇ മെയിൽ അയച്ചു. മെക്കാനിക്കൽ എഞ്ചിനിയറും ബ്ലോഗറുമാണ് ചെന്നൈ സ്വദേശിയായ ഷൺമുഖ. 

 

ബന്ധം നഷ്ടപ്പെട്ട ശേഷം വിക്രമിന് എന്ത് സംഭവിച്ചുവെന്ന കാര്യത്തിൽ കാര്യമായ വിശദീകരണങ്ങളൊന്നും ഇസ്രൊയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. നടന്നത് ഹാർഡ് ലാൻഡിംഗായിരുന്നുവെന്ന ഇസ്രൊ ചെയർമാൻ ഡോ കെ ശിവൻ അടുത്ത ദിവസം മാധ്യമങ്ങൾക്ക് അനുവദിച്ച അഭിമുഖത്തിൽ സ്ഥിരീകരിച്ചുവെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരുന്നില്ല. പിന്നീട് സെപ്റ്റംബർ 10ന് വിക്രമിന്‍റെ സ്ഥാനം കണ്ടെത്തിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചുവെങ്കിലും ലാൻഡറിന് എന്ത് സംഭവിച്ചുവെന്ന് അറിയിച്ചിരുന്നില്ല. 

അന്നത്തെ വാർത്ത: ഓർബിറ്റ‌ർ വിക്രമിനെ കണ്ടെത്തി; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇസ്രൊ ...

കൂടതൽ വായനയ്ക്ക്, ( പഴയ റിപ്പോർട്ടുകൾ) 

1. 2.1 കിലോമീറ്റർ വരെ എല്ലാം കിറുകൃത്യം, പിന്നീട് സിഗ്നലുകൾ നഷ്ടമായി: വിലയിരുത്താൻ ഐഎസ്ആർഒ 

2. ചന്ദ്രയാൻ രണ്ട്: വിക്രം ലാൻഡറുമായി ബന്ധം നഷ്ടപ്പെട്ടിട്ട് ഏഴ് ദിവസം; ഇസ്രൊയുടെ വാക്കുകൾക്ക് കാതോർത്ത് രാജ്യം

 

PREV
click me!

Recommended Stories

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ