പരീക്ഷണത്തിനിടെ തീഗോളമായി ന്യൂ ഗ്ലെൻ റോക്കറ്റ്; സ്വപ്‌നപദ്ധതികൾക്ക് തിരിച്ചടി

Published : May 30, 2026, 04:28 PM ISTUpdated : May 30, 2026, 04:31 PM IST
New Glenn

Synopsis

ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നടന്ന പ്രീ-ലോഞ്ച് പരീക്ഷണത്തിനിടെ ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെൻ റോക്കറ്റ് പൊട്ടിത്തെറിച്ചു. സാങ്കേതിക തകരാർ മൂലമുണ്ടായ ഈ അപകടം, നാസയുടെ ആർട്ടെമിസ്, ആമസോണിന്റെ കുയ്പർ തുടങ്ങിയ സുപ്രധാന പദ്ധതികളെ പ്രതികൂലമായി ബാധിച്ചേക്കാം.

ഫ്ലോറിഡ: ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ പ്രീ-ലോഞ്ച് പരീക്ഷണത്തിനിടെ ബ്ലൂ ഒറിജിന്‍റെ ന്യൂ ഗ്ലെൻ റോക്കറ്റ് പൊട്ടിത്തെറിച്ചു. മെയ് 28 വ്യാഴാഴ്ച വൈകുന്നേരം നടന്ന ഹോട്ട്‌ഫയർ പരീക്ഷണത്തിനിടെയാണ് അപകടം ഉണ്ടായത്. ഏഴ് BE-4 എൻജിനുകൾ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിനിടെ റോക്കറ്റിൽ ഉണ്ടായ സാങ്കേതിക തകരാറാണ് വൻ സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായി ഹോട്ട്‌ഫയർ പരീക്ഷണം പതിവായി നടത്താറുണ്ട്. റോക്കറ്റ് വിക്ഷേപിക്കുന്നതിന് മുമ്പ്, ഭൂമിയിൽ ഉറപ്പിച്ച നിലയിൽ എൻജിനുകൾ പ്രവർത്തിപ്പിച്ച് അവയുടെ പ്രവർത്തനക്ഷമതയും സുരക്ഷയും പരിശോധിക്കുന്ന നടപടിയാണ് ഇത്. ന്യൂ ഗ്ലെൻ റോക്കറ്റിന്‍റെ ആദ്യഘട്ട എൻജിനുകൾ വിജയകരമായി പ്രവർത്തനം ആരംഭിച്ചെങ്കിലും, തുടർന്ന് റോക്കറ്റിന്‍റെ അടിഭാഗത്ത് അപ്രതീക്ഷിത തകരാർ സംഭവിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തകരാറിനെ തുടർന്ന് ആദ്യഘട്ട ഭാഗത്ത് തീപിടിത്തമുണ്ടായി. പിന്നാലെ രണ്ടാം ഘട്ടം നിയന്ത്രണം നഷ്‌ടപ്പെട്ട നിലയിൽ ചെരിയാൻ തുടങ്ങി. മീഥേനും ദ്രവ ഓക്‌സിജനും ഇന്ധനമായി ഉപയോഗിച്ചിരുന്ന റോക്കറ്റിൽ തീ പടർന്നതോടെ വലിയ സ്ഫോടനം ഉണ്ടാകുകയായിരുന്നു. നിമിഷങ്ങൾക്കകം റോക്കറ്റ് തീഗോളമായി മാറിയതായി ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഈ അപകടം ബ്ലൂ ഒറിജിന്‍റെ ഭാവി പദ്ധതികൾക്ക് വലിയ തിരിച്ചടി ആയേക്കുമെന്നാണ് വിലയിരുത്തൽ. മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് പദ്ധതിയിൽ ബ്ലൂ ഒറിജിന് പ്രധാന പങ്കുണ്ട്. ബ്ലൂ മൂൺ എന്ന ലൂണാർ ലാൻഡർ വികസിപ്പിക്കുന്നതിനായി കമ്പനിയെ നാസ തിരഞ്ഞെടുത്തിരുന്നു. 2028-ഓടെ മനുഷ്യരെ ചന്ദ്രനിലേക്ക് തിരിച്ചെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ ദൗത്യം ഒരുക്കിയിരുന്നത്.

ന്യൂ ഗ്ലെൻ റോക്കറ്റിന്‍റെ നഷ്‍ടം ആർട്ടെമിസ് പദ്ധതിയുടെ സമയക്രമത്തെ ബാധിക്കുമോ എന്നത് സംബന്ധിച്ച് നാസ വിശദമായ വിലയിരുത്തൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഭാവിയിലെ ചന്ദ്രദൗത്യങ്ങൾക്കും ചന്ദ്രോപരിതല ഗവേഷണ പദ്ധതികൾക്കും ഇതിന്‍റെ സ്വാധീനം ഉണ്ടാകാമെന്നാണ് വിലയിരുത്തൽ.

അതേസമയം, ആമസോണിന്‍റെ കുയ്‌പർ ഉപഗ്രഹ പദ്ധതിക്കും ഈ അപകടം തിരിച്ചടിയാകാൻ സാധ്യതയുണ്ട്. ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് സേവനം ലോകമെമ്പാടും എത്തിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ 49 കുയ്‌പര്‍ ഉപഗ്രഹങ്ങൾ ന്യൂ ഗ്ലെൻ റോക്കറ്റിൽ വിക്ഷേപിക്കാൻ പദ്ധതിയിട്ടിരുന്നു. റോക്കറ്റിന്‍റെ നഷ്‌ടത്തോടെ ആ ദൗത്യത്തിന്‍റെ ഭാവിയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

സംഭവത്തിന്‍റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി ബ്ലൂ ഒറിജിനും ബന്ധപ്പെട്ട അന്വേഷണ ഏജൻസികളും വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. ബഹിരാകാശ രംഗം വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ന്യൂ ഗ്ലെൻ പദ്ധതിക്ക് ഈ സംഭവം വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

 

PREV
Read more Articles on
click me!

Recommended Stories

ചൊവ്വയുടെ അന്തരീക്ഷത്തിൽ അപൂർവ സൗരവാത പ്രഭാവം കണ്ടെത്തി നാസയുടെ മാവെൻ പേടകം
ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ വമ്പൻ മനുഷ്യവാസ കേന്ദ്രം സ്ഥാപിക്കുമെന്ന് നാസ; പദ്ധതി പ്രഖ്യാപിച്ചു