ചൊവ്വയുടെ അന്തരീക്ഷത്തിൽ അപൂർവ സൗരവാത പ്രഭാവം കണ്ടെത്തി നാസയുടെ മാവെൻ പേടകം

Published : May 30, 2026, 09:26 AM IST
Mars Rock

Synopsis

നാസയുടെ മാവെൻ ദൗത്യം ചൊവ്വയിൽ 'സ്വാൻ-വുൾഫ് പ്രതിഭാസം' എന്ന അപൂർവ പ്രക്രിയ കണ്ടെത്തി. ശക്തമായ ആഗോള കാന്തികക്ഷേത്രമില്ലാത്ത ചൊവ്വയിൽ ഈ പ്രതിഭാസം കണ്ടെത്തിയത് ശാസ്ത്രലോകത്തിന്‍റെ നിലവിലെ ധാരണകളെ ചോദ്യം ചെയ്യുന്നു. സൗരവാതവും ഗ്രഹങ്ങളുടെ അന്തരീക്ഷവും തമ്മിലുള്ള ഇടപെടലുകളെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഈ കണ്ടെത്തൽ പുതിയ ദിശാബോധം നൽകുന്നു.

അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ (NASA) മാവെൻ (MAVEN) ദൗത്യത്തിൽ നിന്നുള്ള പുതിയ കണ്ടെത്തൽ ചൊവ്വാഗ്രഹത്തിന്‍റെ അന്തരീക്ഷത്തെക്കുറിച്ചുള്ള ശാസ്ത്രലോകത്തിന്‍റെ ധാരണകൾക്ക് പുതിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്. ചൊവ്വയ്ക്ക് ഭൂമിയെപ്പോലെ ശക്തമായ ആഗോള കാന്തികക്ഷേത്രം ഇല്ല എന്നത് ഏറെക്കാലമായി ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്ന കാര്യമാണ്. ഈ അഭാവം തന്നെയാണ് കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ചൊവ്വയുടെ അന്തരീക്ഷം സൗരവാതത്തിന്‍റെ സ്വാധീനത്തിൽ ബഹിരാകാശത്തിലേക്ക് ചോർന്നുപോകാൻ കാരണമായതെന്നും കരുതപ്പെടുന്നു. എന്നാൽ, ഇപ്പോഴത്തെ പഠനം ഈ ധാരണയെ കൂടുതൽ ആഴത്തിൽ പരിശോധിക്കേണ്ട സാഹചര്യം സൃഷ്‍ടിച്ചിരിക്കുകയാണ്.

ചൊവ്വയില്‍ സ്വാൻ-വുൾഫ് പ്രതിഭാസം

നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ 'സ്വാൻ-വുൾഫ് പ്രതിഭാസം' (Zwan-Wolf phenomenon) എന്ന അപൂർവ പ്രക്രിയ ആദ്യമായി ഒരു ഗ്രഹത്തിന്‍റെ അന്തരീക്ഷത്തിൽ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. സൂര്യനിൽ നിന്ന് പുറപ്പെടുന്ന ചാർജ് ചെയ്‌ത കണങ്ങളായ സൗരകാറ്റും (solar wind) കാന്തികതടസ്സങ്ങളും തമ്മിലുള്ള ഇടപെടലിലൂടെ പ്ലാസ്‍മ സങ്കോചിച്ച് 'ഫ്ലക്സ് ട്യൂബ്' എന്ന ഘടനകൾ രൂപപ്പെടുന്ന പ്രതിഭാസം ആണിത്. 1976-ൽ സിദ്ധാന്തമായി മുന്നോട്ടുവച്ച ഈ പ്രതിഭാസം, ശക്തമായ ആഗോള കാന്തികക്ഷേത്രമുള്ള ഗ്രഹങ്ങളിൽ മാത്രമേ ഉണ്ടാകൂ എന്നായിരുന്നു ഇതുവരെ ശാസ്ത്രലോകത്തിന്‍റെ വിലയിരുത്തൽ.

വെസ്റ്റ് വർജീനിയ സർവകലാശാലയിലെ ഗവേഷകനായ ക്രിസ്റ്റഫർ ഫൗളറിന്‍റെ നേതൃത്വത്തിലുള്ള സംഘം 2023 ഡിസംബറിൽ ചൊവ്വയെ ബാധിച്ച ശക്തമായ സൗര കൊടുങ്കാറ്റിന് ഇടയിലുണ്ടായ അസാധാരണ കാന്തിക ഡാറ്റ പരിശോധിച്ചപ്പോഴാണ് ഈ പുതിയ നിർണായക കണ്ടെത്തലിലേക്ക് എത്തിയത്. ശക്തമായ സൗരകൊടുങ്കാറ്റിന്‍റെ സമയത്ത് മാത്രമാണ് ഈ പ്രതിഭാസം വ്യക്തമായി കണ്ടെത്താനായതെന്നും സാധാരണ സാഹചര്യങ്ങളിൽ ഇത് വളരെ ദുർബലമായ നിലയിൽ തുടരുമെന്നും ഗവേഷകർ വിലയിരുത്തുന്നു.

ഈ കണ്ടെത്തൽ ചൊവ്വയ്ക്ക് പുറമേ ശുക്രൻ, ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ പോലുള്ള ആഗോള കാന്തികക്ഷേത്രമില്ലാത്ത ഗ്രഹ-ഉപഗ്രഹങ്ങളിലെ സൗരകാറ്റ് ഇടപെടലുകളെക്കുറിച്ചുള്ള പഠനങ്ങൾക്കും പുതിയ ദിശ നൽകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഭാവിയിൽ ഗ്രഹങ്ങളുടെ അന്തരീക്ഷ നഷ്‍ടവും ബഹിരാകാശ കാലാവസ്ഥയും വിലയിരുത്തുന്ന മാതൃകകളിൽ ഈ പഠനം നിർണായക സ്വാധീനം ചെലുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ വമ്പൻ മനുഷ്യവാസ കേന്ദ്രം സ്ഥാപിക്കുമെന്ന് നാസ; പദ്ധതി പ്രഖ്യാപിച്ചു
കോസ്‍മിക് പൊടിക്ക് പിന്നിൽ മറഞ്ഞിരുന്ന 77 അപൂർവ ചുവന്ന ക്വാസറുകൾ കണ്ടെത്തി ഗവേഷകർ