
ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് കൂടുതൽ കൃത്രിമ ഉപഗ്രഹങ്ങൾ വിക്ഷേപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാലാവധി തീരുമ്പോള്‍ കൃത്രിമോപഗ്രഹങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഭ്രമണപഥം താഴ്‌ത്തി ചാമ്പലാക്കുകയാണ് (ഡീകമ്മീഷന്‍) സ്പേസ്എക്‌സ് അടക്കം ചെയ്യുന്നത്. സ്റ്റാര്‍ലിങ്ക് എന്ന ലോകത്തെ ഏറ്റവും വലിയ സാറ്റലൈറ്റ് ശൃംഖലയാണ് സ്പേസ്എക്‌സിന്‍റെത്. ഇങ്ങനെ സാറ്റലൈറ്റുകള്‍ അവ വീണ്ടും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്‍ടങ്ങൾ ഭൂമിയിലെ ജീവജാലങ്ങളെ ബാധിക്കുമോ എന്ന ആശങ്ക ഇതിനിടെ ഉയരുന്നു. ഇതുമായി ബന്ധപ്പെട്ട് കാനഡയിലെ ഗവേഷകർ നടത്തിയ പുതിയ പഠനം ഗൗരവകരമായ കണ്ടെത്തലുകളാണ് മുന്നോട്ട് വെക്കുന്നത്.
യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ ഇവാൻ റൈറ്റ് നേതൃത്വം നൽകിയ സംഘം 11 വ്യത്യസ്‍ത സാറ്റലൈറ്റ് മെഗാകോൺസ്റ്റലേഷനുകളെ കുറിച്ചാണ് പഠനം നടത്തിയത്. ആകെ 73,369 കൃത്രിമോപഗ്രഹങ്ങൾ ഉൾപ്പെടുന്ന ഈ കൂട്ടം അന്തരീക്ഷത്തിലേക്ക് മടങ്ങിവരുമ്പോൾ എന്ത് സംഭവിക്കാമെന്ന് ഗവേഷകർ ഈ പഠനത്തിൽ വിലയിരുത്തി. കൃത്രിമോപഗ്രഹങ്ങള്‍ പൂർണമായും കത്തി നശിക്കാതെ അവശിഷ്‌ടങ്ങൾ ഭൂമിയിൽ പതിച്ചാൽ, ഭൂമിയിലെ ജീവജാലങ്ങൾക്ക് പരിക്കോ മരണമോ സംഭവിക്കാനുള്ള സാധ്യത 40 ശതമാനം വരെയാണെന്ന് ഈ പഠനം സൂചിപ്പിക്കുന്നു. ലോകം ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ മത്സരിച്ച് വിക്ഷേപിക്കുമ്പോൾ, ഓരോന്നിന്‍റെയും ചെറിയ ഭാഗം അവശേഷിക്കുകയാണെങ്കില്‍ പോലും ഭൂമിയിലെ ആളുകൾക്ക് അപകടസാധ്യത ഗണ്യമായി ഉയരുമെന്നും അദേഹം കൂട്ടിച്ചേർത്തു.
അലുമിനിയം പോലുള്ള കുറഞ്ഞ മെൽറ്റിംഗ് പോയിന്‍റുള്ള വസ്‍തുക്കൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പൂർണമായും കത്തിപ്പോകാൻ കൂടുതൽ സാധ്യതയുള്ളതാണ്. എന്നാൽ സ്റ്റെയിൻലെസ് സ്റ്റീൽ, ടൈറ്റാനിയം, ടംഗ്സ്റ്റൺ, ബെറിലിയം, സിലിക്കൺ കാർബൈഡ് തുടങ്ങിയ വസ്‍തുക്കൾ പൂർണമായി നശിക്കാതെ ശേഷിക്കാം. ഇവ സാധാരണയായി ഇന്ധന ടാങ്കുകൾക്കും റിയാക്ഷൻ വീലുകൾക്കും ഉപയോഗിക്കുന്ന വസ്‍തുക്കളാണ്. ഉപഗ്രഹങ്ങൾ അന്തരീക്ഷത്തിലേക്ക് വേഗത്തിൽ പ്രവേശിക്കുമ്പോൾ എയറോഡൈനാമിക് സമ്മർദ്ദം അവയെ തകർക്കും. അതേസമയം, ഉയർന്ന താപനില വസ്‍തുക്കളെ ചെറുതായ കണങ്ങളാക്കി മാറ്റും. എങ്കിലും, വലിയ കൃത്രിമോപഗ്രഹങ്ങൾ പൂർണമായും കത്തിപ്പോകാത്ത സാഹചര്യങ്ങൾ ചിലപ്പോള്‍ ഉണ്ടാകാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
നിലവിലുള്ള പല മാനദണ്ഡങ്ങളും ഓരോ ഉപഗ്രഹത്തെ മാത്രം പരിഗണിച്ചാണെന്നും ആയിരക്കണക്കിന് സാറ്റലൈറ്റുകളുടെ അവശിഷ്‍ടങ്ങൾ ഉണ്ടാക്കുന്ന സംയുക്ത പ്രത്യാഘാതം ഇതുവരെ വിലയിരുത്തിയിട്ടില്ല എന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഇത്തരം അവശിഷ്‍ടങ്ങളെ നിയന്ത്രിച്ച് പ്രത്യേക സ്ഥലങ്ങളിലേക്ക് തിരിച്ചിറക്കിയില്ല എങ്കിൽ, ഈ സാറ്റലൈറ്റ് അവശിഷ്‌ടങ്ങൾ യാദൃച്ഛികമായ പ്രദേശങ്ങളിൽ വീണ് ഭൂമിയിലെ അടിസ്ഥാന സൗകര്യങ്ങൾക്കും വിമാന ഗതാഗതത്തിനും ഉൾപ്പെടെ ഭീഷണിയാകാം എന്നും പഠനം പറയുന്നു.