
വാഷിംഗ്‌ടണ്‍: നൂറ്റാണ്ടുകളായി മനുഷ്യരെ ആകർഷിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി പ്രതിഭാസമാണ് നോര്‍ത്തേണ്‍ ലൈറ്റ്‌സ് അഥവാ അറോറ. മലയാളത്തില്‍ ഇതിനെ ധ്രുവദീപ്‌തി എന്ന് വിളിക്കുന്നു. പച്ച, വയലറ്റ്, ചുവപ്പ് നിറങ്ങളിൽ തിരമാല രൂപത്തിൽ ആകാശത്ത് തെളിയുന്ന ഈ പ്രകാശവിസ്‍മയം കണ്ണിനും മനസിനും ആനന്ദം പകരുന്നു. ഈ മനോഹര ദൃശ്യത്തിനുപിന്നിൽ ശക്തമായ ബഹിരാകാശ ഭൗതികശാസ്ത്ര പ്രവർത്തനങ്ങളാണുള്ളത്. അറോറകള്‍ യഥാർഥത്തിൽ എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തത നേടാൻ നാസ (NASA) ഇപ്പോൾ പുതിയൊരു റോക്കറ്റ് ദൗത്യം പ്രഖ്യാപിച്ചിരിക്കുകയാണ്. മനുഷ്യശരീരത്തെ പരിശോധിക്കുന്ന സിടി സ്‍കാനിനെപ്പോലെ അറോറയെ സ്‍കാൻ ചെയ്യുകയാണ് നാസയുടെ ലക്ഷ്യം.
ഇതിനായി അലാസ്‍കയിലെ പോക്കർ ഫ്ലാറ്റ് റിസർച്ച് റേഞ്ചിൽ നിന്നും പുതിയ ദൗത്യം വിക്ഷേപിക്കപ്പെടും. രണ്ട് ‘സൗണ്ടിംഗ് റോക്കറ്റുകൾ’ ആണ് സജീവ അറോറ മേഖലകളിലേക്ക് നേരിട്ട് പറക്കുന്നത്. ഏതെങ്കിലും ശക്തമായ അറോറ പ്രവർത്തന സമയത്ത് ഭൂമിയിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ ഉയരത്തിലേക്കാണ് ഈ റോക്കറ്റുകള്‍ വിക്ഷേപിക്കപ്പെടുക. കാലാവസ്ഥയും സൗരപ്രവർത്തനങ്ങളും കൃത്യമായി നിരീക്ഷിച്ച ശേഷമേ ഇതിനുള്ള വിക്ഷേപണ സമയം നിശ്ചയിക്കൂ.
സൗണ്ടിംഗ് റോക്കറ്റുകൾ സാധാരണ ബഹിരാകാശ യാത്രയ്ക്കുള്ള വൻ റോക്കറ്റുകൾ അല്ല. കുറച്ചുനേരം നീണ്ടുനിൽക്കുന്ന ശാസ്ത്രീയ പഠനങ്ങൾക്കായി രൂപകൽപ്പന ചെയ്‌ത ചെറു റോക്കറ്റുകളാണ് ഇവ. ഏതാനും മിനിറ്റുകൾക്കുള്ളിൽ ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ ഇവക്ക് കഴിയും. ഭാരം കുറഞ്ഞ ശാസ്ത്രീയ ഉപകരണങ്ങളാണ് ഇവ വഹിക്കുന്നത്. ഈ ദൗത്യത്തിൽ പ്ലാസ്‍മ സെൻസറുകളും റേഡിയോ ട്രാൻസ്‍മിറ്ററുകളും റിസീവറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ വൈദ്യുത ക്ഷേത്രങ്ങളും കണങ്ങളുടെ ചലനവും അളക്കും.
സൂര്യനിൽ നിന്നുള്ള ചാർജ്ജിത കണങ്ങൾ ഭൂമിയുടെ കാന്തികക്ഷേത്രരേഖകൾ പിന്തുടർന്ന് അന്തരീക്ഷത്തിലേക്ക് കടക്കുമ്പോഴാണ് അറോറകൾ രൂപപ്പെടുന്നത്. അന്തരീക്ഷത്തിലെ വാതകങ്ങളുമായി ഇവ കൂട്ടിമുട്ടുമ്പോൾ പ്രകാശം ചിതറുന്നു. ഭൂമിയെയും ബഹിരാകാശത്തെയും ബന്ധിപ്പിക്കുന്ന വൻ വൈദ്യുത സർക്യൂട്ടുകൾ പോലെയാണ് അറോറകൾ പ്രവർത്തിക്കുന്നത് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
നാസ അയക്കുന്ന രണ്ട് സൗണ്ടിംഗ് റോക്കറ്റുകളിലെ ഓരോ റോക്കറ്റും എട്ട് ചെറിയ സെൻസറുകൾ വീതം വിന്യസിക്കും. അറോറയുടെ അകത്തേക്ക് വ്യാപിക്കുന്ന ഇവ പ്ലാസ്മയിലൂടെ റേഡിയോ സിഗ്നലുകൾ അയക്കും. സിഗ്നലുകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വിശകലനം ചെയ്‌ത് ഗവേഷകർ വൈദ്യുത പ്രവാഹങ്ങളുടെ ത്രീഡി മാപ്പ് തയ്യാറാക്കും. ഇത് മനുഷ്യശരീരത്തിന്‍റെ സിടി സ്‍കാനിനെപ്പോലെ അറോറയുടെ വൈദ്യുത ഘടന വ്യക്തമാക്കും.
അറോറകളെ പഠിച്ച് ഇലക്‌ട്രോണുകളുടെ ചലനം, വൈദ്യുത പ്രവാഹത്തിന്‍റെ ദിശയും ശക്തിയും, ഊർജ കൈമാറ്റ പ്രക്രിയ എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തുകയാണ് ഗവേഷകരുടെ ലക്ഷ്യം. അറോറ അഥവാ ധ്രുവദീപ്‌തി ചിലപ്പോൾ പലവിധ നിറത്തിൽ പ്രത്യക്ഷപ്പെടുന്നതിന്‍റെ രഹസ്യവും ഈ ദൗത്യം വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.