പ്രപഞ്ചത്തിന്‍റെ ഏറ്റവും വലിയ ത്രീഡി മാപ്പ്; ഡാർക്ക് എനർജിയുടെ രഹസ്യത്തിലേക്ക് പുതിയ വഴിത്തിരിവ്

Published : Apr 19, 2026, 11:48 AM IST
DESI

Synopsis

ഡാർക്ക് എനർജി സ്പെക്‌‌ട്രോസ്കോപിക് ഇൻസ്ട്രുമെന്‍റ് (DESI) തങ്ങളുടെ ദൗത്യം പൂർത്തിയാക്കി പ്രപഞ്ചത്തിന്‍റെ ഏറ്റവും വലിയ 3D മാപ്പ് തയ്യാറാക്കി. 11 ബില്യൺ വർഷത്തെ കോസ്മിക് ചരിത്രം ഉൾക്കൊള്ളുന്ന ഈ മാപ്പിലെ പ്രാഥമിക ഡാറ്റ, ഡാർക്ക് എനർജി സ്ഥിരമല്ലെന്നും സമയത്തിനനുസരിച്ച് മാറുന്ന ഒന്നാകാമെന്നും സൂചന നൽകുന്നു. 

പ്രപഞ്ച ശാസ്‍ത്രം അഥവാ കോസ്മോളജിയിലെ ശ്രദ്ധേയമായ നേട്ടമായി, ഡാർക്ക് എനർജി സ്പെക്‌‌ട്രോസ്കോപിക് ഇൻസ്ട്രുമെന്‍റ് (DESI) തങ്ങളുടെ അഞ്ച് വർഷത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കി. ഇതിന്‍റെ ഭാഗമായി ഇതുവരെ സൃഷ്‌ടിക്കപ്പെട്ട ഏറ്റവും വലിയ ത്രിമാന (3D) മാപ്പാണ് ഇപ്പോൾ ശാസ്ത്രലോകത്തിന് മുന്നിൽ എത്തിയത്. 11 ബില്യൺ വർഷത്തിലധികം വ്യാപിച്ചിരിക്കുന്ന കോസ്‍മിക് ചരിത്രം ഉൾക്കൊള്ളുന്ന ഈ മാപ്പിൽ നൂറുകണക്കിന് മില്യൺ ഗാലക്‌സികളും ക്വാസാറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

കിറ്റ് പീക്കിലെ 4 മീറ്റർ മയാൽ ടെലിസ്കോപ്പിൽ സ്ഥാപിച്ചിരിക്കുന്ന ഡാർക്ക് എനർജി സ്പെക്‌‌ട്രോസ്കോപിക് ഇൻസ്ട്രുമെന്‍റ് (DESI) സംവിധാനം, അത്യാധുനിക റോബോട്ടിക് ഫൈബർ-ഓപ്റ്റിക് പൊസിഷനർമാരുടെ സഹായത്തോടെ ആകാശഗംഗകളുടെ സ്പെക്‌ട്രങ്ങള്‍ ശേഖരിച്ചു. ഇതിലൂടെ അവയുടെ ദൂരങ്ങൾ കൃത്യമായി നിർണ്ണയിക്കാൻ സാധിച്ചു. അഞ്ച് വർഷത്തിനിടെ 47 മില്യണിൽ അധികം ഗാലക്‌സികളും ക്വാസാറുകളും 20 മില്യൺ നക്ഷത്രങ്ങളും ഉൾപ്പെടുന്ന റെഡ്‌ഷിഫ്റ്റ് ഡാറ്റ ശേഖരിക്കപ്പെട്ടു. മുൻകാല 3ഡി സർവേകളുടെ താരതമ്യത്തിൽ ഇത് ആറ് ഇരട്ടിയിലധികം വലിയ ഡാറ്റാസെറ്റാണ്.

ഡാർക്ക് എനർജി സ്പെക്‌‌ട്രോസ്കോപിക് ഇൻസ്ട്രുമെന്‍റിന്‍റെ (DESI) പ്രാരംഭ കണ്ടെത്തലുകൾ ഡാർക്ക് എനർജിയെക്കുറിച്ചുള്ള നിലവിലുള്ള ധാരണകളെ ചോദ്യം ചെയ്യുന്നതാണ്. ഇതുവരെ കോസ്മോളജിക്കൽ കോൺസ്റ്റന്‍റ് എന്ന ആശയം അനുസരിച്ച് ഡാർക്ക് എനർജി സ്ഥിരമാണെന്ന് കരുതിയിരുന്നു. എന്നാൽ പുതിയ ഡാറ്റ പ്രകാരം ഇത് സമയത്തിനനുസരിച്ച് മാറുന്ന ഘടകമായിരിക്കാമെന്ന് സൂചനകൾ ലഭിക്കുന്നു. ഇത് ശരിവയ്ക്കപ്പെടുകയാണെങ്കിൽ, കോസ്മോളജിയിലും അടിസ്ഥാന ഭൗതികശാസ്ത്രത്തിലും വലിയൊരു മാറ്റത്തിന് വഴിയൊരുങ്ങും.

ഈ പഠനവുമായി ബന്ധപ്പെട്ട കൂടുതൽ വിശദമായ വിശകലനങ്ങൾ അടുത്ത വർഷങ്ങളിൽ തുടരുമെന്നും, 2027-ഓടെ പ്രധാനപ്പെട്ട ശാസ്ത്രീയ പ്രസിദ്ധീകരണങ്ങൾ പുറത്തിറങ്ങുമെന്നും ഗവേഷകർ അറിയിച്ചു. ശാസ്ത്രജ്ഞർ സൃഷ്‌ടിച്ച ഈ 3ഡി മാപ്പ് ഡാർക്ക് മാറ്ററും ഡാർക്ക് എനർജിയും കൂടുതൽ ആഴത്തിൽ പഠിക്കാൻ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം, നമ്മുടെ പ്രപഞ്ചത്തിന്‍റെ ഉത്ഭവവും വികാസവും ഭാവിയും സംബന്ധിച്ച കൂടുതൽ വ്യക്തമായ അറിവുകൾ ഇതിലൂടെ ലഭ്യമാകും. ഈ നേട്ടം ശാസ്ത്രലോകത്തിന് വലിയൊരു മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ പ്രപഞ്ചത്തിന്‍റെ ആഴത്തിലുള്ള രഹസ്യങ്ങൾ തുറക്കാനുള്ള പുതിയ വഴികൾ ഇതിലൂടെ തുറക്കപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിൽ അനുഭവപ്പെടുന്ന ചൂട് അസാധാരണം, വേനൽമഴ വൈകിപ്പിക്കുന്ന കാലാവസ്ഥാ പ്രതിഭാസം! എന്താണ് സംസ്ഥാനത്തെ ചുട്ടുപൊള്ളിക്കുന്ന ആന്‍റി സൈക്ലോൺ
സിഗ്നസ് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; വൻ രഹസ്യങ്ങളുടെ ചുരുളഴിയും