
ഫ്ലോറിഡ: കേപ് കാനവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് 2026 ഏപ്രിൽ 11-ന് വിക്ഷേപിച്ച സിഗ്നസ് എക്‌സ്‌എല്‍ (Cygnus XL) ആളില്ലാ കാര്‍ഗോ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) എത്തി. നാസയുടെ കൊമേഴ്‌സ്യൽ റീസപ്ലൈ സർവീസസ്-24 (CRS-24) മിഷന്‍റെ ഭാഗമായാണ് ഈ വിക്ഷേപണം നടന്നത്. ഏകദേശം 11,000 പൗണ്ട് ഭാരം വരുന്ന ശാസ്ത്രീയ ഉപകരണങ്ങളും ആവശ്യസാധനങ്ങളും ഐഎസ്എസിലേക്ക് എത്തിക്കുകയായിരുന്നു ഈ ദൗത്യത്തിന്‍റെ ലക്ഷ്യം. കൂടുതൽ ചരക്ക് വഹിക്കാന്‍ ശേഷിയുള്ള സിഗ്നസ് എക്‌സ്എല്ലിന്‍റെ രണ്ടാം യാത്രയായ ഈ മിഷൻ, ബഹിരാകാശ ഗവേഷണത്തിൽ ഒരു പ്രധാന ഘട്ടമായി വിലയിരുത്തപ്പെടുന്നു.
മുൻ നാസ ബഹിരാകാശയാത്രികനായ സ്റ്റീവൻ ആർ. നാഗലിന്‍റെ ബഹുമാനാർഥമാണ് ഈ സ്പേസ്‌ക്രാഫ്റ്റിന് എസ്എസ് സ്റ്റീവൻ ആർ. നാഗൽ എന്ന പേര് നൽകിയിരിക്കുന്നത്. നാല് സ്പേസ് ഷട്ടിൽ മിഷനുകളിൽ പങ്കെടുത്ത സ്റ്റീവൻ 723 മണിക്കൂർ ബഹിരാകാശത്തിൽ ചെലവഴിച്ച അനുഭവസമ്പത്തുള്ള വ്യക്തിയായിരുന്നു.
എക്സ്പെഡിഷൻ 74/75 സംഘത്തിനായി നിരവധി നിർണായക ശാസ്ത്രീയ പരീക്ഷണങ്ങളാണ് സിഗ്നസ് എക്‌സ്‌എല്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ചത്. കോൾഡ് ആറ്റം ലാബിലേക്ക് പുതിയ യൂണിറ്റ് ചേർക്കുന്നതിലൂടെ പൊതുവായ ആപേക്ഷികതാ സിദ്ധാന്തം, ഗ്രഹങ്ങളുടെ ഘടന, ഡാർക്ക് മാറ്റർ തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾക്ക് വഴിയൊരുങ്ങും. ഇതുകൂടാതെ, ബഹിരാകാശത്തിലെ മൈക്രോഗ്രാവിറ്റി സാഹചര്യം ഉപയോഗപ്പെടുത്തി രക്തസംബന്ധമായ രോഗങ്ങൾക്കും കാൻസറിനും ചികിത്സിക്കാൻ കൂടുതൽ ഫലപ്രദമായ സ്റ്റം സെല്ലുകൾ നിർമ്മിക്കാൻ സഹായിക്കുന്ന സാങ്കേതിക ഉപകരണങ്ങളും ഈ ദൗത്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സിഗ്നസ് XL-ന്‍റെ ഐഎസ്‌എസ് പ്രവേശനം നാസ ബഹിരാകാശയാത്രികരായ ജാക്ക് ഹാത്തവേയും ക്രിസ് വില്യംസും ചേര്‍ന്നാണ് നിയന്ത്രിച്ചത്. Canadarm2 റോബോട്ടിക് കൈ ഉപയോഗിച്ച് ജാക്ക് സ്പേസ്‌ക്രാഫ്റ്റിനെ പിടിച്ചുനിർത്തിയപ്പോള്‍, ക്രിസ് സമീപനവും സുരക്ഷയും നിരീക്ഷിച്ചു. സിഗ്നസ് XL ഏകദേശം രണ്ട് വർഷത്തോളം അന്താരാഷ്‌ട്ര ബഹിരാകാശ നിലയവുമായി ബന്ധിപ്പിച്ച നിലയിൽ തുടരും. തുടർന്ന്, ആയിരക്കണക്കിന് പൗണ്ട് മാലിന്യങ്ങളുമായി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങി ഇല്ലാതാകും. ഈ ദൗത്യം ഭാവിയിലെ ബഹിരാകാശ ഗവേഷണങ്ങൾക്കും മനുഷ്യരാശിയുടെ ശാസ്ത്രീയ പുരോഗതിക്കും പുതിയ സാധ്യതകൾ തുറക്കും എന്നാണ് വിലയിരുത്തൽ.