ചരിത്രമെഴുതി സ്പേസ് എക്സ്; ഡ്രാഗൺ സ്പേസ് സ്റ്റേഷനിൽ എത്തി

By Web TeamFirst Published Mar 3, 2019, 8:25 PM IST
Highlights

ആറ് ദിവസങ്ങൾക്ക് ശേഷം ക്യാപ്സൂൾ സ്പേസ് സ്റ്റേഷനിൽ നിന്ന് വേർപ്പെട്ട് സുരക്ഷിതമായി ഭൂമിയിൽ തിരികെ എത്തിയാൽ പരീക്ഷണം പൂ‌ർണ്ണ വിജയമാകും. പരീക്ഷണം വിജയിച്ചാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മനുഷ്യനെ എത്തിക്കാൻ ശേഷിയുള്ള ആദ്യസ്വകാര്യ കമ്പനിയായി സ്പേസ് എക്സ് മാറും.

സ്പേസ് എക്സിന്‍റെ ഡ്രാഗൺ കാപ്സ്യൂൾ വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക് ചെയ്തു. ഇതോടെ വാണിജ്യ അടിസ്ഥാനത്തിലുളള ബഹിരാകാശ യാത്രാപദ്ധതിയിലേക്ക് സ്പേസ് എക്സ് ഒരു ചുവടു കൂടി അടുത്തു. ആറ് ദിവസങ്ങൾക്ക് ശേഷം ക്യാപ്സൂൾ സ്പേസ് സ്റ്റേഷനിൽ നിന്ന് വേർപ്പെട്ട് സുരക്ഷിതമായി ഭൂമിയിൽ തിരികെ എത്തിയാൽ പരീക്ഷണം പൂ‌ർണ്ണ വിജയമാകും.

മനുഷ്യരില്ലാത്ത ഡ്രാ​ഗൺ കാപ്സ്യൂളിൽ ആസ്ട്രോനോട്ട് വേഷം ധരിപ്പിച്ച റിപ്ലി എന്ന ഡമ്മിയും നിലവിൽ ഐസ്എസിൽ ഉള്ള ഗവേഷകർക്കാവശ്യമായ സാമഗ്രികളും മാത്രമാണ് ഉള്ളത്. പേടകത്തിനകത്തെ കൃത്രിമ സാഹ​ചര്യങ്ങളിലെ മാറ്റം പഠിക്കുന്നതിനായുള്ള വ്യത്യസ്ത സെൻസറുകൾ റിപ്ലി ഡമ്മിയിലുണ്ട്. അടുത്ത വെള്ളിയാഴ്ചയാകും ഡ്രാ​ഗൺ കാപ്സ്യൂളിന്‍റെ ഭൂമിയിലേക്കുള്ള മടക്കം. 

പരീക്ഷണം വിജയിച്ചാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മനുഷ്യനെ എത്തിക്കാൻ ശേഷിയുള്ള ആദ്യസ്വകാര്യ കമ്പനിയായി സ്പേസ് എക്സ് മാറും. നിലവിൽ നിലയത്തിലേക്കുള്ള കാർഗോ എത്തിക്കുന്ന ദൗത്യം സ്പേസ് എക്സ് നി‌ർവഹിക്കുന്നുണ്ട്. 2011ൽ സ്പേസ് ഷട്ടിൽ പദ്ധതി അവസാനിപ്പിച്ചതിന് ശേഷം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ അമേരിക്കയ്ക്ക് ബഹിരാകാശ വാഹനമില്ല. ബഹിരാകാശ നിലയത്തിലേക്കടക്കം യാത്രികരെ എത്തിക്കാൻ റഷ്യൻ സോയൂസ് റോക്കറ്റുകളെയാണ് നാസ ആശ്രയിച്ചിരുന്നത്.  ഈ വർഷം ജൂലൈയോടെ സ്പേസ് എക്സ് വാഹനത്തിൽ യാത്രികരെ നിലയത്തിലെത്തിക്കുകയാണ് നാസയുടെ ലക്ഷ്യം. രണ്ട് ബഹിരാകാശ യാത്രികർ ഇതിനായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു.

ടെസ്‍ല കമ്പനി സ്ഥാപകനായ എലോൺ മസ്ക് 17 വർഷം മുമ്പ് തുടങ്ങിയ കമ്പനിയാണ് സ്പേസ് എക്സ്. ഭൂമിയിലെ ഏറ്റവും ശക്തമായ റോക്കറ്റ് ,പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റ് തുടങ്ങി വൻനേട്ടങ്ങൾ ഇതിനോടകം  തന്നെ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. 

സ്പേസ് എക്സിനെക്കൂടാതെ ബോയിംഗും നാസക്കായി പ്രത്യേക ബഹിരാകാശ വാഹനം രൂപകൽപ്പന ചെയ്യുന്നുണ്ട്. സ്റ്റാർ ലൈനർ എന്ന് പേരിട്ടിരിക്കുന്ന ഈ പേടകവും അടുത്ത് തന്നെ പരീക്ഷണ വിക്ഷേപണം നടത്തും.

click me!