ട്രംപ്-മസ്‌ക് തമ്മിലടി; 1.8 ലക്ഷം കോടി രൂപയുടെ സ്പേസ് എക്സ് കരാറുകള്‍ പ്രതിസന്ധിയില്‍, വഴിമുട്ടുമോ യുഎസ് ബഹിരാകാശ പദ്ധതികള്‍?

Published : Jun 06, 2025, 12:51 PM ISTUpdated : Jun 06, 2025, 12:54 PM IST
SpaceX- ISRO- GSAT-20

Synopsis

നിലവില്‍ റോക്കറ്റ് ലോഞ്ചുകളിലും സാറ്റ്‌ലൈറ്റ് വിക്ഷേപണങ്ങളിലും ലോകത്തുതന്നെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനിയാണ് സ്പേസ് എക്സ്

ടെക്‌സസ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്‍റെ ഉടമ ഇലോണ്‍ മസ്കും തമ്മിലുള്ള വാക്‌യുദ്ധം എവിടെച്ചെന്ന് അവസാനിക്കും? ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയ ശക്തിയായ അമേരിക്കയുടെ എല്ലാ സ്വപ്നങ്ങളും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ട്രംപും മസ്കും തമ്മിലുള്ള ശീതയുദ്ധം. ബഹിരാകാശ രംഗത്ത് നാസയും മസ്കിന്‍റെ സ്പേസ് എക്‌സുമായി 1.8 ലക്ഷം കോടി രൂപയുടെ കരാറുകള്‍ നിലവിലുള്ളതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ നാസയുടെ പ്രധാന ബഹിരാകാശ ദൗത്യങ്ങളുടെയെല്ലാം പങ്കാളിയാണ് സ്പേസ് എക്സ്. ഈ കരാറുകള്‍ക്ക് വിള്ളല്‍ വരുമോ എന്നാണ് ബഹിരാകാശ ഗവേഷണ രംഗം ഉറ്റുനോക്കുന്നത്.

ഒന്നും രണ്ടുമല്ല, ഏകദേശം 1.8 ലക്ഷം കോടി രൂപ ($22 billion) മൂല്യം വരുന്ന കരാറുകളാണ് ബഹിരാകാശ രംഗത്ത് യുഎസ് സര്‍ക്കാരും ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സും തമ്മിലുള്ളത്. മസ്കിന്‍റെ കമ്പനികള്‍ക്കുള്ള ആനുകൂല്യങ്ങളും ഇളവുകളും കരാറുകളും റദ്ദാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതോടെയാണ് ഈ കരാറുകളില്‍ പ്രതിസന്ധി ഉടലെടുത്തത്. എനിക്കുള്ള കരാറുകള്‍ റദ്ദാക്കിയാല്‍ നാസ ഉപയോഗിച്ചുവരുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകം ഡീകമ്മീഷന്‍ ചെയ്യുമെന്ന് മസ്ക് തുറന്നടിച്ചിരുന്നു. അമേരിക്കന്‍ ബഹിരാകാശ പദ്ധതികളിലെ പ്രധാന പങ്കാളിയാണ് മസ്കിന്‍റെ കമ്പനിയായ സ്പേസ് എക്സ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രക്കാരെയും കാര്‍ഗോയും നാസയ്ക്ക് വേണ്ടി എത്തിക്കുന്നത് സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ പേടകമാണ്. ഇതിനായി അഞ്ച് ബില്യണ്‍ ഡോളറിന്‍റെ കരാറാണ് നാസയും സ്പേസ് എക്സും തമ്മിലുള്ളത് എന്നാണ് റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ട്. ഡ്രാഗണ്‍ പേടകം പിന്‍വലിക്കപ്പെട്ടാല്‍ അത് ഐഎസ്എസിന്‍റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും.

നിലവില്‍ റോക്കറ്റ് ലോഞ്ചുകളിലും സാറ്റ്‌ലൈറ്റ് വിക്ഷേപണങ്ങളിലും ലോകത്തുതന്നെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനിയാണ് സ്പേസ് എക്സ്. ഡോണള്‍ഡ് ട്രംപ് രണ്ടാംവട്ടവും അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പുതന്നെ ബഹിരാകാശ രംഗത്തെ കരുത്തരായി സ്പേസ് എക്സ് മാറിയിരുന്നു. ട്രംപ് അധികാരമേറ്റതോടെ നാസയുടെ തലപ്പത്തും പദ്ധതികളിലും ബജറ്റിലും വലിയ മാറ്റങ്ങളുണ്ടായെങ്കിലും നാസയുടെ പ്രധാന വിക്ഷേപണങ്ങളുടെയെല്ലാം പങ്കാളി സ്പേസ് എക്സായിരുന്നു. ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയക്കാന്‍ ലക്ഷ്യമിട്ടുള്ള നാസയുടെ ആര്‍ട്ടെമിസ് പദ്ധതിയിലെ പങ്കാളികള്‍ സ്പേസ് എക്സാണ്. മസ്കാവട്ടെ, ചൊവ്വയിലേക്ക് മനുഷ്യനെ ആദ്യമായി അയക്കാനുള്ള പദ്ധതികള്‍ക്ക് മൂര്‍ച്ച കൂട്ടിക്കൊണ്ടുമിരിക്കുന്നു.

ഇലോണ്‍ മസ്ക് 2022ല്‍ സ്ഥാപിച്ച സ്വകാര്യ ബഹിരാകാശ വിക്ഷേപണ കമ്പനിയാണ് സ്പേസ് എക്സ്. നാസയില്‍ നിന്ന് 15 ബില്യണ്‍ ഡോളറിന്‍റെ വിവിധ കരാറുകളാണ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപണങ്ങള്‍ക്കായും, സ്റ്റാര്‍ഷിപ്പ് വികസനങ്ങള്‍ക്കുമടക്കം സ്പേസ് എക്സ് നേടിയത്. പുനരുപയോഗിക്കാന്‍ കഴിയുന്ന സ്റ്റാര്‍ഷിപ്പ് റോക്കറ്റ്, മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് അയക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ് ദൗത്യങ്ങള്‍ക്കായിക്കൂടി വിഭാവനം ചെയ്യുന്ന വിക്ഷേപണ വാഹനമാണ്. പെന്‍റഗണിന്‍റെ ദേശീയ സുരക്ഷാ സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിക്കുന്നതിനായി ബില്യണ്‍ ഡോളറുകള്‍ മൂല്യമുള്ള കരാര്‍ നേടിയതും സ്പേസ് എക്സാണ്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിക്കായി വമ്പന്‍ രഹസ്യ കൃത്രിമ ഉപഗ്രഹ ശൃംഖല സ്ഥാപിച്ചതും മസ്കിന്‍റെ ഈ കമ്പനിയാണ്.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും