പുതിയ പഠനങ്ങൾ പ്രകാരം ചന്ദ്രൻ ഇപ്പോഴും സജീവമാണെന്നും ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കുന്നു. സ്മിത്‍സോണിയൻ ഗവേഷകർ കണ്ടെത്തിയ ആയിരക്കണക്കിന് ചെറു വരമ്പുകൾ ഇതിന് തെളിവാണ്. ഈ ഭൗമശാസ്ത്രപരമായ പ്രവർത്തനം ചന്ദ്രകമ്പങ്ങൾക്ക് കാരണമായേക്കാം.
ഇത്രകാലവും നാം കരുതിയിരുന്നതുപോലെ ശാന്തമായൊരു പാറക്കൂട്ടമല്ല ചന്ദ്രൻ എന്ന് പുതിയ പഠനങ്ങൾ. ഭൂമിയുടെ അയൽക്കാരൻ ഇന്നും സജീവമാണെന്നും അത് കുലുങ്ങിക്കൊണ്ടിരിക്കുകയാണെന്നുമാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. സ്‍മിത്‍സോണിയൻ ഇൻസ്റ്റിറ്റ്യൂഷനിലെ ഗവേഷക സംഘമാണ് ചന്ദ്രനിൽ ചെറിയ മടക്കുകള്‍ അഥവാ 'സ്മോൾ മാരി റിഡ്‍ജുകൾ' (Small Mare Ridges – SMRs) ഉൾപ്പെടുത്തിയ ആദ്യ സമഗ്ര ഭൂപടം തയ്യാറാക്കിയത്. ഭൂമിയിൽ നിന്ന് കാണുന്ന ചന്ദ്രനിലെ ഇരുണ്ട പ്രദേശങ്ങളായ ലൂണർ മറിയയിൽ ആണ് ഗവേഷകർ ആയിരക്കണക്കിന് ചെറു വരമ്പുകൾ കണ്ടെത്തിയിരിക്കുന്നത്. ഇവ ഭൗമശാസ്ത്രപരമായി അധികം പഴക്കമില്ലാത്ത ഘടനകളാണെന്ന് പഠനം വ്യക്തമാക്കുന്നു. ചന്ദ്രന്‍റെ ഭൂപ്രകൃതി ഇന്നും ക്രമേണ ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഭാവിയിലെ ദൗത്യങ്ങൾക്ക് ചന്ദ്രകമ്പങ്ങൾ (moonquakes) വെല്ലുവിളിയാകാമെന്നും ദ പ്ലാനേറ്ററി സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനഫലങ്ങൾ വ്യക്തമാക്കുന്നു.
ചന്ദ്രോപരിതലത്തിൽ പുതിയ 1,114 പുതിയ വരമ്പുകള്‍ കണ്ടെത്തി
ചന്ദ്രോപരിതലത്തിൽ പുതിയ 1,114 പുതിയ മടക്കുകളാണ് സ്‍മിത്‍സോണിയൻ നാഷണൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിലെ ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ചന്ദ്രോപരിതലത്തിൽ ഇതുവരെ ആകെ അറിയപ്പെട്ടിരുന്ന വരമ്പുകളുടെ എണ്ണം 2,634 ആയി ഉയർന്നു. വിശകലനങ്ങൾ പ്രകാരം ഇവയുടെ ശരാശരി പ്രായം ഏകദേശം 124 ദശലക്ഷം വർഷമാണെന്ന് കണ്ടെത്തി. അതായത് ഭൂവിജ്ഞാനശാസ്ത്രപരമായി ഇത് വളരെ പുതിയതാണ്. ചില റിഡ്‌ജുകൾക്ക് വെറും 50 ദശലക്ഷം വർഷം മാത്രമേ പ്രായമുള്ളൂ. ഇത് ചന്ദ്രന്‍റെ ഉയർന്ന പ്രദേശങ്ങളിലെ സമാന ഘടനകളുടെ പ്രായവുമായി ഒത്തുപോകുന്നു. അതായത് ചന്ദ്രന്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു.
ഈ റിഡ്‍ജുകൾ രൂപപ്പെട്ടത് ചന്ദ്രനിലെ ലൊബേറ്റ് സ്‍കാർപ്പുകൾ സൃഷ്‌ടിച്ച അതേ സമ്മർദ്ദബലങ്ങളാൽ തന്നെയാണെന്ന് പഠനം വ്യക്തമാക്കുന്നു. അതായത്, ചന്ദ്രന്‍റെ ടെക്റ്റോണിക് പ്രവർത്തനം വ്യാപകവും സമാന ഉത്ഭവവുമുള്ളതാണെന്ന് പഠനം പറയുന്നു. ഈ കണ്ടെത്തൽ ചന്ദ്ര ടെക്റ്റോണിസത്തിന്‍റെ സമഗ്ര ദൃശ്യം നൽകുന്നുവെന്ന് പഠനത്തിന്‍റെ മുഖ്യരചയിതാവും സ്‍മിത്‍സോണിയൻ സെന്‍റർ ഫോർ എർത്ത് ആൻഡ് പ്ലാനറ്ററി സ്റ്റഡീസിലെ ഭൗമശാസ്ത്രജ്ഞനുമായ കോൾ നൈപേവർ പറഞ്ഞു.
ചന്ദ്രകമ്പങ്ങൾ മനുഷ്യ ദൗത്യങ്ങള്‍ക്ക് ഭീഷണി
ഈ കണ്ടെത്തൽ മറ്റൊരു നിർണായക സൂചനയും നൽകുന്നു. ഒരുകാലത്ത് ശാന്തമെന്ന് കരുതിയിരുന്ന ചന്ദ്രനിലെ മാരിയ പ്രദേശങ്ങളിലുടനീളം ഭാവിയിൽ വൻ ചലനങ്ങൾ അഥവാ ചന്ദ്രകമ്പങ്ങൾ ഉണ്ടായേക്കാം എന്നതാണത്. ചന്ദ്രകമ്പങ്ങൾ മുമ്പ് കരുതിയതിലും വലിയ വിസ്‍തൃതിയിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
ഭാവിയിൽ നാസയുടെ ആർട്ടിമിസ് പ്രോഗ്രാം പോലുള്ള ദൗത്യങ്ങൾ ഈ കണ്ടെത്തലിന്‍റെ പ്രാധാന്യം പ്രയോജനപ്പെടുത്തുമെന്ന് കോൾ നൈപേവർ വ്യക്തമാക്കി. ചന്ദ്രന്‍റെ ടെക്റ്റോണിക് സ്വഭാവത്തെക്കുറിച്ചുള്ള വ്യക്തമായ അറിവ് ഭാവിയിൽ ചന്ദ്രനിലേക്കുള്ള മനുഷ്യ ദൗത്യങ്ങളുടെ സുരക്ഷയ്‌ക്കും വിജയത്തിനും നിർണായകമാകുമെന്നാണ് ശാസ്ത്രലോകത്തിന്‍റെ വിലയിരുത്തൽ. മനുഷ്യരെ വീണ്ടും ചന്ദ്രനിലേക്ക് അയയ്ക്കാനുള്ള ആർട്ടിമിസ് ദൗത്യത്തിനായി തയ്യാറെടുക്കുന്ന നാസയ്ക്ക്, സുരക്ഷിതമായ ലാൻഡിംഗ് സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഈ വിവരങ്ങൾ നിർണായകമായിരിക്കും.



