യുദ്ധഭൂമിയിലെപ്പോലെ ലഫ്റ്റനന്റ് കേണൽ റുബിയോ ബഹിരാകാശത്തും സ്റ്റാറായത് ഇങ്ങനെ.!

By Web TeamFirst Published Oct 1, 2023, 9:39 AM IST
Highlights

2022 സെപ്റ്റംബർ 21നാണ് റുബിയോ ബഹിരാകാശത്ത് താമസം തുടങ്ങിയത്. ഇതിനിടയിൽ ആറായിരത്തോളം തവണ അദ്ദേഹം ഭൂമിയെ വലംവച്ചു. 

ന്യൂയോര്‍ക്ക്:  ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം താമസിച്ച യുഎസ് പൗരന്റെ റെക്കോർഡ് സ്വന്തമാക്കി നാസായാത്രികൻ ഫ്രാങ്ക് റുബിയോ. 371 ദിവസം ബഹിരാകാശത്ത് താമസിച്ച ശേഷം അദ്ദേഹം മടങ്ങിയെത്തി. റഷ്യയുടെ സെർജി പ്രോകോപ്യേവ്, ഡിമിത്രി പെറ്റലിൻ എന്നിവർക്കൊപ്പമാണ് റുബിയോ തിരിച്ചുവന്നത്.സോയൂസ് എംഎസ് 23 ക്യാപ്സ്യൂളിലാണ് റുബിയോയും സഹയാത്രികരും എത്തിയത്. പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് തിരികെയെത്തിയത്. കസഖ്സ്ഥാനിലെ ഡിസെസ്‌കസ്ഗാൻ പട്ടണത്തിന് തെക്കുകിഴക്കായായിരുന്നു പേടകം വീണത്.

180 ദിവസത്തെ ദൗത്യമായിരുന്നു എങ്കിലും ഇത് പിന്നിട് 371 ദിവസത്തേക്കു നീളുകയായിരുന്നു. മുൻപ് ഒരു യുഎസ് പൗരൻ ബഹിരാകാശത്ത് ചെലവഴിച്ച ഏറ്റവും കൂടിയ കാലയളവ് 355 ദിവസമായിരുന്നു .2022 സെപ്റ്റംബർ 21നാണ് റുബിയോ ബഹിരാകാശത്ത് താമസം തുടങ്ങിയത്. ഇതിനിടയിൽ ആറായിരത്തോളം തവണ അദ്ദേഹം ഭൂമിയെ വലംവച്ചു. ആകെ മൊത്തം 25 കോടിയിലധികം കിലോമീറ്ററാണ് ഇക്കാലയളവിൽ മാത്രം സഞ്ചരിച്ചത്. 2017ലാണ് നാസയുടെ ആസ്ട്രനോട്ട് ഗ്രൂപ്പിന്റെ 22 അംഗ സംഘത്തിൽ റുബിയോ എത്തുന്നത്.

ആറുമാസത്തേക്ക് പദ്ധതിയിട്ട ബഹിരാകാശ താമസം നീണ്ടത്  തിരിച്ചെത്താനുള്ള പേടകത്തിൽ കൂളന്റ് ലീക്ക് ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ്. റൂബിയോയിലൂടെ ദീർഘനാളത്തെ ബഹിരാകാശ വാസം മനുഷ്യ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കാനും കൂടിയാണ് അവസരം ഒരുങ്ങിയിരിക്കുന്നത്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ യാത്രികർ താമസിച്ചതിനുള്ള റെക്കോർഡ് നിലവിൽ റഷ്യയുടെ പേരിലാണ്. തൊണ്ണൂറുകളുടെ മധ്യത്തിൽ റഷ്യയുടെ ബഹിരാകാശനിലയമായ മിറിലാണ് ആദ്യമായി ഈ റെക്കോർഡ് എത്തിയത്. റഷ്യൻ കോസ്മോനോട്ടായ വലേറി പൊല്യക്കോവാണ് 437 ദിവസത്തോളം ബഹിരാകാശത്ത് താമസിച്ചത്.

1975ൽ കലിഫോർണിയയിൽ ജനിച്ച റൂബിയോ പിന്നീട് യുഎസ് സൈന്യത്തിൽ ചേർന്ന് പൈലറ്റായി. ബോസ്നിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ യുദ്ധമേഖലകളിൽ റുബിയോ എത്തിയിട്ടുണ്ട്. ലഫ്റ്റനന്റ് കേണൽ റാങ്കിലുള്ള റൂബിയോയ്ക്ക്  ആർമി അച്ചീവ്മെന്റ് മെഡൽ, ബ്രോൺസ് സ്റ്റാർ, മെറിറ്റോറിയസ് സർവീസ് മെഡൽ തുടങ്ങിയ മെഡലുകൾ ലഭിച്ചിട്ടുണ്ട്.

അകലം ഇഞ്ചുകൾ മാത്രം, പാഞ്ഞുപോകുന്ന ട്രെയിനിനരികെ യുവതി, വീഡിയോ കണ്ടത് 6.2 മില്ല്യൺ

Asianet News Live
 

click me!